കോവിഡ് വാക്‌സിനേഷന്‍:അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്ത രാജ്യമാണ് ഇന്ത്യ
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മറ്റൊരു പ്രധാന നേട്ടവുമായി ഇന്ത്യ. രാജ്യത്ത് ഇതുവരെ നല്‍കിയ മൊത്തം വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കിയ ആറ് രാഷ്ട്രങ്ങളില്‍ ഒന്നാമതാണ് ഇപ്പോള്‍ ഇന്ത്യ.
ഇന്ത്യയില്‍ ഇതുവരെ 32,36,63,297 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയത്. അതേസമയം അമേരിക്കയില്‍ 32,33,27,328 പേര്‍ കോവിഡ് വാക്‌സിനെടുത്തു. എന്നാല്‍ അമേരിക്കയില്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച് (ഡിസംബര്‍ 14) ഒരു മാസം പിന്നിട്ടതിന് ശേഷമാണ് ഇന്ത്യ വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ചത് (ജനുവരി 16). ഇന്ത്യയുടെ മൊത്തത്തിലുള്ള വാക്‌സിനേഷന്‍ കവറേജ് ഞായറാഴ്ച 32.36 കോടി പിന്നിട്ടു.
ആഗോള വാക്‌സിന്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് പ്രകാരം പൗരന്മാക്ക് പരമാവധി വാക്‌സിനുകള്‍ ലഭ്യമാക്കിയ രാഷ്ട്രങ്ങള്‍ ഇന്ത്യ, അമേരിക്ക, യുകെ (7,67,74,990), ജര്‍മ്മനി (7,14,37,514),ഫ്രാന്‍സ് (5,24,57,288), ഇറ്റലി (4,96,50,721) എന്നിവയാണ്. മറ്റ് അഞ്ച് രാഷ്ട്രങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ച് ഒരു മാസം പിന്നിട്ടതിന് ശേഷമാണ് ഇന്ത്യ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഈ രാഷ്ട്രങ്ങളില്‍ ഏറ്റവുമാദ്യം വാക്‌സിനേഷന്‍ ആരംഭിച്ചത് യുകെ ആണ്. ഡിസംബര്‍ എട്ടിനാണ് യുകെയില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. പിന്നീട് അമേരിയും ഡിസംബര്‍ 27ന് ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും വാക്‌സിനേഷന്‍ ആരംഭിച്ചു.