നാലാം പാദ അവലോകനം അതിവേഗ വളര്‍ച്ചയില്‍ യൂട്യൂബ്
‘യൂട്യൂബ് ഷോര്‍ട്ട്‌സ്’ വീഡിയോകള്‍ക്ക് പ്രതിദിനം ലഭിക്കുന്നത് 3.5 ബില്യണ്‍ വ്യൂ
കാലിഫോര്‍ണിയ: ‘യൂട്യൂബ് ഷോര്‍ട്ട്‌സ്’ വീഡിയോകള്‍ക്ക് പ്രതിദിനം ലഭിക്കുന്നത് 3.5 ബില്യണ്‍ നോട്ടങ്ങള്‍ (വ്യൂ). ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം കൂടുതല്‍ രാജ്യങ്ങളില്‍ യൂട്യൂബ് ഷോര്‍ട്ട്‌സ് അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടിക്ടോക് പോലെ ഹ്രസ്വ വീഡിയോകള്‍ പങ്കുവെയ്ക്കാനുള്ള സൗകര്യമാണ് യൂട്യൂബ് ഷോര്‍ട്ട്‌സ് ഒരുക്കുന്നത്. പതിനഞ്ച് സെക്കന്‍ഡോ അതില്‍ താഴെയോ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അപ് ലോഡ് ചെയ്യാന്‍ കഴിയുക.
നിലവിലെ രണ്ട് പ്രധാന പ്രവണതകളായ ലൈവ് വീഡിയോ, ഹ്രസ്വ വീഡിയോ എന്നിവയ്ക്കാണ് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള കമ്പനി ഊന്നല്‍ കൊടുക്കുന്നതെന്ന് 2020 നാലാം പാദം അവലോകനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇതാദ്യമായി 2020 ല്‍ അഞ്ച് ലക്ഷത്തിലധികം ചാനലുകള്‍ യൂട്യൂബില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി സുന്ദര്‍ പിച്ചൈ അവകാശപ്പെട്ടു. സ്വന്തം ലിവിംഗ് റൂമുകളില്‍നിന്ന് ആര്‍ട്ടിസ്റ്റുകള്‍ കലാപ്രകടനം നടത്തുന്നത് മുതല്‍ ദേവാലയങ്ങള്‍ പോലും യൂട്യൂബ് ലൈവ് നടത്തി.
നാലാം പാദത്തില്‍ 6.89 ബില്യണ്‍ യുഎസ് ഡോളറാണ് പരസ്യങ്ങള്‍ വഴി യൂട്യൂബ് നേടിയത്. 2019 നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 46 ശതമാനം വര്‍ധന.
യൂട്യൂബില്‍ കണ്ടതുവഴി ബ്രാന്‍ഡ് ഉല്‍പ്പന്നം വാങ്ങിയതായി എഴുപത് ശതമാനത്തോളം യൂട്യൂബ് കാഴ്ച്ചക്കാരാണ് വ്യക്തമാക്കിയത്.
നിലവില്‍ 30 മില്യണ്‍ ‘മ്യൂസിക്’, ‘പ്രീമിയം’ പെയ്ഡ് വരിക്കാരാണ് യൂട്യൂബിനുള്ളത്. നിലവില്‍ 95 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
അമേരിക്കയില്‍ ടിവി സ്‌ക്രീനുകളില്‍ യൂട്യൂബ്, യൂട്യൂബ് ടിവി കാണുന്നവര്‍ പ്രതിമാസം നൂറ് മില്യണ്‍ പേരാണ്.