Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള സംരംഭകരുടെ ആദ്യ വെന്‍ഡ്ആന്‍ഗോ ഔട്ട്ലെറ്റ് ശനിയാഴ്ച ആരംഭിക്കും

1 min read
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റെസ്റ്റോറന്‍റുകളില്‍ നിന്ന് ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്ന് അവ സ്വീകരിക്കുന്നതിനുമായുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ വെന്‍ഡ്ആന്‍ഗോയ്ക്ക് നവംബര്‍ 5 ന് തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഔട്ട്ലറ്റില്‍ തുടക്കമാകും.

സ്മാര്‍ട്ട് കിയോസ്ക് ഉത്പന്നമായ വെന്‍ഡ്ആന്‍ഗോ വെര്‍സിക്കിള്‍സ് ടെക്നോളജീസിന്‍റെ സംരംഭമാണ്. മനോജ് ദത്തന്‍ (ഫൗണ്ടര്‍ സിഇഒ), അനീഷ് സുഹൈല്‍ (ഫൗണ്ടര്‍ സിടിഒ), ഇ-കൊമേഴ്സ് മേഖലയില്‍ അനുഭവപരിചയമുള്ള നിക്ഷേപകന്‍ കിരണ്‍ കരുണാകരന്‍ എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍.

തിരുവനന്തപുരം ഒ ബൈ താമരയില്‍ ശനിയാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് വെന്‍ഡ്ആന്‍ഗോയുടെ ആദ്യ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ.രത്തന്‍ യു കേല്‍ക്കര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവര്‍ സംബന്ധിക്കും. കിരണ്‍ കരുണാകരന്‍ സംരംഭത്തെക്കുറിച്ച് വിശദീകരിക്കും. മനോജ് ദത്തന്‍ ചടങ്ങിന് നന്ദി പറയും.

വെന്‍ഡ്ആന്‍ഗോയിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഒന്നിലധികം റെസ്റ്റോറന്‍റുകളില്‍ നിന്ന് ഒറ്റ ഓര്‍ഡറില്‍ വിവിധ ഇനം ഭക്ഷണം വാങ്ങാനാകും. വിവിധ റെസ്റ്റോറന്‍റുകളില്‍ നിന്ന് സൂപ്പ്, ബിരിയാണി, നൂഡില്‍സ്, ഇറ്റാലിയന്‍ ടേക്ക്ഔട്ട് ഉള്‍പ്പെടെ ഇഷ്ടമുള്ള എന്തു വിഭവങ്ങളും ഓര്‍ഡര്‍ ചെയ്യാം.

ഉപഭോക്താവിന് വെന്‍ഡ്ആന്‍ഗോ പോര്‍ട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് എത്തിക്കുന്നതിനുള്ള സമയവും സ്ഥലവും രേഖപ്പെടുത്താനാകും. ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം പേയ്മെന്‍റ് ഗേറ്റ് വേകളുമായി സംയോജിപ്പിച്ചിരിക്കുന്നു. പേയ്മെന്‍റ് ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം ലഭിക്കുന്നതിനായി ഉപഭോക്താവിന് കിയോസ്ക് ബോക്സ് നമ്പറുള്ള ഒടിപി ലഭിക്കും. ഓര്‍ഡറുകള്‍ ഒരു ഏകീകൃത പ്ലാറ്റ് ഫോമില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയും ഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിലൂടെയും ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പുനല്‍കാനാകും.

മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെന്‍ഡ്ആന്‍ഗോയുടെ ആദ്യ ഔട്ട്ലെറ്റ് വെര്‍സിക്കിള്‍സ് നേരിട്ട് പ്രവര്‍ത്തിപ്പിക്കുമെന്ന് കിരണ്‍ കരുണാകരന്‍ പറഞ്ഞു. ഇവിടെ ഒരു ക്ലൗഡ് കിച്ചണും ഉണ്ടായിരിക്കും. ഫ്രാഞ്ചൈസിംഗ് മോഡലിലാണ് ഇതിന്‍റെ വിപുലീകരണം ആസൂത്രണം ചെയ്യുന്നത്. ഒരു മള്‍ട്ടി-റെസ്റ്റോറന്‍റ് ഡിജിറ്റല്‍ ഫുഡ് കോര്‍ട്ട് കൈകാര്യം ചെയ്യുന്നതിനായി ഒരു ഫ്രാഞ്ചൈസിക്ക് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും ഉള്‍പ്പെടെയുള്ള മുഴുവന്‍ അടിസ്ഥാനസൗകര്യങ്ങളും ലഭിക്കും. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പോലും ഇപ്പോള്‍ ഇത് ഉപയോഗിച്ച് ക്ലൗഡ് കിച്ചണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇത് കൂടുതല്‍ ഉപഭോക്താക്കളെയും ആകര്‍ഷിക്കാനാകും. കൂടുതല്‍ റെസ്റ്റോറന്‍റുകളുമായി സഹകരിക്കുമ്പോള്‍ യൂണിറ്റ് ചെലവ് കുറയുകയും ഫ്രാഞ്ചൈസിക്ക് ലാഭം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന നിലവിലുള്ള റെസ്റ്റോറന്‍റ് ശൃംഖലകള്‍ക്കായി വെന്‍ഡ്ആന്‍ഗോ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ ടൂള്‍ വാഗ്ദാനം ചെയ്യുന്നു. ക്രിയേറ്റീവ് ഓട്ടോമേഷനിലൂടെയും പ്രമുഖ സോഷ്യല്‍ മീഡിയ  പ്ലാറ്റ് ഫോമുകളുമായുള്ള സംയോജനത്തിലൂടെയും റെസ്റ്റോറന്‍റുകളുടെ പരസ്യ ചെലവ് 25 ശതമാനമെങ്കിലും കുറയ്ക്കാനാകും.

ആവശ്യകത ഇല്ലാത്തതിനാല്‍ പല റെസ്റ്റോറന്‍റ് ശൃംഖലകളും പുതിയ സ്ഥലത്തേക്ക് വിപുലീകരിക്കാന്‍ മടിക്കുന്നുണ്ടെന്ന് മനോജ് ദത്തനും അനീഷ് സുഹൈലും പറഞ്ഞു. ഒരു വെര്‍ച്വല്‍ കിയോസ്ക് ലൊക്കേഷന് ഒരു കൂട്ടം റെസ്റ്റോറന്‍റുകളെ കൂട്ടിച്ചേര്‍ക്കുന്നതിനും ഉപഭോക്താക്കളുടെ താത്പര്യവും അനുയോജ്യമായ ഭക്ഷണരീതികള്‍ കണ്ടെത്തുന്നതിനുമാകും. വെന്‍ഡ്ആന്‍ഗോ ടേക്ക്ഔട്ട് കിയോസ്ക് റെസ്റ്റോറന്‍റുകളിലോ മാളുകളിലോ സൗകര്യപ്രദമായ സ്ഥലങ്ങളിലോ സ്ഥാപിക്കാവുന്നതാണ്. പ്രീമിയം ലൊക്കേഷന്‍ കുറഞ്ഞത് അഞ്ച് പേര്‍ക്ക് നേരിട്ടും പത്ത് പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചില കിയോസ്കുകളില്‍ ക്ലൗഡ് കിച്ചണ്‍ ഉണ്ടായിരിക്കും. ഇതുവഴി പാചകവും കിയോസ്ക് വഴിയുള്ള വില്‍പ്പനയും സാധിക്കും. ഒന്നിലധികം റെസ്റ്റോറന്‍റുകള്‍ക്ക് വാടക നല്‍കി ലൊക്കേഷന് പുറത്ത് സേവനം നല്‍കാം. കൂടാതെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ എല്ലാ ലോജിസ്റ്റിക്സും വെന്‍ഡ്ആന്‍ഗോ നിയന്ത്രിക്കും.

പാര്‍ട്ട് ടൈം കാറ്ററര്‍മാര്‍ക്കും ഹോം അധിഷ്ഠിത ബിസിനസുകള്‍ക്കും ഈ സംരംഭം സഹായകമായിരിക്കും. സമൂഹത്തില്‍ സംരംഭകത്വം വളര്‍ത്താനും ഇതിന് കഴിയും. ചില്ലറ വില്‍പ്പന പ്രവര്‍ത്തനങ്ങളിലൂടെ റെസ്റ്റോറന്‍റ് വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാനും തടസ്സമില്ലാത്ത ഭക്ഷണ വിതരണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ചെലവ് കുറയ്ക്കാനും ലാഭം വര്‍ധിപ്പിക്കാനുമാണ് വെന്‍ഡ്ആന്‍ഗോ ശ്രമിക്കുന്നത്.
  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ
Maintained By : Studio3