Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.

1 min read
തിരുവനന്തപുരംവിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്‍റെ കുതിപ്പില്‍ നാഴികക്കല്ലാകുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25 ന് തറക്കല്ലിടും. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്‍റെ ഭാഗമാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്സ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു, സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാന്‍, ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ പങ്കെടുക്കും.
ടെക്നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്‍ററാക്റ്റീവ് – ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-23 ബജറ്റില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് 200 കോടി രൂപ മുതല്‍മുടക്കില്‍ രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയിട്ടുണ്ട്. അതില്‍ 200 കോടി രൂപയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്. വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് ബാക്കി തുക കണ്ടെത്തേണ്ടത്.
സയന്‍സ് പാര്‍ക്ക് സര്‍വകലാശാലകള്‍, വ്യവസായം, സര്‍ക്കാര്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.
നിര്‍ദിഷ്ട ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ശ്രദ്ധയൂന്നുന്ന നാല് സുപ്രധാന മേഖലകളിലൊന്നാണ് ഇന്‍ഡസ്ട്രി 4.0. ഇലക്ട്രോണിക്സ്, അര്‍ധചാലകങ്ങള്‍, വളരെ വലിയ തോതിലുള്ള സംയോജനം, 5 ജി ആശയവിനിമയങ്ങള്‍, സ്മാര്‍ട്ട് മെറ്റീരിയലുകള്‍, മെഡിക്കല്‍ മെറ്റീരിയലുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ വ്യവസായമാണിത്. ഇ-മൊബിലിറ്റി, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ശ്രദ്ധയൂന്നിയുള്ള ഡിജിറ്റല്‍ ഡീപ്ടെക്കുമാണ് രണ്ടാമത്തേത്. ബ്ലോക്ക് ചെയിന്‍, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയാണ് മൂന്നാമത്തെ മേഖല. പുതിയ ഉല്‍പ്പന്നങ്ങള്‍, ശേഷി, ജോലികള്‍ എന്നിവ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സംരംഭകത്വമാണ് മറ്റൊരു പ്രധാന മേഖല.
  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം
Maintained By : Studio3