അന്താരാഷ്ട്ര ഊർജ്ജ കോൺഫറൻസിൽ പങ്കെടുക്കാൻ ട്രാൻസ്മിയോ
കൊച്ചി: വാതക പൈപ്പലൈനുകളിലെ ചോർച്ചയും മോഷണവും തടയുന്നതിന് വേണ്ടി നിർമിത ബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കേരളത്തിലെ സ്റ്റാർട്ട്അപ്പായ ട്രാൻസ്മിയോക്ക് (Tranzmeo) അമേരിക്കയിലെ ടെക്‌സാസിൽ വെച്ച് നടക്കുന്ന പെട്രോളിയം എഞ്ചിനീയേഴ്‌സിന്റെ വാർഷിക ടെക്‌നിക്കൽ കോൺഫറൻസ് ആൻഡ് എക്‌സിബിഷനിലേക്ക് (ATCE 2023) പ്രത്യേക ക്ഷണം. ഈ മാസം 16 മുതൽ 18 വരെയാണ് കോൺഫറൻസ്. ലോകത്ത് തന്നെ ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ കണ്ടെത്തുന്ന ആദ്യ കമ്പനി കൂടിയാണ് ഇത്. ലോകത്താകമാനമുള്ള ആയിരത്തോളം സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്കാണ് ഈ കോൺഫറൻസിൽ അവരുടെ നൂതന സാങ്കേതിക വിദ്യ വിദഗ്ധരുടെ മുന്നിൽ അവതരിപ്പിക്കാൻ എല്ലാ വർഷവും അവസരം ലഭിക്കുന്നത്. ഇത്തരത്തിൽ ഈ കോൺഫറൻസിലേക്ക് പ്രവേശനം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്റ്റാർട്ടപ്പ് കൂടിയാണ് ഇത്.
വാതക പൈപ്പ്‌ലൈൻ പ്രവർത്തനങ്ങളുടെ ചോർച്ചയും നുഴഞ്ഞുകയറ്റവും പോലുള്ള നിർണായക പ്രശ്‌നങ്ങൾ കൃത്രിമ ബുദ്ധി (AI), മെഷീൻ ലേണിംഗ്, ഫോട്ടോണിക്‌സ്, ഫൈബർ സെൻസിംഗ് എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മുൻകൂട്ടി കണ്ടെത്തുന്നതിന് ട്രാൻസ്‌മിയോ സഹായിക്കും. വാതക പൈപ്പ്‌ലൈനുകളിലെ മോഷണവും ഇത്തരത്തിൽ കണ്ടെത്തി തടയാനാകും. ഇത് വഴി കുറഞ്ഞ വാതക നഷ്ടവും കുറച്ചു മാത്രം അറ്റകുറ്റപ്പണി വേണ്ടി വരുന്നുള്ളത് കൊണ്ട് ചിലവ് ലാഭിക്കാനും കഴിയുന്നു. ട്രാൻസ്മിയോ നിലവിൽ ഇന്ത്യയിലുടനീളം 5000 കിലോമീറ്റർ പൈപ്പ്ലൈനുകൾ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിനകത്ത് ഫൈബർ സെൻസിംഗ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം നൽകുന്ന ഏക കമ്പനി കൂടിയാണ് ഇത്.
ട്രാൻസ്മിയോയ്ക്ക് ലഭിച്ച ഈ അംഗീകാരം കേരളത്തിന്റെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ട്രാൻസ്മിയോ സ്ഥാപകനും സി ഇ ഒയുമായ സഫിൽ സണ്ണി പറഞ്ഞു. വിദൂര വാതക പൈപ്പ്‌ലൈൻ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനും പാരിസ്ഥിതിക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും എണ്ണ-വാതക വ്യവസായത്തിനുള്ളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ട്രാൻസ്‌മിയോ വികസിപ്പിച്ചിട്ടുളളത്. ഇത്തരത്തിൽ ലോകത്ത് തന്നെ രണ്ടു കമ്പനികളെ നിലവിൽ പ്രവർത്തിക്കു ന്നുള്ളൂ. ലോകത്താകമാനമുള്ള മികച്ച ഊർജ്ജ സംരംഭകരും വ്യവസായികളും പങ്കെടുക്കുന്ന ഈ കോൺഫറൻസിലേക്കുള്ള ക്ഷണം ലഭിച്ചത് വലിയ കാര്യമാണ്. ഇത് അമേരിക്കൻ വിപണിയിലേക്കുള്ള ഞങ്ങളുടെ പ്രവേശനത്തിന് വഴിയൊരുക്കുക മാത്രമല്ല, അന്താരാഷ്ട്ര വിപുലീകരണത്തിന് സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
2017-ൽ കൊച്ചിയിൽ സ്ഥാപിതമായ ട്രാൻസ്മിയോ, ഫൈബർ സെൻസിംഗ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സൊല്യൂഷനുകളിലേക്ക് കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി എന്ന ബഹുമതി സ്വന്തമാക്കി. എച്ച്പിസിഎൽ, പെട്രോനെറ്റ് എംഎച്ച്ബി തുടങ്ങിയ ഫോർച്യൂൺ 500 കമ്പനികൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ കമ്പനികളുമായി ചേർന്ന് ട്രാൻസ്മിയോ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഊർജ്ജ മേഖലയ്ക്കപ്പുറം അതിർത്തി ചുറ്റളവ് സുരക്ഷ, പവർ കേബിൾ നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള വിപണികളിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി