റിമോട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയുമായി ഷവോമി
സ്വയം വികസിപ്പിച്ച ‘മി എയര്‍ ചാര്‍ജ്’ അവതരിപ്പിച്ചു
സ്വയം വികസിപ്പിച്ച ‘മി എയര്‍ ചാര്‍ജ്’ അവതരിപ്പിച്ച് ഷവോമി. റിമോട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് മി എയര്‍ ചാര്‍ജ്. അകലത്തിരുന്ന് ഒരേസമയം ഒന്നില്‍ കൂടുതല്‍ ഡിവൈസുകള്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ കഴിയും. കേബിളുകള്‍ കണക്റ്റ് ചെയ്യുകയോ വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡില്‍ ഡിവൈസുകള്‍ വെയ്ക്കുകയോ വേണ്ട. ഭാവിയില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഷവോമിയുടെ ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യയില്‍ നിരവധി മുന്നേറ്റങ്ങളാണ് ഷവോമി കാഴ്ച്ചവെച്ചത്.
ചാര്‍ജറില്‍നിന്ന് ഒന്നോ രണ്ടോ മീറ്റര്‍ അകലെയിരുന്നുപോലും ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സാങ്കേതികവിദ്യ. ‘ചാര്‍ജിംഗ് പൈല്‍’ ഉപയോഗിച്ച് ഡിവൈസുകളിലേക്ക് ഊര്‍ജ രശ്മികള്‍ എറിഞ്ഞാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ അഞ്ച് വാട്ട് വൈദ്യുതോര്‍ജം പ്രസരിപ്പിക്കാനാണ് ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുന്നത്. ഭാവിയില്‍ ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിവൈസിന്റെ സ്ഥാനം കണ്ടെത്തുകയും പിന്നീട് ചാര്‍ജ് ചെയ്യുകയുമാണ് ചാര്‍ജര്‍ അഥവാ ചാര്‍ജിംഗ് പൈല്‍ ചെയ്യുന്നതെന്ന് ഷവോമി വിശദീകരിച്ചു. സ്‌പേസ് പൊസിഷനിംഗ്, ഊര്‍ജ പ്രസരണം എന്നിവയാണ് പുതിയ സാങ്കേതികവിദ്യയുടെ കാതലെന്ന് ഷവോമി വ്യക്തമാക്കി. അഞ്ച് ബില്‍റ്റ് ഇന്‍ ആന്റിനകള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണിന്റെ സ്ഥാനം ചാര്‍ജിംഗ് പൈല്‍ കൃത്യമായി കണ്ടെത്തുന്നത്. ‘സയന്‍സ് ഫിക്ഷന്‍’ ചാര്‍ജിംഗ് സങ്കല്‍പ്പമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
നിലവില്‍ നിരവധി മീറ്ററുകള്‍ക്കുള്ളില്‍ അഞ്ച് വാട്ട് ശേഷിയില്‍ ഒരു ഡിവൈസ് ചാര്‍ജ് ചെയ്യുന്നതിനാണ് ഷവോമിയുടെ പുതിയ റിമോട്ട് സാങ്കേതികവിദ്യയ്ക്ക് കഴിയുന്നത്. ഒരേസമയം ഒന്നിലധികം ഡിവൈസുകള്‍ ( ഓരോന്നും അഞ്ച് വാട്ട്) ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും ഷവോമി അവകാശപ്പെടുന്നു. മാത്രമല്ല, ഭൗതിക തടസ്സങ്ങള്‍ ചാര്‍ജിംഗിന്റെ കാര്യക്ഷമത കുറയ്ക്കില്ല.
തല്‍ക്കാലം സ്മാര്‍ട്ട്‌ഫോണുകള്‍ക്കുവേണ്ടി മാത്രമാണ് ഷവോമി പുതിയ സാങ്കേതികവിദ്യ പ്രഖ്യാപിച്ചത്. സമീപഭാവിയില്‍ സ്മാര്‍ട്ട് വാച്ചുകള്‍, ബ്രേസ്ലറ്റുകള്‍, മറ്റ് വെയറബിള്‍ ഡിവൈസുകള്‍ എന്നിവയും ചാര്‍ജ് ചെയ്യാന്‍ കഴിയും.