ട്രംപ് സ്ഥാനമൊഴിയുന്നത് താഴ്ന്ന റേറ്റിംഗുമായി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയതിനുശേഷമുള്ള ഏറ്റവും താഴ്ന്ന റേറ്റിംഗുമായി. പുതിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വേഫലത്തില്‍ ട്രംപ് പ്രസിഡന്റായി ചെയ്യുന്ന ജോലിയെ അംഗീകരിക്കുന്നത് 34ശതമാനം പേരാണ്. ഇത് അദ്ദേഹം 2017 ജനുവരി 20 ന് അധികാരമേറ്റതിനുശേഷം ഏറ്റവും കുറഞ്ഞ റേറ്റിംഗാണ്. നേരത്തെ 41ശതമാനം പേരുടെ അംഗീകാരമാണ് ട്രംപിനുണ്ടായിരുന്നത്. എന്നാല്‍ ഇത് മറ്റ് അമേരിക്കന്‍ പ്രസിഡന്റുമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. 1938 ല്‍ അഭിപ്രായ സര്‍വേവഴി പ്രസിഡന്റിന്റെ തൊഴില്‍ അംഗീകാരം വിലയിരുത്താന്‍ തുടങ്ങിയതിനുശേഷം തന്റെ ഭരണത്തിന്റെ ഏത് ഘട്ടത്തിലും 50 ശതമാനം അംഗീകാരം ലഭിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരുന്നു ട്രംപ്. എന്നാല്‍ തന്റെ ടേമിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിനു നല്‍കിയത്. അതുവഴി അദേദഹത്തിന്റെ ജനപ്രീതിയും ഇടിഞ്ഞു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ എതിരാളിക്ക് ഉജ്വല വിജയം നേടാനായത് ട്രംപ് എതിരാളി ആയിരുന്നതിനാലാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
പ്രസിഡന്റുപദത്തില്‍ ട്രംപിന്റെ അവസാന മണിക്കൂറുകളാണ് ഇപ്പോള്‍. 20ന് പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേല്‍ക്കും. ബൈഡന്റെ വിജയത്തെ അംഗീകരിക്കാതിരുന്ന ട്രംപ് അവസാന ദിവസങ്ങളില്‍ പ്രകോപനപരമായ പല നടപടികളും കൈക്കൊണ്ടിരുന്നു. അന്ന് ട്രംപ് തന്റെ അനുയായികളെ അഭിസംബോധന ചെയ്തപ്പോള്‍ 2020 ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ജനുവരി 6 ന് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറി. ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കുന്നതിനായി ജനപ്രതിനിധിസഭ യോഗം ചേര്‍ന്നവേളയിലാണ് അതിക്രമമുണ്ടായത്്. കലാപത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.ലോകത്തിനുമുന്നില്‍ യഎസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്. തുടര്‍ന്ന് ട്രംപിന്റെ അവസാനദിനങ്ങളില്‍ വലിയ കലാപത്തിനും അദ്ദേഹം സാക്ഷിയായി. ജോ ബൈഡന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് യുഎസില്‍ ഏജന്‍സികള്‍ ഒരുക്കിയിട്ടുള്ളത്. ട്രംപ് അനുകൂലികളുടെ പ്രതിഷേധങ്ങള്‍ തടയാനുള്ള നടപടി എന്നരീതിയിലാണ് കാര്യങ്ങളുടെ ക്രമീകരണം. വാഷിംഗ്ടണ്‍ ഡി.സിയില്‍ വന്‍ സേനാ വിന്യാസം തന്നെയുണ്ട്.