2020-21 ല്‍ ബാങ്ക് തട്ടിപ്പുകളില്‍ ഒരു വര്‍ഷത്തിനിടെ 25% ഇടിവ്: ആര്‍ബിഐ റിപ്പോര്‍ട്ട്
1 min read100 കോടിയിലധികം രൂപയുടെ വലിയ മൂല്യമുള്ള തട്ടിപ്പുകള്‍ക്ക്, റിപ്പോര്‍ട്ടിംഗിലെ കാലതാമസം 57 മാസമായിരുന്നു
ന്യൂഡെല്‍ഹി: 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷാവസാനം ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പുകളുടെ മൊത്തം മൂല്യം 25 ശതമാനം ഇടിഞ്ഞ് 1.38 ലക്ഷം കോടി രൂപയായെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ തട്ടിപ്പുകള്‍ 1.85 ലക്ഷം കോടി രൂപയുടേതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ എണ്ണം 15 ശതമാനം കുറഞ്ഞ് 7363 ആയെന്നും കേന്ദ്ര ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തട്ടിപ്പുകളുടെ മൊത്തം മൂല്യത്തിന്‍റെ 59 ശതമാനത്തിലധികം പൊതുമേഖലാ ബാങ്കുകളിലാണ്. മൊത്തം 81,901 കോടി രൂപയുടെ തട്ടിപ്പുകളാണ് പൊതുമേഖലാ ബാങ്കുകളില്‍ നടന്നത്. സ്വകാര്യമേഖല ബാങ്കുകള്‍ 33 ശതമാനം സംഭാവന തട്ടിപ്പുകളില്‍ നല്‍കി. 46,335 കോടി രൂപയാണ് ഈ വിഭാഗത്തിലെ തട്ടിപ്പുകളുടെ മൊത്തം മൂല്യം. ബാങ്കിംഗ് മേഖലയിലെ മറ്റ് സ്ഥാപനങ്ങളിലാണ് മറ്റ് തട്ടിപ്പുകള്‍ നടന്നത്.
“വായ്പാ പോര്‍ട്ട്ഫോളിയോയിലാണ് പ്രധാനമായും തട്ടിപ്പുകള്‍ നടക്കുന്നത്. എണ്ണത്തിലും മൂല്യത്തിലും ഈ വിഭാഗമാണ് മുന്നില്‍” റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 21 വരെയുള്ള അഡ്വാന്‍സ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് അതേപടി തുടരുകയാണെങ്കിലും, അഡ്വാന്‍സ് വിഭാഗത്തിലെ തട്ടിപ്പുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു.
സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം തട്ടിപ്പുകളുടെ മൂല്യത്തില്‍ 99 ശതമാനവും അഡ്വാന്‍സ് വിഭാഗത്തില്‍ നിന്നുള്ളവയാണ്. ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളുടെ എണ്ണം 34.6 ശതമാനം ഉയര്‍ന്നു. തട്ടിപ്പ് റിപ്പോര്‍ട്ടിംഗ് കുറയുന്നുണ്ടെങ്കിലും, തട്ടിപ്പുകള്‍ നടന്ന തീയതിയും കണ്ടെത്തല്‍ തീയതിയും തമ്മിലുള്ള ശരാശരി സമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 23 മാസമായിരുന്നു. എന്നിരുന്നാലും, 100 കോടിയിലധികം രൂപയുടെ വലിയ മൂല്യമുള്ള തട്ടിപ്പുകള്‍ക്ക്, റിപ്പോര്‍ട്ടിംഗിലെ കാലതാമസം 57 മാസമായിരുന്നു.
എല്ലാ ബാങ്കുകളില്‍ നിന്നുമുള്ള വിവരശേഖരണ പ്രക്രിയയും അവയുടെ ഓഫ്-സൈറ്റ് വിലയിരുത്തലും കാര്യക്ഷമമാക്കുമെന്ന് ബാങ്കിംഗ് റെഗുലേറ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.