ഇത്തിസലാത് ഗ്രൂപ്പിന്റെ ആദ്യപാദ അറ്റാദായത്തില്‍ എട്ട് ശതമാനം വളര്‍ച്ച
വരിക്കാരുടെ എണ്ണം നാല് ശതമാനമുയര്‍ന്ന് 156 മില്യണായി
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ഇത്തിസലാതിന്റെ ആദ്യപാദ അറ്റാദായത്തില്‍ 7.9 ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഫെഡറല്‍ റോയല്‍റ്റിക്ക് ശേഷമുള്ള സംയോജിത അറ്റാദായം 2.3 ബില്യണ്‍ ദിര്‍ഹമായി. ഈ വര്‍ഷം ആദ്യപാദത്തില്‍ 13.2 ബില്യണ്‍ ദിര്‍ഹമാണ് വരുമാനമായി ഇത്തിസലാത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ 13.1 ബില്യണ്‍ ദിര്‍ഹമായിരുന്നു ഇത്തിസലാതിലെ വരുമാനം.
കഴിഞ്ഞ വര്‍ഷം എല്ലാ ബിസിനസ് മേഖലകളിലും കമ്പനി കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ പ്രതിഫലനമാണ് ആദ്യപാദ അറ്റാദായമെന്ന് ഇത്തിസലാതിന്റെ ഗ്രൂപ്പ് സിഇഒ ആയ ഹതേം ദൗവിദാര്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധി സാഹചര്യത്തില്‍ റെക്കോഡ് സാമ്പത്തിക പ്രകടനമാണ് ആദ്യപാദത്തില്‍ കമ്പനി കാഴ്ച വെച്ചതെന്നും പുതിയ തൊഴില്‍, പഠന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി ആസ്ഥാനമായി 1976ല്‍ സ്ഥാപിതമായ ഇത്തിസലാത് യുഎഇയിലെ ഏറ്റവും പഴയ ടെലികോം കമ്പനിയാണ്. പശ്ചിമേഷ്യ, ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിലായി പതിനാറോളം രാജ്യങ്ങളില്‍ ഇത്തിസലാതിന് സാന്നിധ്യമുണ്ട്. വരിക്കാരുടെ എണ്ണത്തില്‍ നാല് ശതമാനം വര്‍ധനയാണ് ഒരു വര്‍ഷത്തിനിടെ ഇത്തിസലാതിലുണ്ടായത്. ആകെ 156 ദശലക്ഷം വരിക്കാരാണ് ഇത്തിസലാതിനുള്ളത്. യുഎഇയില്‍ മാത്രം 12.4 ദശലക്ഷം വരിക്കാരാണ് കമ്പനിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ഉണ്ടായിരുന്ന വരിക്കാരേക്കാള്‍ 300,000 കുറവാണിത്.
ഡിജിറ്റല്‍ പരിണാമമാണ് ഭാവിയെന്നും ഈ മാറ്റം സാധ്യമാക്കുന്നതില്‍ ടെലികോം കമ്പനികള്‍ക്ക് വലിയ പങ്കാണ് ഉള്ളതെന്നും ദൗവിദാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 9 ബില്യണ്‍ ദിര്‍ഹമാണ് ഇത്തിസലാത് അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തതത്. മുന്‍വര്‍ഷത്തേക്കാള്‍ 3.8 ശതമാനം അധികമാണിത്. 2020ല്‍ ആകെ 12.2 ദശലക്ഷം വരിക്കാരാണ് ഇത്തിസലാതിനുണ്ടായിരുന്നത്. ജനുവരിയില്‍ ഇത്തിസലാതും യുഎഇയിലെ മറ്റൊരു ടെലികോം കമ്പനിയായ ഡുവും വിദേശ ഉടമസ്ഥാവകാശ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.