യുഎഇ ധനമന്ത്രി ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അന്തരിച്ചു
1 min readസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി
ദുബായ്: യുഎഇ ധനമന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു .75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.
ഷേഖ് മുഹമ്മദാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ധനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് പത്ത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
1971 ഡിസംബറില്‍ യുഎഇയില്‍ ആദ്യ സര്‍ക്കാര്‍ നിലവില്‍ വന്നത് മുതല്‍ ധനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് ഷേഖ് ഹംദാനാണ്. ദുബായ് മുനിസിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലൂമിനിയം, ദുബായ് നാഷണല്‍ ഗാസ് കമ്പനി ലിമിറ്റഡ്, വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങി നിരവധി ഉന്നത സര്‍ക്കാര്‍ സ്ഥാപനങ്ങളുടേ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
മാസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്ന സഹോദരന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി മാര്‍ച്ച് 9ന് ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചിരുന്നു. അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷേഖ് ഹംദാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.