ദുബായില്‍ ഗവണ്‍മെന്റ് ഫീസുകള്‍ മരവിപ്പിക്കുന്നത് 2023 വരെ നീട്ടി
2018 മാര്‍ച്ചില്‍ ദുബായ് കിരീടാവകാശി ഷേഖ് ഹംദാനാണ് ആദ്യമായി മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്
ദുബായ്: ദുബായില്‍ സര്‍ക്കാര്‍ ഫീസുകള്‍ മരവിപ്പിക്കുന്നത് 2023 വരെ നീട്ടിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ദുബായ് കിരീടാവകാശിയും ദുബായിലെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവ് പുറത്തിറക്കിയത്. 2018 മാര്‍ച്ചില്‍ ഷേഖ് ഹംദാന്‍ തന്നെയാണ് മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ തീരുമാനം ദുബായിലെ ബിസിനസുകള്‍ക്ക് നേട്ടമാകുമെന്നും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്തിട്ടുള്ള സാമ്പത്തിക വെല്ലുവിളികള്‍ കുറയ്ക്കാന്‍ അവര്‍ക്ക് സഹായമേകുമെന്നും ഷേഖ് ഹംദാന്‍ പറഞ്ഞു. ഫീസുകള്‍ മരവിപ്പിക്കുന്നത് നീട്ടിയതിനൊപ്പം പുതിയ അവശ്യ സേവനങ്ങള്‍ക്കൊഴികെ പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. സമൂഹിക സ്ഥിരതയും ധനകാര്യ മേഖലയിലെ മത്സരവും എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകളുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസവും മെച്ചപ്പെടുത്തുകയാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷേഖ് ഹംദാന്‍ അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന വിപണി യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനും വീണ്ടെടുപ്പിന്റെ വേഗത വര്‍ധിപ്പിക്കാനും സുസ്ഥിര വികസനം ഊര്‍ജിമാക്കാനുമുള്ള ദുബായുടെ കഴിവിന് കൂടുതല്‍ കരുത്തേകുകയെന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ദുബായ് കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് നിരവധി പദ്ധതികളും ഉത്തേജന പരിപാടികളും ദുബായ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം 7.1 ബില്യണ്‍ ദിര്‍ഹത്തിന്റെ അഞ്ച് ഉത്തേജന പാക്കേജുകളാണ് എമിറേറ്റ് പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഷേഖ് ഹംദാന്‍ പ്രഖ്യാപിച്ച 315 മില്യണ്‍ ദിര്‍ഹത്തിന്റെ പാക്കേജാണ് ഏറ്റവുമൊടുവിലത്തേത്. വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വിനോദ മേഖല എന്നിവയെ ലക്ഷ്യമിട്ടുള്ള ഉത്തേജന പദ്ധതികളാണ് ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നത്.
കോണ്‍ഫറന്‍സുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പടെ വിനോദ, കായിക പരിപാടികള്‍ റദ്ദ് ചെയ്യുന്നതിനോ നീ്ട്ടിവെക്കുന്നതിനോ ഉള്ള ഫീസുകള്‍ വേണ്ടെന്ന് വെക്കാനും ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിനോദ, ബിസിനസ് പരിപാടികള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന, അനുമതി എന്നിവയ്ക്കായി ഈടാക്കുന്ന ഫീസുകളും 2023 വരെ മരവിപ്പിച്ചിട്ടുണ്ട്.