മേയിലെ റീട്ടെയില്‍ വില്‍പ്പന പ്രീ-കോവിഡ് കാലത്തില്‍ നിന്ന് 79% ഇടിവ്
1 min readഭക്ഷണം, പലചരക്ക് വിഭാഗങ്ങള്‍ താരതമ്യേന മികച്ച പ്രകടനം നടത്തി
ന്യൂഡെല്‍ഹി: കോവിഡ് 19ന് മുന്‍പുള്ള, 2019 മേയ് കാലയളവില്‍ രേഖപ്പെടുത്തിയ വില്‍പ്പനയില്‍ നിന്ന് 79 ശതമാനം കുറവാണ് ഇക്കഴിഞ്ഞ മേയിലെ റീട്ടെയ്ല്‍ വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (റായ്) നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കോവിഡ് -19 ന്‍റെ രണ്ടാം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകളാണ് ഇതിന് പ്രധാന കാരണം. 2020 മേയില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്നു.
വില്‍പ്പനയില്‍ 34 ശതമാനം ഇടിവുണ്ടായ ഭക്ഷണം, പലചരക്ക് തുടങ്ങിയ വിഭാഗങ്ങളാണ് കഴിഞ്ഞ മാസം താരതമ്യേന മികച്ച പ്രകടനം നടത്തിയത്. പാദരക്ഷകള്‍ (86 ശതമാനം), സൗന്ദര്യം, ക്ഷേമം, വ്യക്തിഗത പരിചരണം (87 ശതമാനം), സ്പോര്‍ട്സ് ഗുഡ്സ് (80 ശതമാനം) തുടങ്ങിയ വിഭാഗങ്ങള്‍ 2019 മേയുമായുള്ള താരതമ്യത്തില്‍ കനത്ത ഇടിവ് വില്‍പ്പനയില്‍ നേരിട്ടു.
എല്ലാ മേഖലയിലെ വ്യാപാരികളും വില്‍പ്പനയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 73 ശതമാനം ഇടിവുണ്ടായെന്നാണ് നിരീക്ഷണം. കിഴക്കന്‍ മേഖല 75 ശതമാനവും പടിഞ്ഞാറന്‍, വടക്കന്‍ പ്രദേശങ്ങള്‍ 83 ശതമാനവും ഇടിവ് വില്‍പ്പനയില്‍ രേഖപ്പെടുത്തി. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ എല്ലാ തരത്തിലുമുള്ള ചില്ലറവ്യാപാരങ്ങളും നിയന്ത്രണങ്ങളോടെ തുറക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
“ക്രമേണ അണ്‍ലോക്ക് ചെയ്യുന്നതിലൂടെ ചില്ലറ വ്യാപാരികള്‍ ജൂണ്‍ മാസത്തില്‍ പുരോഗതി പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, റീട്ടെയില്‍ വ്യവസായത്തിന് കൂട്ടായ പിന്തുണ ആവശ്യമാണ് ഇന്നത്തെ അവസ്ഥയെ മറികടക്കാന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായം ഉണ്ടാകണം,’ റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (റായ്) സിഇഒ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു: