കോവിഷീല്‍ഡിന് യൂറോപ്പില്‍ അംഗീകാരമില്ല: ഉടന്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പൂനാവാല
1 min readഉന്നതതലങ്ങളില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ട്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 വാക്‌സിനായ കോവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വാക്‌സിന്‍ പാസ്‌പോര്‍ട്ട് പദ്ധതിയില്‍ ഇടം നേടാത്തത്തില്‍ പ്രതികരണവുമായി കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ പൂണൈയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി അഡാര്‍ പൂനാവാല. കോവിഷീല്‍ഡ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നതെന്നും പൂനാവാല ട്വിറ്ററിലൂടെ അറിയിച്ചു. നയതന്ത്ര, റെഗുലേറ്റര്‍ മേഖലകളിലെ ഉന്നതതലങ്ങളില്‍ വിഷയം അവതരിപ്പിച്ചതായും പൂനാവാല വ്യക്തമാക്കി. അസ്ട്രാസെനകയും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ്.
കോവിഷീല്‍ഡ് വാക്‌സിനെടുത്ത നിരവധി ഇന്ത്യക്കാര്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി മനസിലാക്കുന്നു. ഉന്നതതലത്തില്‍ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും വളരെ പെട്ടന്ന് തന്നെ റെഗുലേറ്റര്‍, നയതന്ത്ര തലങ്ങളിലടക്കം വിഷയം പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും എല്ലാര്‍ക്കും ഉറപ്പ് തരികയാണ് പൂനാവാല പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ മെഡിക്കല്‍ റെഗുലേറ്ററി സമിതിയായ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അസ്ട്രസെനക വാക്‌സ്‌സെര്‍വ്രിയ എന്ന പേരില്‍ യൂറോപ്പില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വാക്‌സിന്‍ അടക്കം നാല് കോവിഡ്-19 വാക്‌സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ അസ്ട്രാസെനകയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിട്ടില്ല. പകര്‍ച്ചവ്യാധിക്കാലത്ത് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് സുരക്ഷിത, സ്വതന്ത്ര സഞ്ചാരത്തിന് സൗകര്യമൊരുക്കുന്നതിനായി ജൂലൈ ഒന്ന് മുതല്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അവതരിപ്പിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ പദ്ധതി. യാത്രക്കാര്‍ ഒന്നുകില്‍ കോവിഡ്-19 വാക്‌സിന്‍ എടുത്തിരിക്കണം അല്ലെങ്കില്‍ നെഗറ്റീവ് ആണെന്നോ രോഗമുക്തരാണെന്നോ തെളിയിക്കുന്ന രേഖ കൈവശം വെച്ചിരിക്കണം എന്നതാണ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉദ്യമത്തിലൂടെ യൂറോപ്പ് ലക്ഷ്യമിടുന്നത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വിലക്കുകളില്ലാത്ത സഞ്ചാരം സാധ്യമാകുന്നതിന് വിദേശ രാജ്യങ്ങളിലുള്ളവര്‍ ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ഏതെങ്കിലുമൊന്ന് കരുതിയിരിക്കണം. ഇവിടങ്ങളിലെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനുള്ളില്‍ നിയന്ത്രണങ്ങളില്ലാത്ത സഞ്ചാരം സാധ്യമല്ല. ഇവര്‍ ഒന്നുകില്‍ യൂറോപ്പില്‍ എത്തിയതിന് ശേഷം ക്വാറന്റീനില്‍ കഴിയുകയോ അല്ലെങ്കില്‍ ഓരോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന മറ്റ് മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിക്കുകയോ വേണം.