രത്നആഭരണങ്ങളുടെ കയറ്റുമതിമേഖല 136.95 ശതമാനം വളർച്ച നേടി
ഡൽഹി: കഴിഞ്ഞ വർഷം കോവിഡ് മൂലം പിന്നോട്ടടിച്ച രത്നആഭരണങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയോടെ പൂർവാധികം ശോഭയോടെ തിരിച്ചുവരുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ലോകമെമ്പാടും ആവശ്യകത ഉയർന്ന പശ്ചാതലത്തിൽ 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും മൊത്തത്തിലുള്ള കയറ്റുമതി 136.95 ശതമാനം വളർച്ച നേടി 18.98 ബില്യൺ ഡോളറിലെത്തി. 2020 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 8.01 ബില്യൺ ഡോളറിന്റേതായിരുന്നു മൊത്തം കയറ്റുമതി.
ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ജിജെഇപിസി) കണക്കനുസരിച്ച്, കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട്-ന്റെ കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിൽനിന്നും 124.9% ഉയർന്ന് 12.37 ബില്യൺ ഡോളറിന്റേതായി. ഡയമണ്ട് കയറ്റുമതി മാത്രം ഏതാണ്ട് 20.24 ശതമാനം വർദ്ധിച്ചു. മൊത്തം രത്നആഭരണ കയറ്റുമതി 5.13 ശതമാനം വളർച്ചയാണു 2019-ൽ ഇതേ കാലയളവിനെ അപേക്ഷിച്ചു രേഖപ്പെടുത്തിയത്. സർക്കാർ ലക്ഷ്യമിട്ടതിന്റെ ഏകദേശം പകുതിയോളം, അതായതു 41.66 ബില്യൺ ഡോളറിന്റെ കയറ്റുമതി വളർച്ച ഈ മേഖല ഇതിനകം കൈവരിച്ചു.