അഫ്ഗാന്‍ സമാധാനം; വനിതകളുടെ പങ്ക് അനിവാര്യം: യുഎന്‍
കാബൂള്‍: വരും ആഴ്ചകളിലോ മാസങ്ങളിലോ പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്ന അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയില്‍ രാജ്യത്തെ വനിതകള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകുമെന്ന് യുഎന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും പിന്തുണ ആവശ്യമാണെന്നും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭ പറയുന്നു. അഫ്ഗാനിസ്ഥാനിലെ വനിതാ നേതാക്കള്‍ക്ക് എല്ലാ രീതിയിലും അവരുടെ ശക്തി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. സമൂഹം വനിതാ നേതാക്കളെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ അവരുടെ പാത പിന്തുടരാന്‍ തയ്യാറാകുമെന്നും യുഎന്‍ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന് വേണ്ടി ചര്‍ച്ചകള്‍ നടത്തുകയും സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനായി അവരുടെ സമുദായങ്ങളുടെ പിന്തുണ ശേഖരിക്കുകയും ചെയ്ത വനിതാ നേതാക്കളെ ഈ സമാധാന പ്രക്രിയമുന്നിലെത്തിച്ചിട്ടുണ്ട്’,സെക്രട്ടറി ജനറലിന്‍റെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു.രാജ്യത്ത് നീതിയും സുസ്ഥിരവുമായ സമാധാനവും ഉറപ്പാക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതും സ്ത്രീ പങ്കാളിത്തം വിപുലീകരിക്കുന്നതും വഴി സാധിക്കും. ഇത് വളരെ നിര്‍ണായകവുമാണ്. “എല്ലാ അഫ്ഗാനികള്‍ക്കും ശോഭനമായ ഭാവിയ്ക്കായി, ശാശ്വതമായി നിലനില്‍ക്കുന്ന സമാധാനം കൈവരിക്കുന്നതിന് തീരുമാനമെടുക്കുന്നതിന്‍റെ മുന്നില്‍ സ്ത്രീകളുണ്ടാകേണ്ടത് ആവശ്യമാണെന്ന് അഫ്ഗാനിസ്ഥാനിലെ യുഎന്‍ വനിതാ പ്രതിനിധി അലേറ്റ മില്ലര്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ കൈവരിച്ച പുരോഗതി സംരക്ഷിക്കപ്പെടുന്നുവെന്ന് ഫ്രണ്ട്സ് ഓഫ് അഫ്ഗാന്‍ വിമന്‍ അംബാസഡേഴ്സ് ഗ്രൂപ്പ് അറിയിച്ചു. 1964 ലെ ഭരണഘടന പ്രകാരം അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ തുല്യത നേടി, പക്ഷേ 1990 കളില്‍ താലിബാന്‍ ഭരണകൂടം ഈ അവകാശങ്ങള്‍ എടുത്തുകളഞ്ഞു. എന്നാല്‍ 2001 ല്‍ യുഎന്‍ രൂപീകരിച്ച പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ കീഴില്‍ പുതിയ സര്‍ക്കാര്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി.2004 ലെ പുതിയ ഭരണഘടന പ്രകാരം, ജനപ്രതിനിധിസഭയിലെ 250 സീറ്റുകളില്‍ 27 ശതമാനവും സ്ത്രീകള്‍ക്കായി നീക്കിവച്ചിരിക്കുന്നു.