ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍, മീറ്റിയോര്‍ 350 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍
ഗ്രീന്‍ കാര്‍ വിഭാഗത്തില്‍ ടാറ്റ നെക്‌സോണ്‍ ഇവി കിരീടമണിഞ്ഞു
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒമ്പത് കാറുകളില്‍നിന്ന് ഹ്യുണ്ടായ് ഐ20 പ്രീമിയം ഹാച്ച്ബാക്കാണ് 2021 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയത് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറാണ്. ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ടാറ്റ നെക്‌സോണ്‍ ഇവി അര്‍ഹമായി.
104 പോയന്റ് നേടിയാണ് മൂന്നാം തലമുറ ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. 91 പോയന്റ് നേടിയ കിയ സോണറ്റ് രണ്ടാമതും 78 പോയന്റ് നേടിയ മഹീന്ദ്ര ഥാര്‍ മൂന്നാം സ്ഥാനത്തുമെത്തി.
ഗ്രീന്‍ കാര്‍ വിഭാഗത്തില്‍ 106 പോയന്റ് കരസ്ഥമാക്കിയാണ് ടാറ്റ നെക്‌സോണ്‍ ഇവി കിരീടമണിഞ്ഞത്. 99 പോയന്റ് നേടിയ ഹ്യുണ്ടായ് കോന ഇലക്ട്രിക് രണ്ടാം സ്ഥാനത്തെത്തി. 93 പോയന്റ് നേടാന്‍ കഴിഞ്ഞ എംജി സെഡ്എസ് ഇവി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
108 പോയന്റ് നേടിയാണ് പ്രീമിയം കാര്‍ വിഭാഗത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. യഥാക്രമം 77 പോയന്റ്, 61 പോയന്റ് നേടിയ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ഇ, ബിഎംഡബ്ല്യു 2 സീരീസ് കാറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
അതേസമയം, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 കരസ്ഥമാക്കി. 96 പോയന്റ് നേടിയാണ് ഈ പുരസ്‌കാര നേട്ടം. 81 പോയന്റ് നേടിയ കെടിഎം 390 അഡ്വഞ്ചര്‍ രണ്ടാമതും 59 പോയന്റ് നേടിയ ഹീറോ എക്‌സ്ട്രീം 160ആര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോ നിര്‍മിക്കുന്നതോ ആയ മോട്ടോര്‍സൈക്കിളുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
രാജ്യത്തെ വിവിധ പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ഉള്‍പ്പെട്ട ജൂറി സമിതിയാണ് 2021 അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഇതാദ്യമായി ജൂറി അംഗങ്ങള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ വോട്ട് രേഖപ്പെടുത്തി. ജെകെ ടയേഴ്‌സ് ആയിരുന്നു സ്‌പോണ്‍സര്‍.