ഗംഗാ ആരതിക്ക് തിളക്കമേറുന്നു; പുതുസ്ഥലങ്ങള്‍ ആയിരത്തിലധികം
-
ദീപങ്ങള്‍കൊണ്ട് ഗംഗാദേവിയെ പൂജിക്കുന്ന ചടങ്ങിനെത്തുന്നത് ആയിരങ്ങള്‍
-
പദ്ധതി നടപ്പാക്കുന്നത് നമാമി ഗംഗെയുമായി ബന്ധപ്പെടുത്തി
-
‘ആരതി’ സൈറ്റുകള്‍ പൊതുജന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
-
ഗംഗാ സ്വച്ഛത അഭിയാന്‍ ‘ഏറ്റവും വലിയ ജനകീയ പ്രചാരണമാക്കി മാറ്റും
ലക്‌നൗ: ഗംഗാ ആരതിയെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ഉത്തര്‍പ്രദേശിലെ അധ്യാത്മിക ടൂറിസത്തിന്റെ ഭാഗമാണ് വിളക്കുകള്‍കൊണ്ട് ഗംഗാദേവിയെ ആരാധിക്കുന്ന ഈ പവിത്രമായ ചടങ്ങ്. വൈകുന്നേരങ്ങളില്‍ നദീതീരത്ത് ദീപങ്ങള്‍കൊണ്ട് ഗംഗാദേവിയെ പൂജിക്കുന്ന ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും അതില്‍ പങ്കെടുക്കുന്നതിനുമായി ആയിരങ്ങളാണ് ഒഴുകിയെത്തുക. വാരണാസി, ഋഷികേശ്, പ്രയാഗ്‌രാജ് (അലഹബാദ്),ഹരിദ്വാര്‍ എന്നിവിടങ്ങളാണ് പ്രധാനമായും ഗംഗാ ആരതിക്ക് പേരുകേട്ട തീരങ്ങള്‍.
ഇന്ന് സംസ്ഥാനത്തെ അധ്യാത്മിക ടൂറിസത്തിന്റെയും തീര്‍ത്ഥാടനങ്ങളുടെയും മൂല്യം മനസിലാക്കിയ സര്‍ക്കാര്‍ ഈ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നു. പ്രധാനമായും കാഴ്ചയുടെ ഉത്സവം തന്നെയായ ഗംഗാ ആരതി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു.
പുതിയ 1100 ഓളം ഗംഗാ ആരതി പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ബിജ്നോര്‍ മുതല്‍ ബല്ലിയ വരെയുള്ള പ്രദേശങ്ങളിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഈ നീക്കം ഗംഗാ ആരതി ചടങ്ങിനെ സംസ്ഥാനത്തെ പ്രധാന ചടങ്ങുകളിലൊന്നാക്കി മാറ്റും. ഇപ്പോള്‍തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ഈ പൂജയ്ക്ക് കൂടുതല്‍ ജനശ്രദ്ധ അതുവഴി ആകര്‍ഷിക്കാനാകുമെന്ന് ടൂറിസം വകുപ്പ് കണക്കാക്കുന്നു. ‘നമാമി ഗംഗെ’ പദ്ധതിയുമായി ബന്ധപ്പെടുത്തി ഗംഗയുടെ ഇരുകരകളിലുമായി 1,038 ഗ്രാമങ്ങളെ പുതിയ ‘ആരതി’ സൈറ്റുകളായി ഇതിനകം തെരഞ്ഞെടുത്തിട്ടുണ്ട്.
നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം ബിജ്നോര്‍ മുതല്‍ ബല്ലിയ വരെ ഗംഗയില്‍ നിന്ന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുവശത്തുമുള്ള ഗ്രാമങ്ങളില്‍ പുതിയ ‘ആരതി’ സൈറ്റുകള്‍ നിര്‍മിക്കുന്ന പ്രക്രിയ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കും. പുതിയ ‘ആരതി’ സൈറ്റുകള്‍ പൊതുജന പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാകും പ്രവര്‍ത്തിക്കുക. പ്ലാറ്റ്ഫോമുകളില്‍ എല്ലാ ദിവസവും ‘ആരതി’ സംഘടിപ്പിക്കും. ഈ ഗ്രാമങ്ങള്‍ ആധ്യാത്മിക ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുകയും ചാരിറ്റബിള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും.
ഡിസംബറില്‍ കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന്റെ യോഗത്തില്‍ ഈ ഗ്രാമങ്ങളിലെ പുരാതനവും ചരിത്രപരവുമായ സ്ഥലങ്ങളും ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ബിജ്നോര്‍ മുതല്‍ ആരംഭിക്കുന്ന ഈ ‘ആരതി’ പരമ്പര ബല്ലിയയിലെ ഗംഗയുടെ തീരത്തുള്ള സംസ്ഥാനത്തിന്റെ അവസാന ഗ്രാമം വരെ തുടരും.
ഗംഗ ‘ആരതി’യെ ഗ്രാമങ്ങളുമായും പട്ടണങ്ങളുമായും ബന്ധിപ്പിക്കുന്നതിലൂടെ,’ ഗംഗാ സ്വച്ഛത അഭിയാന്‍ ‘ഏറ്റവും വലിയ ജനകീയ പ്രചാരണമാക്കി മാറ്റാന്‍ യോഗി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. . ഈ പ്രചാരണത്തിലൂടെ, യുവതലമുറ ഗംഗയുടെ പ്രാധാന്യം തിരിച്ചറിയുമെന്നും നദിയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് അത് സഹായകമാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഗംഗാ നദി കൂടുതല്‍ ശുചിത്വമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഗംഗയുടെയും ഗംഗാ സ്വച്ഛത അഭിയാന്റെയും ശുചിത്വത്തിനായി 14 ജില്ലകളില്‍ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഗംഗാ സ്വച്ഛത അഭിയാന്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ വേഗത നല്‍കുമെന്നും 14 പുതിയ ജില്ലകളില്‍ ഉടന്‍ തന്നെ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ (എസ്ടിപി) സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന 62 എസ്ടിപികളും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ഗംഗയുടെയും മറ്റ് നദികളുടെയും ശുചിത്വ ഡ്രൈവുമായി ഇതിനെ ബന്ധിപ്പിക്കും. നിര്‍മാണത്തിലിരിക്കുന്ന 62 മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ ശേഷി 1522.16 എംഎല്‍ഡി ആയിരിക്കും എന്ന് നമാമി ഗംഗെ വകുപ്പ് പറയുന്നു.
പുതിയ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ എസ്ടിപി സജ്ജീകരിച്ച ജില്ലകളുടെ എണ്ണം 41 ആയി ഉയരും. നിലവില്‍ സംസ്ഥാനത്ത് 104 എസ്ടിപികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, മൊത്തം ശേഷി 3,298.84 എംഎല്‍ഡി ആണ്. പുതിയ എസ്ടിപികള്‍ പ്രവര്‍ത്തനമാരംഭിച്ചശേഷം ഗംഗയിലേക്ക് ഒഴുക്കിവിടുന്ന മലിനജലം തടയുന്നതില്‍ വലിയൊരളവുവരെ ജല്‍ ശക്തി മന്ത്രാലയം വിജയിച്ചിട്ടുണ്ട്.