ആഗോള തലത്തില്‍ ലാഭക്ഷമതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും ദുര്‍ബലം
1 min readഫെബ്രുവരിയിലെ സര്‍വേയില്‍ തൊഴില്‍ നിയമനങ്ങളെ കുറിച്ച് വളര്‍ച്ചാ പ്രതീക്ഷയാണ് പ്രകടമായിരുന്നത് എങ്കില്‍ ജൂണില്‍ എത്തുമ്പോള്‍ നെഗറ്റിവ് വികാരമാണ് പ്രകടമായത്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആഗോളതലത്തില്‍ തന്നെ ഏറ്റവും താഴ്ന്ന തലങ്ങളിലാണെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്‍റെ ഏറ്റവും പുതിയ ഇന്ത്യാ ബിസിനസ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട്. തൊഴില്‍, ഗവേഷണ- വികസന (ആര്‍ & ഡി) പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായുള്ള ചെലവുകള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇന്ത്യന്‍ ബിസിനസുകള്‍ നിലവില്‍ അശുഭാപ്തി വിശ്വാസികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വര്‍ഷത്തില്‍ ഫെബ്രുവരി, ജൂണ്‍, ഒക്റ്റോബര്‍ എന്നീ മാസങ്ങളില്‍ നടത്തുന്ന സര്‍വെയെ അടിസ്ഥാനമാക്കിയാണ് ഐഎച്ച്എസ് മാര്‍ക്കിറ്റ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.
ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തിന്‍റെ കാഴ്ചപ്പാടില്‍ ആശങ്കാകുലരാണ്. ലാഭം കുറയുന്ന കമ്പനികളുടെ അറ്റ ബാലന്‍സ് -5 ശതമാനമാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ഒരു പുരോഗതി പ്രതീക്ഷിക്കുന്നതായി പ്രതികരിക്കുന്നവരുടെ ശതമാനത്തില്‍ നിന്ന് വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ശതമാനം കുറച്ചുകൊണ്ട് ഈ നെറ്റ് ബാലന്‍സ് കണക്കാക്കുന്നത്. ആഗോള തലത്തില്‍ തന്നെ പൂജ്യത്തിന് താഴെയുള്ള നെറ്റ് ബാലന്‍സ് രേഖപ്പെടുത്തിയിട്ടുള്ളത് ഇന്ത്യയില്‍ മാത്രമാണെന്ന് സര്‍വെ റിപ്പോര്‍ട്ട് പറയുന്നു.
മാനുഫാക്ചേര്‍സിംഗ് വിഭാഗത്തിലും സേവന വിഭാഗത്തിലും ഇന്ത്യന്‍ ബിസിനസുകള്‍ക്കിടയില്‍ വലിയ തോതില്‍ അശുഭാപ്തിവിശ്വാസമാണ് നിലവിലുള്ളത്. പുതിയ കോവിഡ് തരംഗങ്ങള്‍, വൈറസിന്‍റെ പരിവര്‍ത്തനം, ഭാഗിക ലോക്ക്ഡൗണുകള്‍, അസംസ്കൃത വസ്തുക്കളുടെ ആഗോള ക്ഷാമം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ബിസിനസ്സ് ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫെബ്രുവരിയിലെ സര്‍വേയില്‍ തൊഴില്‍ നിയമനങ്ങളെ കുറിച്ച് വളര്‍ച്ചാ പ്രതീക്ഷയാണ് പ്രകടമായിരുന്നത് എങ്കില്‍ ജൂണില്‍ എത്തുമ്പോള്‍ നെഗറ്റിവ് വികാരമാണ് പ്രകടമായത്. -6 ശതമാനം നെറ്റ് ബാലന്‍സാണ് കമ്പനികളുടെ തൊഴില്‍ നിയമനങ്ങള്‍ സംബന്ധിച്ച് രേഖപ്പെടുത്തിയത്. അതായത് നിയമനങ്ങള്‍ക്ക് ഒരുങ്ങുന്ന കമ്പനികളുടെ ശതമാനത്തേക്കാള്‍ കൂടുതലാണ് തൊഴില്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്ന കമ്പനികള്‍. ദുര്‍ബലമായ ആവശ്യകതയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദഗതിയിലുള്ള വീണ്ടെടുപ്പുമാണ് ഇതിന് കാരണം.
2020 ജൂണില്‍, ആദ്യ തരംഗത്തിന്‍റെ ഘട്ടത്തില്‍ രേഖപ്പെടുത്തിയ -23 ശതമാനത്തേക്കാള്‍ മെച്ചപ്പെട്ടതാണ് ഇക്കഴിഞ്ഞ ജൂണിലെ സാഹചര്യം. എന്നാല്‍ , അത് ആശ്വാസം നല്‍കുന്ന ഒന്നല്ലെന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ജൂണ്‍ മാസത്തില്‍ മൂലധനച്ചെലവിടല്‍ സംബന്ധിച്ച ആത്മവിശ്വാസം നേരിയ തോതില്‍ പോസിറ്റീവ് ആയിരുന്നെങ്കിലും, അടുത്ത വര്‍ഷം ഗവേഷണ-വികസന ചെലവുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ ഉദ്ദേശിക്കുന്നു. ഗവേഷണ-വികസന ചെലവുകളുടെ മൊത്തം ബാലന്‍സ് ഒരു വര്‍ഷത്തില്‍ ആദ്യമായി ജൂണ്‍ മാസത്തില്‍ പൂജ്യത്തിന് താഴെയായിരുന്നു, -5 ശതമാനം. ഇക്കാര്യത്തില്‍ വളര്‍ന്നുവരുന്ന വിപണികളുടെ മൊത്തം ശരാശരി + 7 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ ആഗോള ശരാശരി + 8 ശതമാനമാണ്.
സേവന ദാതാക്കളുടെ ശുഭാപ്തി വിശ്വാസം മാനുഫാക്ചറിംഗ് സ്ഥാപനങ്ങളേക്കാള്‍ കുറവാണെന്നാണ് സര്‍വെ വിലയിരുത്തുന്നത്. വാക്സിനേഷന്‍റെ വേഗത വര്‍ദ്ധിപ്പിക്കുന്നത് ഈ ബിസിനസ്സ് വികാരത്തെ മാറ്റാന്‍ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യയും വിതരണത്തിന്‍റെ പരിമിതികളും കണക്കിലെടുക്കുമ്പോള്‍ ഇത് വെല്ലുവിളി നിറഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം, നോമുറ ഇന്ത്യ ബിസിനസ് റിസംപ്ഷന്‍ ഇന്‍ഡക്സ് ജൂലൈ 11 ന് അവസാനിച്ച ആഴ്ചയില്‍ 95.7 ശതമാനമായി ഉയര്‍ന്നു. സൂചിക ഇപ്പോള്‍ പ്രീ-പാന്‍ഡെമിക് ലെവലിനേക്കാള്‍ 4.3 ശതമാനം പോയിന്‍റുകള്‍ മാത്രമാണ് താഴെയുള്ളത്. രണ്ടാം തരംഗം തുടങ്ങുന്നതിനു മുന്‍പുള്ള തലത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്.