സ്വകാര്യവല്‍ക്കരണം : 100 ആസ്തികള്‍ കണ്ടെത്തി; മൂല്യം 5 ലക്ഷം കോടി
തുറമുഖങ്ങള്‍, ക്രൂസ് ടെര്‍മിനലുകള്‍, ടെലികോം ഇന്‍ഫ്രാ, ഓയില്‍ ആന്‍ഡ് ഗ്യാസ് പൈപ്പ്ലൈനുകള്‍ എന്നിവയെല്ലാം പെടും
100ലധികം ആസ്തികളെ നിതി ആയോഗാണ് കണ്ടെത്തിയിരിക്കുന്നത്
31 ആസ്തി വിഭാഗങ്ങളിലുള്ള കമ്പനികളാകും സ്വകാര്യവല്‍ക്കരിക്കുക
ന്യൂഡെല്‍ഹി: സര്‍ക്കാരിന് ബിസിനസില്‍ കാര്യമൊന്നുമില്ലെന്ന ഉറച്ച നിലപാടുമായാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ യാത്ര. സ്വകാര്യ വല്‍ക്കരണം ഉന്നമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയാണ്. ഇതിന്‍റെ ഭാഗമായി 100 ആസ്തികളെ കണ്ടെത്തിക്കഴിഞ്ഞു നിതിയ ആയോഗ്.
അടുത്ത നാല് വര്‍ഷത്തേക്ക് വിറ്റഴിക്കലിന് സാധ്യതയുള്ള ആസ്തികളുടെ പട്ടിക തയാറാക്കാന്‍ നിതി ആയോഗ് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഹരി വിറ്റഴിക്കല്‍ സുസ്ഥിരമായ ഒരു പ്രക്രിയ ആക്കി മാറ്റുകയാണ് ലക്ഷ്യം. സ്വന്തം നിലയ്ക്ക് നിതി ആയോഗ് ഇതിനോടകം 100 ആസ്തികളെ വിറ്റഴിക്കലിന് അനുയോജ്യമെന്ന നിലയില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവയുടെ മൂല്യം ഏകദേശം 5 ലക്ഷം കോടി രൂപ വരും. 10 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ആസ്തികളാണ് ഇവ.
തുറമുഖങ്ങള്‍, ക്രൂസ് ടെര്‍മിനലുകള്‍, ടോള്‍ റോഡ് ബണ്ടിലുകള്‍, ട്രാന്‍സ്മിഷന്‍ ടവറുകള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് പൈപ്പ്ലൈനുകള്‍, റെയ്ല്‍വേ സ്റ്റേഷനുകള്‍, ഓപ്പറേഷണല്‍ മെട്രോ സെക്ഷനുകള്‍, വെയര്‍ഹൗസുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവയെല്ലാം ധനസമാഹരണത്തിന് സാധ്യതയുള്ള ആസ്തികളായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഡസനോളം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതെല്ലാം ലാഭം കൊയ്യുന്ന പൊതുമേഖല സ്ഥാപനങ്ങളായിരിക്കാനാണ് സാധ്യത. മികച്ച പ്രകടനം നടത്തുന്ന കമ്പനികളെ സ്വകാര്യവല്‍ക്കരിച്ച് നിക്ഷേപകരെ ഊര്‍ജസ്വലമാക്കുകയാണ് ലക്ഷ്യം.
സ്വകാര്യവല്‍ക്കരിക്കുന്ന കമ്പനികളുടെ ആദ്യ പട്ടികയില്‍ രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഉണ്ടായേക്കും. സെന്‍ട്രല്‍ ഇലക്ട്രോണിക്സ്, സിമന്‍റെ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്‍റ്, ഭാരത് എര്‍ത്ത് മുവേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതില്‍ പെടും.
2021ല്‍ തീരുമാനിച്ച കമ്പനികളായിരിക്കും ആദ്യം സ്വകാര്യവല്‍ക്കരിക്കുക. എയര്‍ ഇന്ത്യ, ബിപിസിഎല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍, ഐഡിബിഐ ബാങ്ക് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. അടുത്ത സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്വകാര്യവല്‍ക്കരണം രാജ്യത്തിന്‍റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. ബിസിനസില്‍ സര്‍ക്കാരിന് കാര്യമില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്ത്രപരമായ മേഖലകളിലെ കമ്പനികളെ ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാകുകയെന്ന ആശയവുമായാകും സര്‍ക്കാരിന്‍റെ ഭാവി പദ്ധതികള്‍ എന്നാണ് സൂചന.
90 റെയ്ല്‍വേ സ്റ്റേഷനുകള്‍ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചേക്കുമെന്നാണ് സൂചന. എയര്‍പോര്‍ട്ടിന് സമാനമായ സെക്യൂരിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
ക്ച്ചര്‍ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു