കോവിഡ് പ്രതിരോധം : ഉത്തര്‍ പ്രദേശിന് 5 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ്
ലഖ്നോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശ് റീജിയണല്‍ ഡയറക്ടര്‍ ജയകുമാര്‍, ജനറല്‍ മാനേജര്‍ ലിജോ ജോസ് ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്ന സഹായ സഹകരണങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ മഹാമാരിയെ നിയന്ത്രിക്കുവാന്‍ ഏറെ സഹായകരമാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ വര്‍ഷവും 5 കോടി രൂപ ഉത്തര്‍ പ്രദേശിന് യൂസഫലി നല്‍കിയിരുന്നു.
ഉത്തര്‍ പ്രദേശിനു പുറമേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ക്കും യൂസഫലി കൈത്താങ്ങായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 കോടി രൂപ, ഹരിയാന മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് 1.50 കോടി രൂപ എന്നിവ കൂടാതെ പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും യൂസഫലി നല്‍കിയിരുന്നു.