എസ് 400: ഐഎഎഫ് ഉദ്യോഗസ്ഥര്‍ പരിശീലനത്തിനായി റഷ്യയില്‍
1 min read
ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് -400 മിസൈല്‍ സിസ്റ്റം ഇന്ത്യക്ക് കൈമാറുമെന്ന് സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പരിശീലനം റഷ്യയില്‍ നല്‍കിവരികയാണ്.ഇന്ത്യയെ ഉദ്ദേശിച്ചുള്ള എസ് -400 സംവിധാനം ഇതിനകം റഷ്യയില്‍ ഉല്‍പാദനത്തിലാണ്. അത് വിവിധ പരീക്ഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ, സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. സമതലങ്ങളിലും മരുഭൂമികളിലും പര്‍വതപ്രദേശങ്ങളിലും പ്രവര്‍ത്തിക്കാനുള്ള ഇന്ത്യന്‍ ആവശ്യങ്ങള്‍ക്കനുസൃതമായി സംലൃവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.പൊടിയും കാലാവസ്ഥയെ നേരിടാനുള്ള കഴിവുകളും പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
നൂറിലധികം ഉദ്യോഗസ്ഥരുടെ സംഘം ഈ വര്‍ഷം ആദ്യം റഷ്യയിലെത്തിയതായാണ് വിവരം.റഷ്യന്‍ മിലിട്ടറിയില്‍ നിന്നുള്ള സംയുക്ത സംഘവും ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിന്‍റെ മുഖ്യധാരയായി മാറുന്ന സിസ്റ്റത്തിന്‍റെ നിര്‍മ്മാതാക്കളായ അല്‍മാസ് ആന്‍റിയും ചേര്‍ന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. യുഎസ് ഉപരോധമേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും 2018 ല്‍ ഇന്ത്യ എസ് -400 സിസ്റ്റങ്ങളില്‍ അഞ്ചെണ്ണത്തിന് കരാറുറപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ എസ് -400 സംഭരണത്തിന്‍റെ പ്രശ്നം ഉന്നയിക്കുകയും ഉപരോധത്തിന് കാരണമാകുന്ന ഏതെങ്കിലും തരത്തിലുള്ള ഏറ്റെടുക്കലുകള്‍ ഒഴിവാക്കണമെന്ന് പറയുകയും ചെയ്തിരുന്നു.എന്നിരുന്നാലും, രാജ്യത്തെ സായുധ സേനയ്ക്ക് വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ ഉണ്ടെന്ന് മോദി സര്‍ക്കാര്‍ വിശദീകരിച്ചു.
കുറഞ്ഞത് 2 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെപരിധിയില്‍ വരുന്ന ശത്രുവിമാനം, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ പോലും നശിപ്പിക്കാന്‍ എസ് -400 ന് കഴിയും. 600 കിലോമീറ്റര്‍ ട്രാക്കിംഗ് ശേഷിയുമുണ്ട്.2020 ലാണ് സിസ്റ്റത്തിന്‍റെ ഡെലിവറി ആരംഭിക്കാനിരുന്നത്. എന്നാല്‍ റഷ്യയ്ക്കെതിരായ യുഎസ് ഉപരോധമാണ് സിസ്റ്റത്തിന്‍റെ കൈമാറ്റം വൈകിപ്പിച്ചത്. കരാര്‍ പ്രകാരം 2021 അവസാനത്തോടെ മാത്രമേ ഡെലിവറി ആരംഭിക്കുകയുള്ളൂവെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബാറ്ററി എന്നറിയപ്പെടുന്ന ഓരോ എസ് -400 സിസ്റ്റത്തിലും ലോംഗ് റേഞ്ച് റഡാര്‍, കമാന്‍ഡ് പോസ്റ്റ് വെഹിക്കിള്‍, ടാര്‍ഗെറ്റ് അക്വിസിഷന്‍ റഡാര്‍, രണ്ട് ബറ്റാലിയന്‍ ലോഞ്ചറുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. സിസ്റ്റത്തിന്‍റെ ഓരോ ഘടകങ്ങളും – കമാന്‍ഡ് പോസ്റ്റ്, റഡാറുകള്‍, ലോഞ്ചറുകള്‍ – മള്‍ട്ടി-ആക്സില്‍, മള്‍ട്ടി-വീല്‍ യൂറല്‍ കാരിയറുകളില്‍ ഘടിപ്പിച്ചിരിക്കുന്നു, അവയ്ക്ക് നിരപ്പല്ലാത്ത ഭൂപ്രദേശങ്ങളില്‍ സഞ്ചരിക്കാനുള്ള കഴിവുണ്ട്.400 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 120 കിലോമീറ്റര്‍, 40 കിലോമീറ്റര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത തരം മിസൈലുകളാണ് എസ് -400ല്‍ ഉപയോഗിക്കുന്നത്. ഒറ്റയടിക്ക് ഒരു ഡസന്‍ ടാര്‍ഗെറ്റുകളെ ലക്ഷ്യം വെയ്ക്കാന്‍ ഇതിനുകഴിയും. ഒരേസമയം നൂറിലധികം പറക്കുന്ന വസ്തുക്കളെ ട്രാക്കുചെയ്യാനും പ്രത്യേക റഡാറിന് കഴിയും.ഈ മേഖലയില്‍ എസ് -400 ഉള്ള ഒരേയൊരു രാജ്യം ചൈനയാണ്.