ജനുവരിയില്‍ വാഹന രജിസ്‌ട്രേഷനില്‍ 10% ഇടിവ്
1 min readലോക്ക്ഡൗണിനുശേഷം ആവശ്യകതയില്‍ ഉണ്ടായ തിരിച്ചുവരവ് കണക്കാക്കുന്നതില്‍ ഓട്ടോമൊബീല്‍ വ്യവസായത്തിന് പിഴച്ചുവെന്ന് നിരീക്ഷണം
ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.66 ശതമാനം ഇടിഞ്ഞു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫഡ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 ജനുവരിയില്‍ 15.92 ലക്ഷത്തിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ജനുവരിയില്‍ ഇത് 17.63 ലക്ഷം യൂണിറ്റായിരുന്നു. 2020 ഡിസംബറില്‍ വാഹന രജിസ്‌ട്രേഷന്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബറില്‍ മാത്രമാണ് രജിസ്‌ട്രേഷനില്‍ വാര്‍ഷിക വളര്‍ച്ച ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. 2019 ഡിസംബറിലെ 16.61 ലക്ഷത്തിലധികം യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഡിസംബറില്‍ 18.44 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021 ജനുവരിയില്‍ മൊത്തം വ്യക്തിഗത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 4.46 ശതമാനം ഇടിഞ്ഞ് 2.81 ലക്ഷം യൂണിറ്റായി.
ഇരുചക്ര വാഹന രജിസ്‌ട്രേഷനും കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 8.78 ശതമാനം ഇടിഞ്ഞ് 11.63 ലക്ഷം യൂണിറ്റുകളുടെ രജിസ്‌ട്രേഷനാണ് ജനുവരിയില്‍ ഈ വിഭാഗത്തില്‍ ഉണ്ടായത്. ട്രാക്ടറുകളുടെ രജിസ്‌ട്രേഷന്‍ ജനുവരിയില്‍ 11.14 ശതമാനം ഉയര്‍ന്ന് 60,754 യൂണിറ്റായി.
‘ലോക്ക്ഡൗണിനുശേഷം ആവശ്യകതയില്‍ ഉണ്ടായ തിരിച്ചുവരവ് കണക്കാക്കുന്നതില്‍ ഓട്ടോമൊബീല്‍ വ്യവസായത്തിന് പിഴച്ചു.ചിപ്പ് നിര്‍മാതാക്കളുടെ ഉല്‍പ്പാദനവും മതിയായ അളവിലായിരുന്നില്ല, ”എഫ്എഡിഎാ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പ്രസ്താവനയില്‍ പറഞ്ഞു.
വാഹനങ്ങള്‍ക്കായുള്ള അന്വേഷണങ്ങളും ബുക്കിംഗും ഉയര്‍ന്ന നിലയിലാണെങ്കിലും എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങളിലും, പ്രത്യേകിച്ച് പാസഞ്ചര്‍ വാഹനങ്ങളില്‍ വിതരണത്തില്‍ കുറവുണ്ടായി. ഇത് മൊത്തത്തിലുള്ള രജിസ്ട്രേഷനുകളെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, അടുത്തിടെ ഉണ്ടായ വിലവര്‍ധന ഇരുചക്രവാഹനങ്ങള്‍ സ്വന്തമാക്കുന്നത് താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ക്ക് കൂടുതല്‍ ശ്രമകരമാക്കിയിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹന വായ്പകള്‍ ഇപ്പോഴും സാധാരണ നിലയില്‍ എത്താത്തതും ഉയര്‍ന്ന ബിഎസ് -6 ചെലവും കാരണം വാണിജ്യ വാഹന രജിസ്‌ട്രേഷനുകളും പ്രത്യാഘാതം നേരിട്ടു.
വാഹന ഉടമകള്‍ സ്വമേധയാ നടപ്പാക്കേണ്ടതാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ്പേജ് നയം ശരിയായ ദിശയിലാണെന്നും എഫ്എഡിഎ നിരീക്ഷിക്കുന്നു. റോഡുകള്‍, പൊതുഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ചെലവഴിക്കല്‍ നടത്തുന്നത് വാണിജ്യ വാഹനങ്ങള്‍ക്ക് കൂടുതല്‍ കാലപരിധി ഉണ്ടാക്കാന്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.