ഹെറോണ്‍ ടിപി ഡ്രോണുകള്‍ ഇന്ത്യ വാടകയ്ക്ക് എടുക്കുന്നു
1 min readചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കും
ന്യൂഡെല്‍ഹി: ഇന്ത്യന്‍ സേന ഹെറോണ്‍ ടിപി ഡ്രോണുകള്‍ ഇസ്രയേലില്‍ നിന്ന് ഉടന്‍ വാടകക്കെടുക്കും. ഇത് ദീര്‍ഘകാല നിരീക്ഷണ ദൗത്യങ്ങള്‍ക്കായി ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹെറോണ്‍ ടിപി ഡ്രോണുകള്‍ റാഫേല്‍ യുദ്ധവിമാനത്തിന്‍റെ നീളമുള്ളവയാണ് (14മീറ്റര്‍). ചിറകിന്‍റെ നീളം ഫ്രഞ്ച് വിമാനത്തിന്‍റെ ഇരട്ടിയാണ്.
ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ആണ് ഈ ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്. ഏതുകാലാവസ്ഥയിലും തന്ത്രപരമായ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡുറന്‍സ് ആളില്ലാ ഏരിയല്‍ സിസ്റ്റം (യുഎഎസ്) ആണ് ഇത്. ഹെറോണ്‍ ടിപി ഡ്രോണുകള്‍ ആവശ്യമെങ്കില്‍ ആയുധമെടുക്കാന്‍ പ്രാപ്തിയുള്ളവയാണെങ്കിലും, ഇന്ത്യ പാട്ടത്തിനെടുക്കുന്നത് ആയുധേതര പതിപ്പുകളാണെന്നാണ് അറിയുന്നത്.
ആദ്യത്തെ രണ്ട് ഡ്രോണുകള്‍ ഉടന്‍ എത്തും. അടുത്തത് രണ്ടും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വിതരണം ചെയ്യും. ഈ വര്‍ഷമാദ്യമാണ് ഇതുസബന്ധിച്ച പാട്ടക്കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. രണ്ടുവര്‍ഷം കൂടി കരാര്‍ നീട്ടാവുന്നതുമാണ്. എന്നാല്‍ ഇതിന്‍റെ ചെലവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രതിരോധ ഏറ്റെടുക്കല്‍ നടപടിക്രമത്തിന്‍റെ ഏറ്റവും പുതിയ പതിപ്പിനുശേഷം ഇന്ത്യന്‍ സൈന്യം സൈനിക ഉപകരണങ്ങള്‍ പാട്ടത്തിന് എടുക്കുന്നത് ഇതാദ്യമാണ്. ഈ നയപ്രകാരം ആയുധരഹിതമായ രണ്ട് ജനറല്‍ ആറ്റോമിക്സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ് എംക്യു -9 ബി സീ ഗാര്‍ഡിയന്‍ യുഎവികള്‍ നാവികസേന ഇതിനകം പാട്ടത്തിന് എടുത്തിട്ടുണ്ട്. എന്നാല്‍ ഇസ്രയേലി ഹെറോണ്‍ ടിപി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും വിലകുറഞ്ഞതാണെന്നും പ്രതിരോധ സ്ഥാപന വൃത്തങ്ങള്‍ അറിയിച്ചു.കരസേനയും ഇന്ത്യന്‍ വ്യോമസേനയും മുന്‍ തലമുറ ഹെറോണ്‍, സെര്‍ച്ചര്‍ 2 ഡ്രോണുകളുമാണ് ഉപയോഗിക്കുന്നത്. ഹെറോണ്‍ ടിപിയ്ക്ക് മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ കഴിവുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
“ഹെറോണ്‍ ടിപി വളരെ വലുതാണ്. വലിയ ചിറകുള്ളതിനാല്‍ വലിപ്പമുള്ള അച32 വിമാനംപോലെ ഇത് കാണപ്പെടുന്നു. പരമാവധി പേലോഡ് ഭാരം 2,700 കിലോഗ്രാം ആണ്. മുന്‍ തലമുറയ്ക്ക് ഈ ശേഷിയുടെ പകുതിയില്‍ താഴെയാണ് ഉള്ളത്, “വിദഗ്ധര്‍ പറയുന്നു. വളരെ മണിക്കൂറുകള്‍ പറക്കാവുന്ന ഇവയുടെ ദൂരപരിധി ആയിരം കിലേമീറ്ററാണ്. ഓട്ടോമാറ്റിക് ടാക്സി-ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (എടിഒഎല്‍), വിപുലീകൃത സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, മികച്ച ഏവിയോണിക്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുന്‍ തലമുറയിലെ 90 ഹെറോണുകളെ നവീകരികകുന്നതിനും അതിന് ആയുധപ്രഹരശേഷി നല്‍കുന്നതിനും സായുധസേന ഇസ്രയേലുമായി ചര്‍ച്ച നടത്തുന്നുണ്ട്. 90 എണ്ണത്തില്‍ 75 എണ്ണം വ്യോമസേനയാണ് ഉപയോഗിക്കുന്നത്.