ഫെബ്രുവരിയില്‍ വൈദ്യുതി ഉപഭോഗം 0.88% ഉയര്‍ന്ന് 104.7 ബില്യണ്‍ യൂണിറ്റുകളില്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 0.88 ശതമാനം ഉയര്‍ന്ന് 104.73 ബില്യണ്‍ യൂണിറ്റായി. താപനിലയില്‍ ഉണ്ടായ നേരിയ വര്‍ധനയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 2020 ഫെബ്രുവരിയില്‍ 103.81 ബില്യണ്‍ യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന വിതരണമായ പീക്ക് പവര്‍ ഡിമാന്‍ഡ് ഈ ഫെബ്രുവരിയില്‍ 188.15 ജിഗാവാട്ട് രേഖപ്പെടുത്തി. 2020 ഫെബ്രുവരിയിലെ 176.38 ജിഗാവാട്ടില്‍ നിന്ന് 6.7 ശതമാനം വളര്‍ച്ചയാണിത്.
ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറിലാണ് വൈദ്യുതി ഉപഭോഗം വീണ്ടും വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയത്, 4.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒക്ടോബറില്‍ 11.6 ശതമാനം വളര്‍ച്ച വൈദ്യുതി ഉപഭോഗത്തില്‍ രേഖപ്പെടുത്തി. നവംബറില്‍ വൈദ്യുതി ഉപഭോഗ വളര്‍ച്ച 3.12 ശതമാനമായി കുറഞ്ഞു, പ്രധാനമായും ശൈത്യകാലത്തിന്‍റെ തുടക്കമാണ് ഇതിന് കാരണമായത്. ഡിസംബറില്‍ വൈദ്യുതി ഉപഭോഗം 4.5 ശതമാനം വര്‍ധിച്ചപ്പോള്‍ 2021 ജനുവരിയില്‍ ഇത് 4.8 ശതമാനമായിരുന്നു.
ഫെബ്രുവരിയില്‍ സാധാരണ ഉണ്ടാകാറുള്ളതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ചൂട് ഇത്തവണ അനുഭവപ്പെട്ടു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കപ്പെടുന്നതിന്‍റെയും വേനല്‍ക്കാലം ആരംഭിക്കുന്നതിന്‍റെയും ഫലമായി വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വര്‍ദ്ധിച്ചുവരുന്ന പീക്ക് പവര്‍ ഡിമാന്‍ഡ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്നു.