റൈഡിംഗ് മോഡുകളുമായി സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റില്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി
ഹൊസൂര്‍: 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.28 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സെഗ്‌മെന്റില്‍ ഇതാദ്യമായി വിവിധ റൈഡിംഗ് മോഡുകള്‍ സഹിതമാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍ എന്നിവ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് ലഭിച്ചു. നിലവിലെ ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 5,000 ഓളം രൂപ കുറവാണ്.
2020 നവംബറില്‍ പരിഷ്‌കരിച്ച അപ്പാച്ചെ ആര്‍ടിആര്‍ 200 4വി അവതരിപ്പിച്ചപ്പോഴാണ് അപ്പാച്ചെ 200 സീരീസില്‍ ആദ്യമായി വിവിധ റൈഡിംഗ് മോഡുകള്‍ നല്‍കിയത്. നിലവിലെ മോഡല്‍ പോലെ, അര്‍ബന്‍, റെയ്ന്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളാണ് സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റില്‍ നല്‍കിയിരിക്കുന്നത്. ഇതോടെ റൈഡ്, പെര്‍ഫോമന്‍സ് എന്നിവയില്‍ ശ്രദ്ധേയമായ മാറ്റം അനുഭവപ്പെടും. അതേ 270 എംഎം പെറ്റല്‍ ഡിസ്‌ക് (മുന്നില്‍), 240 എംഎം പെറ്റല്‍ ഡിസ്‌ക് (പിന്നില്‍) നല്‍കിയിരിക്കുന്നു.
എന്‍ജിനില്‍ മാറ്റങ്ങളില്ല. അതേ 198 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 20.54 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. റൈഡിംഗ് മോഡുകള്‍ക്ക് അനുസരിച്ച് പവര്‍ ഔട്ട്പുട്ട് വ്യത്യാസപ്പെട്ടിരിക്കും.
ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ്, ഈയിടെ അവതരിപ്പിച്ച മാറ്റ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് ലഭിക്കും