പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; രാജസ്ഥാനില്‍ ബിജെപി കര്‍ശന നടപടിക്ക് ഒരുങ്ങുന്നു
1 min readന്യൂഡെല്‍ഹി: രാജസ്ഥാനില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പരസ്യമായി കലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനയൂണിറ്റ് ഒരു ഉള്‍പാര്‍ട്ടി ശുദ്ധികലശത്തിന് ഒരുങ്ങുന്നത്. രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ കഴിഞ്ഞയാഴ്ച കേന്ദ്രനേതാക്കളുമായി ചര്‍ച്ചയ്ക്ക് ഡെല്‍ഹിയില്‍ എത്തിയിരുന്നു.അദ്ദേഹം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, രാജസ്ഥാന്‍റെ ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ച് സതീഷ് പൂനിയ നേതാക്കളെ അറിയിച്ചതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി അടുപ്പമുള്ള മുന്‍ മന്ത്രി രോഹിതാശ്വ കുമാര്‍ ശര്‍മയ്ക്ക് സംസ്ഥാന ബിജെപി യൂണിറ്റ് നോട്ടീസ് നല്‍കിയിരുന്നു. അതിനുശേഷമായിരുന്നു പൂനിയയുടെ ഡെല്‍ഹി സന്ദര്‍ശനം.
കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കേന്ദ്ര ബിജെപി നേതാക്കള്‍ തന്‍റെ ജില്ല സന്ദര്‍ശിച്ചില്ലെന്ന് ശര്‍മ ആരോപിച്ചിരുന്നു. ഈ പ്രസ്താവന സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് പ്രകടമാക്കുന്നതായിരുന്നു. സംസ്ഥാന ബിജെപി യൂണിറ്റ് കസേര രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെഭാഷയായിരുന്നു ശര്‍മയ്ക്ക്. ഈ വര്‍ഷം ആദ്യം നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ നഷ്ടത്തിന് ബിജെപി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനത്തെ അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സംസ്ഥാന നേതാവിനും രാജെയുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ശര്‍മ തന്‍റെ പ്രസ്താവനയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് പങ്കുവെച്ചതെന്നും യോഗത്തിന്‍റെ ഓഡിയോ ചോര്‍ന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശര്‍മ പറയുന്നു. ആരോപണങ്ങള്‍ ഒന്നും തന്നെ പൊതുവേദികളിലായിരുന്നില്ല എന്നതാണ് ഈ അഭിപ്രായത്തിലേക്ക് അദ്ദേഹം എത്താന്‍ കാരണം.
ശര്‍മയ്ക്ക് നോട്ടീസ് ലഭിച്ചയുടനെ പൂനിയ 22 വര്‍ഷം മുമ്പ് സംസ്ഥാന ബിജെപി യൂണിറ്റിനെ വിമര്‍ശിച്ച് എഴുതിയ കത്ത്-1999 ല്‍ അന്നത്തെ പാര്‍ട്ടി പ്രസിഡന്‍റ് ഗുലാബ് ചന്ദ് കതാരിയയ്ക്ക് അയച്ചത്-വൈറലായി. ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തുന്നതായി ചില ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില ബിജെപി അംഗങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതായും അവര്‍ അവകാശപ്പെട്ടു. ഈ വര്‍ഷം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏതാനും ബിജെപി നേതാക്കള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി വാര്‍ത്തകളുമുണ്ടായിരുന്നു. അതേസമയം, ബിജെപി മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാണിക്കേണ്ടത് പ്രധാനമാണെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഈ നേതാക്കളില്‍ “മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, നിലവിലെ എംഎല്‍എ” തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഒരു ഗ്രീന്‍ സിഗ്നല്‍ ആവശ്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും സംസ്ഥാന യൂണിറ്റ് നിരീക്ഷിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് സാധാരണ പ്രവര്‍ത്തകരെ കൂടുതല്‍ ധൈര്യപ്പെടുത്തിയതായും പറയുന്നു. ഇതിന്‍റെ ഭാഗമായിരുന്നു പൂനിയയുടെ ഡെല്‍ഹി സന്ദര്‍ശനം. നിലവിലെ സാഹചര്യത്തെക്കുറിച്ച് അവരെ അറിയിക്കുകയും എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് കേന്ദ്ര നേതൃത്വത്തിന്‍റെ താല്‍പ്പര്യം അറിയേണ്ടതും പ്രധാനമായിരുന്നുവെന്ന് സംസ്ഥാനനേതാക്കള്‍ പറയുന്നു.
സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര നേതൃത്വത്തെ സന്ദര്‍ശിച്ചതായാണ് പൂനിയ പ്രതികരിച്ചിട്ടുള്ളത്. “കേന്ദ്ര നേതൃത്വം എന്നെ വിളിച്ചിരുന്നില്ല. സംഘടനാ വിഷയങ്ങള്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഡെല്‍ഹിയില്‍ എത്തുകയായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഗെലോട്ട് സര്‍ക്കാര്‍ എങ്ങനെയാണ് എല്ലാ വശങ്ങളിലും വീഴ്ച വരുത്തുന്നതെന്നും ഞാന്‍ അവരെ അറിയിച്ചു, “അദ്ദേഹം പറഞ്ഞു. ബിജെപിയെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസം ബിജെപി രാജസ്ഥാന്‍ ചുമതലയുള്ള അരുണ്‍ സിംഗ് പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതിുകൊണ്ട് പ്രയോജനം ഉണ്ടായില്ല. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നത്. ‘അത്തരം നേതാക്കളുടെ പട്ടിക തയ്യാറാക്കാന്‍ ഞാന്‍ സംസ്ഥാന നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. തെറ്റുകള്‍ ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തും, അവര്‍ എന്നിട്ടും പാര്‍ട്ടിവിരുദ്ധതിലേക്ക് നീങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും, “ജൂണ്‍ 23 ന് പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം വിശദീകരിച്ചിരുന്നു.
മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളായ സഹദ, സുജംഗാട്, രാജ്സമന്ദ് എന്നിവയുടെ ഫലങ്ങള്‍ മെയ് 2 നാണ് പ്രഖ്യാപിച്ചത്. ആദ്യ രണ്ട് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് ബിജെപി നേടിയത്. “പാര്‍ട്ടിക്ക് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമായിരുന്നു, എന്നാല്‍ ബിജെപിയുടെ പരാജയത്തില്‍ നമ്മുടെ സ്വന്തം നേതാക്കള്‍ നിര്‍ണായക പങ്ക് വഹിച്ചു”, ഒരു സംസ്ഥാന നേതാവ് പറഞ്ഞു. വിവേചനരഹിതമായ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈ ഘട്ടത്തില്‍ നടപടിയെടുക്കേണ്ടത് പ്രധാനമാണ്. ഈ നേതാക്കളില്‍ ചിലര്‍ രാജെ ക്യാമ്പില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത് 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ്. അന്ന് ബിജെപി പരാജയപ്പെട്ടു, തുടര്‍ന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇത് കേന്ദ്രതലത്തില്‍ പോലും അസ്വസ്ഥതയുണ്ടാക്കിയതായിരുന്നു. പരാജയ കാരണം ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് എന്നതാണ് വസ്തുത.
2018 വരെ മുഖ്യമന്ത്രിയെന്ന നിലയില്‍ വസുന്ധര രാജെയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അവര്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒരുവിഭാഗമുണ്ടാക്കി എതിര്‍ചേരിയില്‍ നിലയുറപ്പിച്ചു. പാര്‍ടി വൈസ് പ്രസിഡന്‍റ് കൂടിയായ രാജെ, കോവിഡ് ക്ഷേമ സംരംഭങ്ങള്‍ ഉള്‍പ്പെടെ ഒരു ‘സമാന്തര സംവിധാനം’ നടത്താന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാന യൂണിറ്റിലെ പലരും അവകാശപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ മിക്ക മീറ്റിംഗുകളിലും പങ്കെടുക്കുന്നത് രാജെ തന്നെ നിര്‍ത്തി. പാര്‍ട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടില്ല. ജനുവരിയില്‍, അവരുടെ അനുയായികള്‍ ‘വസുന്ധര രാജെ സമര്‍ത്ഥക് മഞ്ച് രാജസ്ഥാന്‍’ രൂപീകരിച്ചു, 2023 ലെ തിരഞ്ഞെടുപ്പില്‍ രാജെയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി മുഖമായി പ്രഖ്യാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.