ഉത്തരാഖണ്ഡ്: രക്ഷാപ്രവര്‍ത്തനം തുടരുന്നു
1 min readന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് കരകയറാതെ നില്‍ക്കുകയാണ് സംസ്ഥാനം. ദുരന്തമുണ്ടായ 24 മണിക്കൂറിനു ശേഷവും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പെട്ടെന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഋഷിഗംഗാ വൈദ്യുത പദ്ധതിയും തപോവനിലെ എന്‍ടിപിസിയുടെ ഊര്‍ജനിലയവും പൂര്‍ണമായും തകര്‍ന്നിരുന്നു. തപോവനില്‍ ഇന്ത്യന്‍ കരസേനാംഗങ്ങളും എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് തപോവനിലെ തുരങ്കത്തിന്റെ പ്രവേശനദ്വാരം തുറന്നിരുന്നു.
ജനറേറ്ററുകളും സെര്‍ച്ച് ലൈറ്റുകളും സ്ഥാപിച്ചശേഷം എര്‍ത്ത് മൂവറുകള്‍ ഉപയോഗിച്ച് രാത്രി മുഴുവന്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നുവെന്ന് ആര്‍മിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈന്യം താല്‍ക്കാലികമായി ഉണ്ടാക്കിയ ഫീല്‍ഡ് ഹോസ്പിറ്റലില്‍ രക്ഷപെട്ടവര്‍ക്ക്് വൈദ്യസഹായം നല്‍കി.പ്രദേശത്ത് പൂര്‍ണമായ രക്ഷാപ്രവര്‍ത്തത്തിനുണ്ട്.
കരസേനയോടൊപ്പം വ്യോമസേനയും എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ അപകടമുണ്ടായ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സമാനമായ അപകടം ഇനിയും ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതിനാല്‍ ഹിമപാതഭീഷണി കണ്ടെത്തുന്നതിനുള്ള ശ്രമവും നടക്കുകയാണ്.
തപോവന് സമീപമുള്ള ധൗലി ഗംഗ നദിയിലെ വെള്ളപ്പൊക്കത്തില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) ലിമിറ്റഡ് പദ്ധതി തകര്‍ന്നാണ് 150 ലധികം പേരെ കാണാതായത്. തപോവന് സമീപമുള്ള ഹിമപാതത്തില്‍ മേഖലയിലെ നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഒരു ഭാഗം തകര്‍ന്നതായി എന്‍ടിപിസി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ 10.45 ഓടെ ജോഷിമഠിനടുത്തുള്ള ഋഷി ഗംഗാ നദിയില്‍ ഒരു ഹിമാനിയുടെ ഒരു ഭാഗം നദിയില്‍ പതിച്ചതിനെത്തുടര്‍ന്നാണ് മിന്നല്‍ വെള്ളപ്പൊക്കം ഉണ്ടായത്. ഇതുമൂലം റെനി ഗ്രാമത്തിനടുത്തുള്ള ഋഷി ഗംഗ ജല പദ്ധതി പൂര്‍ണമായും തകര്‍ന്നു. ജോഷിമഠ് – മലാരി ഹൈവേയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പാലവും പൂര്‍ണ്ണമായും ഒഴുകിപ്പോയിട്ടുണ്ട്.
ധൗലി ഗംഗയും ഋഷി ഗംഗയും റെനി ഗ്രാമത്തിനടുത്താണ് ചേരുന്നു. ഈ ഗ്രാമത്തിലെ ആറോളം വീടുകളും ഒഴുകിപ്പോയി. നദിയുടെ മറുവശത്തുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കം കാരണം തിപഹാദില്‍ തടസപ്പെട്ട ഋഷികേശ്-ജോഷിമഠ്-മാന റോഡ് വീണ്ടും തുറന്നിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്, സംസ്ഥാന അധികൃതര്‍ എന്നിവര്‍ സൈന്യത്തോടൊപ്പം മേഖലയിലെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ എല്ലാ ഏജന്‍സികളുടെയും സംയുക്ത ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.