ചിട്ടയായ ചികിത്സയും പരിശീലനവുമുണ്ടെങ്കില്‍ അഫേസിയയെ അതിജീവിക്കാം
മസ്തിഷ്‌ക ക്ഷതം മൂലമുണ്ടാകുന്ന ഒരു ആശയവിനിമയ തകരാറാണ് അഫേസിയ. രാജ്യത്ത് ഏകദേശം 2 ദശലക്ഷം പേര്‍ക്ക് അഫേസിയയുണ്ട് പക്ഷാഘാതം ആണ് അഫേസിയ വരാനുള്ള ഏറ്റവും പ്രധാന കാരണം. കേരളത്തില്‍ 7600 ഓളം പേര്‍ക്ക് പക്ഷാഘാതത്തെ തുടര്‍ന്ന് അഫേസിയ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അവസ്ഥയുടെ ഗൗരവം കണക്കിലെടുത്താണ് എല്ലാ വര്‍ഷവും ജൂണ്‍ മാസം അഫേസിയ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നത്.
പക്ഷാഘാതത്തെ തുടര്‍ന്ന് തലച്ചോറിലെ ഭാഷ നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ ഏല്‍ക്കുന്ന തകരാറുകള്‍ അഫേസിയയിലേക്ക് നയിക്കുന്നു. ഇത് വ്യക്തിയുടെ ഭാഷാശേഷിയെയും സംസാരിക്കാനും മനസ്സിലാക്കാനും എഴുതാനും വായിക്കുവാനുമുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്റെ ഒരു വശത്ത് ഉണ്ടാകുന്ന തളര്‍ച്ച, ചിന്താശക്തിയിലും മറ്റ് ബൗദ്ധിക പ്രവര്‍ത്തനങ്ങളിലും പ്രശ്നങ്ങള്‍, ആഹാരം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, വിഷാദം പോലുള്ള മാനസിക അസ്വസ്ഥതകള്‍ മുതലായവ അഫേസിയയുടെ ലക്ഷണങ്ങളാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം അഫേസിയ ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് അഫേസിയ ബാധിച്ച വ്യക്തികളുടെ പുനരധിവാസത്തിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ സേവനം അത്യാവശ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരാണ് മുഖ്യമായും ഈ ടീമില്‍ ഉണ്ടാകേണ്ടത്. അഫേസിയ ഉള്ള ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തുക, രോഗനിര്‍ണയം നടത്തുക, ചികിത്സിക്കുക എന്നിവയാണ് സ്പീച്ച് തെറാപ്പിസ്റ്റ് പ്രധാനമായും ചെയ്യുന്നത്. ചിട്ടയായ ചികിത്സയിലൂടെയും പരിശീലനത്തിലൂടെയും അഫേസിയയുടെ തീവ്രത കുറയ്ക്കാന്‍ സാധിക്കും.
തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ അഫേസിയ ബാധിതര്‍ക്കായി ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി അഫേസിയ ബാധിതരുടെ പുനരധിവാസത്തിന് ഈ യൂണിറ്റ് നേതൃത്വം നല്‍കിയിട്ടുണ്ട്.