വാക്സിനുകള്‍ എന്തുകൊണ്ട് സൗജന്യമായി നല്‍കുന്നില്ല? കേന്ദ്രത്തോട് കേരള ഹൈക്കോടതി
1 min readകൊച്ചി: എന്തുകൊണ്ടാണ് വാക്സിനുകള്‍ പൗരന്മാര്‍ക്ക് സൗജന്യമായി നല്‍കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ ചോദ്യം. വാക്സിനേഷനുമായി ബന്ധപ്പെട്ട ഈ വിഷയം മേയ് 7ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ പരിഗണനയ്ക്ക് എടുത്തിരുന്നു. ഇതിന്‍റെ തുടര്‍നടപടികള്‍ക്കിയെയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ഈ നിരീക്ഷണം നടത്തിയത്.
34,000 കോടി രൂപ വാക്സിനേഷന് ചെലവാകുമെങ്കിലും റിസര്‍വ് ബാങ്കില്‍ നിന്ന് ഡിവിഡന്‍റ് വഴി കേന്ദ്രത്തിന് 54,000 കോടി രൂപ ഇപ്പോള്‍ ലഭിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനുള്ള സമയമല്ല ഇതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, നയപരമായ പ്രശ്നമായതിനാല്‍ കുറച്ച് സമയം വിശദീകരണം നല്‍കാന്‍ ആവശ്യമാണെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. ഇത് അംഗീകരിച്ച് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വാക്സിന്‍ വിഹിതം പരിമിതമാണ് എന്നതിനാല്‍ പൊതുവിപണിയില്‍ നിന്ന് വാക്സിനുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പറഞ്ഞിരുന്നു.
കേരളത്തില്‍ ഇതുവരെ 20 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനിന്‍റെ രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ട്. 63 ലക്ഷത്തിലധികം ആളുകള്‍ക്ക് ഒരു ഡോസും നല്‍കിയിട്ടുണ്ട്. 21.80 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ (21,80,51,890) സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്.