Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യാന്‍മാറിലെ സൈനിക അട്ടിമറി പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനയോ?

1 min read
അട്ടിമറിക്കുമുമ്പ് ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തി
മൈറ്റ്‌സോണ്‍ ഡാം നിര്‍മാണവും നീക്കത്തിനു പിന്നിലെന്ന് വാദം
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ പ്രധാന വിദേശ-നയ പരീക്ഷണം

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ ഇപ്പോഴുണ്ടായ സൈനിക അട്ടിമറിക്കുപിന്നില്‍ ചൈനയുടെ സ്വാധീനമുണ്ടോ ഉയര്‍ത്തിക്കാട്ടുഎന്ന ചോദ്യമാണ് ഇന്ന് നയതന്ത്രവിദഗ്ധരുടെ പ്രധാന ചര്‍ച്ചാവിഷയം. ഇങ്ങനെ സംശയിക്കുന്നതിന് പല കാരണങ്ങളും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഒരു സൈനിക അട്ടിമറിയെക്കുറിച്ച് മുന്‍പുതന്നെ മ്യാന്‍മറിന്റെ സൈന്യമായ ടാറ്റ്മാഡോ സൂചന നല്‍കിയത് അന്താരാഷ്ട്ര നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു.

ആംഗ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയത് സൈനിക നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു എന്നത് ഏവര്‍ക്കും വ്യക്തമായ കാര്യവുമായിരുന്നു. സൈന്യത്തിന്റെ അധികാരം കുറയ്ക്കാന്‍ അവര്‍ ശ്രമിച്ചേക്കും എന്ന് ഭയം പട്ടാള നേതൃത്വത്തിനുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും അത് ഒരു കാരണമായിരുന്നു എന്നുവേണം കരുതാന്‍

രണ്ടാമതായി ചൈനയിലെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും മ്യാന്‍മാര്‍ സൈനികമേധാവി മിന്‍ ആംഗ് ലെയ്ഗും തമ്മില്‍ കഴിഞ്ഞമാസം ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് മ്യാന്‍മാര്‍ സൈന്യം മറ്റ് നടപടികളിലേക്ക് നീങ്ങിയതെന്നത് വ്യക്തമാണ്. എന്നാല്‍ ഒരു സൈനിക അട്ടിമറി അന്താരാഷ്ട്ര ഉപരോധങ്ങള്‍ ക്ഷണിച്ചുവരുത്തും പ്രത്യേകിച്ചും പടിഞ്ഞാറന്‍ രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ യോജിച്ചു നില്‍ക്കും. ഐക്യരാഷ്ട്രസഭയും അവരുടെ അഭിപ്രായത്തിനൗപ്പമാകും പ്രവര്‍ത്തിക്കുക. അതിനാല്‍ മ്യാന്‍മാറിന് സാമ്പത്തിക, വ്യാപാര രംഗത്ത് കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയേറെയാണ്.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

അമേരിക്കതന്നെ ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പ് യാങ്കൂണിലെ സൈനിക നേതൃത്വത്തിന് യുഎസ് നല്‍കിക്കഴിഞ്ഞു. ഓസ്്‌ട്രേലിയയും സമാനമായ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളില്‍നിന്നും ഒരു പരിധിവരെ അവരെ രക്ഷിക്കാന്‍ ബെയ്ജിംഗിനുമാത്രമാണ് കഴിയുക. അതിനാല്‍ മ്യാന്‍മാര്‍ സൈനിക നേതൃത്വം ചൈനയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടാകാമെന്ന് വിശ്വസിക്കപ്പെടുന്നു.

രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഉപരോധത്തിന്റെ ആഘാതം കുറയ്ക്കാന്‍ സൈനികനേതൃത്വം തയ്യാറാകും എന്നുറപ്പാണ്. വാങ് യിയും മ്യാന്‍മാര്‍ സൈനികമേധാവി മിന്‍ ആംഗ് ലെയ്ഗും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ പ്രധാന്യം വര്‍ധിക്കുന്നത് ഈ സാഹചര്യത്തിലാണ്.

ഇവിടെ വിചിത്രമായകാര്യം യാങ്കൂണിലെ സൈനിക നേതൃത്വത്തെക്കാള്‍ ചൈനയ്ക്ക് താല്‍പ്പര്യം ആംഗ് സാന്‍ സൂചിയുടെ സിവിലിയന്‍ സര്‍ക്കാരിനോടായിരുന്നു എന്നതാണ്. ഈ ബന്ധം വളര്‍ന്നുവരികയുമായിരുന്നു. എന്നാല്‍ മ്യാന്‍മാറിലെ പ്രധാന ചൈനീസ് പദ്ധതികളിലൊന്നായ 3.6 ബില്യണ്‍ ഡോളറിന്റെ മൈറ്റ്‌സോണ്‍ ഡാം നിര്‍മാണം നിര്‍ത്തിവെയ്ക്കപ്പെട്ടത് ബെയ്ജിംഗിന് തിരിച്ചടിയായിരുന്നു. പൊതുജനങ്ങളുടെ ശക്തമായ എതിര്‍പ്പായിരുന്നു കാരണം. കര്‍ഷകരുടെ ഭൂമി നഷ്ടപ്പെട്ടു. അവര്‍ പിന്നീട് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. അവര്‍ക്ക് പകരം ഭൂമി ലഭ്യമായില്ല എന്നും പറയുന്നു. ആരു ഭരണത്തിലെത്തിയാലും മ്യാന്‍മാറിലെ പദ്ധതികള്‍ ചൈനക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കവും സൈനിക അട്ടിമറിക്ക് പിന്നിലുണ്ടോ എന്ന് നിരീക്ഷകര്‍ പരിശോധിക്കുന്നു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

മ്യാന്‍മര്‍ വൈദ്യുതി മന്ത്രാലയം, സ്വകാര്യ ഉടമസ്ഥതയിലുള്ള ഏഷ്യ വേള്‍ഡ് കമ്പനി ഓഫ് ബര്‍മ, ചൈന പവര്‍ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായാണ് മൈറ്റ്സോണ്‍ നിര്‍മിക്കുന്നത്. 2019 ല്‍ പൂര്‍ത്തീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ഡാം 766 ചതുരശ്ര കിലോമീറ്റര്‍ (296 ചതുരശ്ര മൈല്‍) ഉള്ള ഒരു ജലസംഭരണി സൃഷ്ടിക്കുമായിരുന്നു.( ഇത് സിംഗപ്പൂരിനേക്കാള്‍ അല്പം വലുതാണ്). ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗം – ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് 90% വരെ – ചൈനയിലേക്കുള്ള കയറ്റുമതിയാണ്. പദ്ധതി നടപ്പായില്ലെങ്കില്‍ ബെയ്ജിംഗിന് അത് കനത്ത നഷ്ടം വരുത്തിവെക്കുകയും ചെയ്യും.

മ്യാന്‍മാറില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനുള്ള തിരിച്ചടിയായിരുന്നു മൈറ്റ്‌സോണ്‍ .കച്ചിന്‍ സംസ്ഥാനത്ത് മാലി, എന്‍മൈ നദികളുടെ സംഗമസ്ഥാനമായ ഇറവാഡിയുടെ മുകളിലാണ് മൈറ്റ്‌സോണിന്റെ നിര്‍മാണം. സമ്പന്നമായ ജൈവവൈവിധ്യമുള്ള പ്രദേശമാണിത്. അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ന്യൂനപക്ഷമായ കച്ചിന്‍ പോരാളികള്‍ ബര്‍മീസ് സൈന്യവുമായി പോരാടുന്ന പാരിസ്ഥിതികമായി ദുര്‍ബലമായതും ഭൂകമ്പ സാധ്യതയുള്ളതുമായ പ്രദേശത്തെ ഒരു വലിയ നിര്‍മാണ പദ്ധതിയായിരുന്നു മൈറ്റ്‌സോണ്‍. അണക്കെട്ട് ഈ വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയായിരുന്നു – എന്നാല്‍ ഇതുവരെ പണി ആരംഭിച്ചിട്ടില്ല.ചെലവ് കണക്കിലെടുക്കാതെ ഡാം പദ്ധതി പുനരാരംഭിക്കുകയാണെങ്കില്‍, അത് വ്യക്തമായ ഒരു മുന്നറിയിപ്പായിരിക്കും ലോകത്തിനു നല്‍കുന്നത്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

സൂചിയുമായി അകന്ന് മ്യാന്‍മാറിലെ സൈനിക നേതൃത്വത്തിലേക്ക് ചൈന അടുക്കുമെന്ന പ്രതീക്ഷയില്‍ മിന്‍ ആംഗ് ലെയ്ഗ് അടക്കമുള്ളവര്‍ ബെയ്ജിംഗിനെ സമീപിച്ചിരിക്കാനും സാധ്യതയേറെയാണ്. ഇവിടെ ആമേരിക്ക ശക്തമായി ഇടപെടുകയാണെങ്കില്‍ മ്യാന്‍മാറിന് പിന്തുണ നല്‍കുക എന്നതാകും ചൈന സ്വീകരിക്കുന്ന നയം.

പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ പ്രധാന വിദേശ-നയ പരീക്ഷണമാണിത്. ഈ പ്രതിസന്ധി യുഎസ് ഏതു രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാകും ചൈനയുടെ ഇടപെടല്‍ എന്നു സാരം. അതേസമയം മ്യാന്‍മാര്‍ സൈന്യവും ഭരണകക്ഷിയും തമ്മിലുള്ള ഒരു അനുരഞ്ജനത്തില്‍ക്കൂടി സംഭവിച്ചതാകാം എന്ന് വാദിക്കുന്നവരുമുണ്ട്. അട്ടിമറിക്ക് മുന്‍കൂട്ടി ബെയ്ജിംഗ് നിശബ്ദമായി അംഗീകാരം നല്‍കിയതും ഇതായിരിക്കാം. ഇവിടെ ഒരു വിലപേശല്‍ നടന്നിരിക്കാം. ഇവിടെ യുഎസും ചൈനയും ഒരു ധാരണയിലെത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകള്‍ക്കും അത് വഴിതുറക്കും.

 

Maintained By : Studio3