ഇരുപത് മണ്ഡലങ്ങളില്‍ ത്രികോണ മത്സരമെന്ന് ബിജെപി
1 min readതിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യം നേട്ടം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. ഇരുപതോ അതിലധികമോ സീറ്റുകളില്‍ ത്രികോണ പോരാട്ടമായിരിക്കും നടക്കുകയെന്ന് ബിജെപി വിശ്വസിക്കുന്നു.മുന്‍പുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് നേതാക്കള്‍ പ്രസ്താവന നല്‍കിയിരുന്നു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
“2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സീറ്റ് നേടി ബിജെപി എക്കൗണ്ട് തുറന്നിരുന്നു.ഇത്തവണ അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു ഗെയിം ചേഞ്ചറായിരിക്കാം. ബിജെപി ശക്തിപ്രാപിക്കുന്നത് ഇടത്,വലത് മുന്നണികളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 20 സീറ്റുകളില്‍ കടുത്ത ത്രികോണ മത്സരമാണ് നടക്കുക’ മുരളീധരന്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ ഭരണകാലത്ത് ഉണ്ടായ അഴിമതികളും നരേന്ദ്ര മോദിയുടെ സദ്ഭരണവുമാണ് ബിജെപിയുടെ കുതിപ്പിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അദ്ദേഹത്തിന് സിനിമാതാരങ്ങളുടെ സഹായത്തോടെ റോഡ് ഷോ നടത്തേണ്ടിവന്നു. ഇതിനെയാണ് സിപിഐ-എമ്മിന്‍റെ പുതിയ മുഖം എന്ന് വിളിക്കുന്നത്. അവര്‍ പ്രത്യയശാസ്ത്രത്തില്‍ നിലകൊണ്ട ദിവസങ്ങള്‍ കഴിഞ്ഞു, മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളം അടുത്തകാലത്ത് കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഇന്ന് കളമൊരുങ്ങിയിരിക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചഫലങ്ങളെ മറികടക്കുന്നവിധത്തില്‍ എന്തു സംഭവിക്കും എന്ന് മുന്നണികള്‍ ഉറ്റുനോക്കുന്നു. ഇന്ന് വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞ് ഫലമറിയാനായി അടുത്തമാസം രണ്ടുവരെ കാത്തിരിക്കേണ്ടതുണ്ട്. ബംഗാളില്‍ ഘട്ടം ഘട്ടമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത് എന്നതിനാലാണ് വോട്ടെണ്ണല്‍ നീണ്ടുപോയത്.