കോവിഡ്-19 : യുകെ വകഭേദം ലോകം മുഴുവന്‍ തൂത്തുവാരുമെന്ന് മുന്നറിയിപ്പ്
1 min readയുകെയിലെ കെന്റില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം പഴയ വൈറസിനെ കടത്തിവെട്ടിക്കൊണ്ട് ഏറ്റവുമധികം കാണപ്പെടുന്ന വൈറസായി മാറുമെന്നും ലോകം മുഴുവന്‍ തൂത്തുവാരുമെന്നും ബ്രിട്ടനിലെ ജനിറ്റിക് സര്‍വ്വീലിയന്‍സ് പ്രോഗ്രാം മേധാവിയുടെ മുന്നറിയിപ്പ്. പുതിയ വൈറസ് ബ്രിട്ടനെ തൂത്തുവാരിയെന്നും ഇനി ലോകത്തെ തൂത്തുവരാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും യുകെയിലെ കോവിഡ്-19 ജീനോമിക്‌സ് ഡയറക്ടര്‍ ഷാരോണ്‍ പീകോക്ക് ബിബിസിയോട് പറഞ്ഞു.
അതിനെ നിയന്ത്രിക്കാന്‍ സാധിച്ചാലോ അല്ലെങ്കില്‍ ഉഗ്രരൂപത്തില്‍ നിന്നും അത് സ്വയം ജനിതമാറ്റം വരുത്തിയാലോ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ള വകയുള്ളുവെന്ന് പീകോക്ക് പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളോളം ഈ അവസ്ഥയില്‍ തുടരേണ്ടി വരുമെന്നാണ് താന്‍ കരുതുന്നതെന്നും തന്റെ കാഴ്ചപ്പാടില്‍ അടുത്ത പത്ത് വര്‍ഷമെങ്കിലും വൈറസ് നമുക്കിടയില്‍ ഉണ്ടാകുമെന്നും പീകോക്ക് കൂട്ടിച്ചേര്‍ത്തു. യുകെയില്‍ നിലവില്‍ ഉപയോഗത്തിലുള്ള കോവിഡ്-19 വാക്‌സിനുകള്‍ ഇപ്പോള്‍ രാജ്യത്ത് കണ്ടുവരുന്ന എല്ലാ വൈറസ് വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമാണെന്നും പീകോക്ക് പറഞ്ഞു.
B.1.1.7 എന്നറിയപ്പെടുന്ന കോവിഡ്-19 വകഭേദം 86ഓളം രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. രോഗവ്യാപന ശേഷി കൂടിയ ഇനമാണിതെന്നും രോഗതീവ്രതയും ഇതിന് അധികമാണെന്നും പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന അറിയിച്ചു. ഫെബ്രുവരി 7 വരെയുള്ള കണക്കനുസരിച്ച് ആറോളം രാജ്യങ്ങളില്‍ കൂടി ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ യുകെ വകഭേദം അതിവേഗത്തിലാണ് പടരുന്നതെന്നും ലോകത്തില്‍ തന്നെ കൊറോണ വൈറസ് മൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യത്തിന് കൂടുതല്‍ കഷ്ടതയുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും കഴിഞ്ഞിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു