Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും

1 min read
തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോ ചൊവ്വാഴ്ച (ഏപ്രിൽ 25) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. അടിസ്ഥാനസൗകര്യങ്ങളും സമ്പർക്കസൗകര്യങ്ങളും ഒരുക്കി നഗരങ്ങളിലെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രഗവണ്മെന്റ് സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണു കൊച്ചി വാട്ടർ മെട്രോ.
മെട്രോ ലൈറ്റ്, മെട്രോ നിയോ, റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം എന്നിങ്ങനെ പുതിയ കാലഘട്ടത്തിനാവശ്യമായ സമ്പർക്കസൗകര്യം ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ ശ്രേണിയിലേക്കാണു കൊച്ചി വാട്ടർ മെട്രോയും എത്തുന്നത്.
പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ സമാന അനുഭവം പ്രദാനം ചെയ്യുന്ന, സൗകര്യവും സുരക്ഷയും കൃത്യനിഷ്ഠയും വിശ്വാസ്യതയുമുള്ള, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവിലുള്ളതും ദ്രുതഗതിയിലുള്ളതുമായ ഗതാഗത സംവിധാനമാണ് മെട്രോ ലൈറ്റ്. തിരക്കേറിയ സമയങ്ങളി‌ൽ തിരക്കേറിയ ദിശയിലേക്ക് 15,000 വരെ യാത്രക്കാരുള്ള ടയർ-2 നഗരങ്ങൾക്കും ചെറിയ നഗരങ്ങൾക്കും കുറഞ്ഞ ചെലവിലുള്ള യാത്രാപ്രതിവിധിയാണിത്. പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ 40% മാത്രമാകും മെട്രോ ലൈറ്റിനു ചെലവാകുക. ജമ്മു, ശ്രീനഗർ, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങളിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
റോഡ് സ്ലാബിൽ ഓവർഹെഡ് ട്രാക്ഷൻ സംവിധാനത്താൽ പ്രവർത്തിക്കുന്ന റബ്ബർ ടയർ ഇലക്ട്രിക് കോച്ചുകളാണ് മെട്രോ നിയോയിലുള്ളത്. മെട്രോ നിയോ ഇലക്ട്രിക് ബസ് ട്രോളിയോടു സാമ്യമുള്ളതാണ്. തിരക്കേറിയ സമയത്ത് തിരക്കേറിയ ദ‌ിശയിലേക്ക് 8000 യാത്രക്കാർക്കുവരെ പ്രയോജനപ്പെടുന്ന ഒന്നാണ് ഈ സംവിധാനം. സാധാരണ ഗേജ് ട്രാക്ക് ഇതിന് ആവശ്യമില്ല. മഹാരാഷ്ട്രയിലെ നാസിക്കിലാണ് മെട്രോ നിയോ ഒരുങ്ങുന്നത്.
ദേശീയ തലസ്ഥാന മേഖലയിലെ ഡൽഹി, മീററ്റ് എന്നീ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചാണ് റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ഇതാദ്യമായി അവതരിപ്പിക്കുന്നത്. പ്രാദേശിക വികസനത്തിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതിനുള്ള പരിവർത്തനാത്മക ഇടപെടലായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.
കൊച്ചി വാട്ടർ മെട്രോയും ഇത്തരത്തിൽ പരമ്പരാഗത മെട്രോ സംവിധാനത്തിനു സമാനമായ അനുഭവവും യാത്രാസുഖവും ഉള്ള സവിശേഷ നഗര ഗതാഗത സംവിധാനമാണ്. കൊച്ചി പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ഏറെ ഉപയോഗപ്രദമാണിത്. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകും. പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവ്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവീസ് നടത്താൻ സാധിക്കും.
ഹൈക്കോടതി-വൈപ്പിൻ ടെർമിനലുകൾ, വൈറ്റില-കാക്കനാട് ടെർമിനലുകൾ എന്നിവിടങ്ങളിൽനിന്നുള്ള ആദ്യഘട്ട സർവീസാണ് പ്രധാനമന്ത്രി 25ന് ഉദ്ഘാടനം ചെയ്യുന്നത്. 26 മുതൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താനാകും. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ 25 മിനിറ്റിനകം കാക്കനാടും എത്താം. തുച്ഛമായ തുകയിൽ സുരക്ഷിത യാത്രയാണ് ശീതികരിച്ച ബോട്ടുകളിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.
  എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ
Maintained By : Studio3