മത്സരക്ഷമത: യുഎഇ സമ്പദ് വ്യവസ്ഥ ആഗോളതലത്തില്‍ ഒമ്പതാംസ്ഥാനം നിലനിര്‍ത്തി
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്(ഐഎംഡി) തയ്യാറാക്കിയ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക് അറബ് രാജ്യമാണ് യുഎഇ.
ദുബായ്: പകര്‍ച്ചവ്യാധി മൂലമുള്ള പ്രതിസന്ധികള്‍ക്കിടയിലും മത്സരക്ഷമതയില്‍ ലോകത്തിലെ ഒമ്പതാമത്തെ മികച്ച രാജ്യമെന്ന നേട്ടം തുടര്‍ച്ചയായ രണ്ടാംവര്‍ഷവും യുഎഇ നിലനിര്‍ത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്(ഐഎംഡി) തയ്യാറാക്കിയ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക് അറബ് രാജ്യമാണ് യുഎഇ. സാമ്പത്തിക പ്രകടനം, ഭരണകൂടത്തിന്റെ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഐഎംഡി 64 രാജ്യങ്ങളുടെ സാമ്പത്തിക സമൃദ്ധിയും മത്സരക്ഷമതയും കണക്കാക്കിയത്. മാത്രമല്ല, ഓരോ രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയും പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചിരുന്നു.
ഈ വര്‍ഷത്തെ റാങ്കിംഗില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാംസ്ഥാനത്തെത്തി. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍.
വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗകര്യം, സൈബര്‍ സെക്യൂരിറ്റി, ഭാഷാ പ്രാവീണ്യം, ആരോഗ്യ അടിസ്ഥാനസൗകര്യം, സംരംഭകത്വം , ആഗോളവല്‍ക്കരണത്തോടുള്ള കാഴചപ്പാട് തുടങ്ങി റിപ്പോര്‍ട്ടിലെ 40 പ്രധാന, ഉപ സൂചികകളിലും യുഎഇ ആദ്യ പത്തില്‍ ഇടം നേടി. നേട്ടത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന് റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ സന്തോഷം പ്രകടിപ്പിച്ചു. വികസന അജണ്ടകളുമായി യുഎഇ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
പകര്‍ച്ചവ്യാധിയുടെ അനന്തരഫലമായി പട്ടികയില്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ പ്രകടമായതായും രാജ്യങ്ങളുടെ പ്രകടന സൂചികകളെ സംബന്ധിച്ച നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും ഐഎംഡി പറഞ്ഞു. പകര്‍ച്ചവ്യാധി ആരംഭിച്ചത് മുതല്‍ സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥ,, ശക്തവും കാര്യക്ഷമവുമായ നയങ്ങള്‍ എന്നിവ മൂലമാണ് യുഎഇക്ക് പത്താംസ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നും ഐഎംഡി കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധി മൂലമുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും യുഎഇ കരകയറി വരികയാണ്. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 388 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതികളാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടത്. വിരമിച്ച പ്രവാസികള്‍ക്കായുള്ള വിസ പദ്ധതി, പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം എന്നിവ വിദേശീയരെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം പദ്ധതികള്‍ കൂടുതല്‍ നിക്ഷേപകരെയും യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അടിസ്ഥാനസൗകര്യ മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളുടെയും പുത്തന്‍ സാങ്കേതികവിദ്യയെ പുണരുന്ന നയങ്ങളും പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെട്ട് കഴിയാനും അതുമൂലമുള്ള ആഘാതങ്ങള്‍ കുറയ്ക്കാനും യുഎഇയെ സഹായിച്ചു.
ഈ വര്‍ഷം യുഎഇ സമ്പദ് വ്യവസ്ഥ 2.5 ശതമാനം സാമ്പത്തിക വളര്‍ച്ചയും എണ്ണയിതര സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളര്‍ച്ചയും നേടുമെന്നാണ് യുഎഇ കേന്ദ്രബാങ്കിന്റെ അനുമാനം. 2022ല്‍ യുഎഇ സമ്പദ് വ്യവസ്ഥ 3.5 ശതമാനവും എണ്ണയിതര സമ്പദ് വ്യവസ്ഥ 3.9 ശതമാനം വളര്‍ച്ച നേടുമെന്നും കേന്ദ്രബാങ്ക് പ്രവചിക്കുന്നു. 2031ഓടെ യുഎഇ സമ്പദ് വ്യവസ്ഥയുടെ വലുപ്പം 3 ട്രില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തൗഖ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
പശ്ചിമേഷ്യയില്‍ നിന്നും ഖത്തര്‍ (17ാം സ്ഥാനം), സൗദി അറേബ്യ (32ാംസ്ഥാനം), ജോര്‍ദാന്‍ (49ാം സ്ഥാനം) എന്നീ രാജ്യങ്ങളും ഐഎംഡി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്നവേഷന്‍ രംഗത്തെ നിക്ഷേപം, വൈവിധ്യാത്മകമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, മികച്ച സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയുള്ള രാജ്യങ്ങളെയാണ് ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളായി ഐഎംഡി പട്ടികപ്പെടുത്തിയിരിക്കുന്നത്. പകര്‍ച്ചവ്യാധിക്ക് മുമ്പ് ഊ മേഖലകളില്‍ നേട്ടമുണ്ടാക്കിയ സമ്പദ് വ്യവസ്ഥകള്‍ പകര്‍ച്ചവ്യാധി മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും കൂടുതല്‍ എളുപ്പത്തില്‍ തരണം ചെയ്തതായി ഐഎംഡി പറഞ്ഞു.
പട്ടികയില്‍ ഒന്നാംസ്ഥാനം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞ വര്‍ഷം സാമ്പത്തിക പ്രകടനത്തില്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്, പ്രത്യേകിച്ച് അന്താരാഷ്ട്ര നിക്ഷേപം, തൊഴില്‍ലഭ്യത എന്നീ മേഖലകളില്‍. മുന്‍ പട്ടികയില്‍ ആറാംസ്ഥാനത്തു്ണ്ടായിരുന്ന സ്വീഡന്‍ സാമ്പത്തിക പ്രകടനം, തൊഴില്‍ നിയമനം, സര്‍ക്കാരിന്റെ കാര്യക്ഷമത എന്നീ മേഖലകളില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയാണ് ഇത്തവണ രണ്ടാംസ്ഥാനത്തെത്തിയത്. അതേസമയം സര്‍ക്കാരിന്റെ കാര്യക്ഷമയിലുള്ള ഇടിവ് മൂലം ഡെന്‍മാര്‍ക്ക് ഒരു സ്ഥാനം താഴേക്ക് പോയി മൂന്നാംസ്ഥാനത്തെത്തി.