കേരളാടൂറിസം വാട്സാപ്പ് ചാറ്റ്ബോട്ട് ‘മായ’: ഇനി ടൂറിസം വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
തിരുവനന്തപുരം: കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന ടൂറിസം വകുപ്പിന്‍റെ ‘മായ’ വാട്സാപ്പ് ചാറ്റ്ബോട്ട് സേവനത്തിന് തുടക്കമായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയ രാജ്യത്തെ ആദ്യ ചാറ്റ്ബോട്ട് സംവിധാനമാണിത്. ലോകത്തെവിടെയുമുള്ള സഞ്ചാരികള്‍ക്ക് അനായാസം നമ്മുടെ നാടിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും യാത്രാവിവരങ്ങള്‍ ചോദിച്ചറിയാനുമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നൂതന വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ‘മായ’യെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ട്രാവല്‍ ഗൈഡിലൂടെ ടൂറിസത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. 7510512345 എന്ന വാട്സാപ്പ് നമ്പറിലൂടേയും ക്യുആര്‍കോഡ് സ്കാന്‍ ചെയ്തും സേവനം പ്രയോജനപ്പെടുത്താം.
സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ടൂറിസം മേഖലയുടെ വികസനത്തിനായി ആവിഷ്കരിച്ച ചാറ്റ്ബോട്ട് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. സംസ്ഥാനത്തെ ഓരോ പ്രദേശത്തേയും ആകര്‍ഷകമായ ടൂറിസം കേന്ദ്രങ്ങള്‍, സാംസ്കാരിക വൈവിധ്യം, യാത്രാമാര്‍ഗം, തനത് ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിവരങ്ങളാണ് ‘മായ’ പ്രദാനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാരവന്‍ ടൂറിസം പോലെ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഹെലിടൂറിസം, കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ക്രൂയിസ് ടൂറിസം എന്നിവയുടെ സാധ്യത തേടുകയാണ്. പുതിയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനോടൊപ്പം നിലവിലെ ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വം, പരിപാലനം, നടത്തിപ്പ്, സേവനങ്ങള്‍ എന്നിവയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവും താമസിയാതെ നടപ്പിലാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികള്‍ക്ക് യഥാര്‍ത്ഥ വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായുള്ള വകുപ്പിന്‍റെ ഇടപെടലുകളെ ഫലമാണ് ‘മായ’ എന്നും ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ പറഞ്ഞു.
അടിസ്ഥാന വിവരങ്ങള്‍ ലളിതമായി സഞ്ചാരികളുമായി പങ്കുവയ്ക്കുന്നതിന് പുറമേ ഈ ചാറ്റ്ബോട്ട് കേരളത്തിലെ വിവിധ യാത്രാസങ്കേതങ്ങള്‍, വിശേഷങ്ങള്‍, യാത്രാനുഭവങ്ങള്‍, ചരിത്രം, സംസ്കാരം, ഉത്സവങ്ങള്‍, ഇക്കോടൂറിസം എന്നിങ്ങനെ ഓരോ വിശദാംശങ്ങളും സുവ്യക്തമായി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള വിശദാംശങ്ങളും താമസ സൗകര്യങ്ങളുടെ ലഭ്യതയുള്‍പ്പെടെയുള്ള സമഗ്ര വിവരങ്ങളും ഏറ്റവും പുതിയ കോവിഡ് മാര്‍ഗരേഖകളും വരെ സഞ്ചാരികള്‍ക്ക് കൈമാറുന്നു. അകലങ്ങളില്‍ നിന്നും കേരളത്തെ തിരയുന്നവരെ ഫലപ്രദമായി സഹായിക്കുന്ന നമ്മുടെ നാടിന്‍റെ മുഖമായി ‘മായ’ മാറുന്നു.