കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ അറിയേണ്ട ചില ആരോഗ്യ രഹസ്യങ്ങള്‍
ചില മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാല്‍ പകര്‍ച്ചവ്യാധിക്കാലത്ത് ആരോഗ്യത്തോടെയും സുരക്ഷയോടെയും ഇരിക്കാന്‍ എല്ലാ ഗര്‍ഭിണികള്‍ക്കും സാധിക്കും
സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ് മാതൃത്വം. ഒരു സ്ത്രീയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന അതിന്റേതായ എല്ലാ വെല്ലുവിളികളുമായി വന്നെത്തുന്ന ഒന്നാണ് മാതൃത്വം. ഈ പകര്‍ച്ചവ്യാധിക്കാലത്ത് അമ്മയാകാന്‍ പോകുന്ന എല്ലാ സ്ത്രീകളും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും സുരക്ഷയുമോര്‍ത്ത് അത്യധികം ആശങ്കപ്പെടുന്നുണ്ടാകും. ഇത് ഗര്‍ഭിണികളില്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. എന്നാല്‍ ചില മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാല്‍ ആരോഗ്യത്തോടെയും സുരക്ഷയോടെയും ഇരിക്കാന്‍ എല്ലാ ഗര്‍ഭിണികള്‍ക്കും സാധിക്കും. ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഒരു ഗര്‍ഭകാലം സ്വന്തമാക്കാന്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് സഹായകമായേക്കാവുന്ന ചില പൊടിക്കൈകളാണ് താഴെ.
ശരിയായ ഭക്ഷണങ്ങളും പാനീയങ്ങളും മാത്രം
പകര്‍ച്ചവ്യാധിക്കാലത്ത് മാത്രമല്ല, എപ്പോഴും ഗര്‍ഭിണികള്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുന്നത് മതിയായ അളവില്‍ അവശ്യ ജീവകങ്ങളും ഫൈബറും ശരീരത്തിലെത്താന്‍ സഹായിക്കും. മുത്താറി, ഓട്‌സ്, മറ്റ് ധാന്യങ്ങള്‍, തവിട് കളയാത്ത അരി എന്നിവ ഫൈബര്‍, വൈറ്റമിന്‍ ബി, മറ്റ് അവശ്യ പോഷണങ്ങള്‍ എന്നിവയുടെ കലവറയാണ്. കൊഴുപ്പ് കുറഞ്ഞ പാലും പാലുല്‍പ്പന്നങ്ങളും സോയ, ബദാം തുടങ്ങിയവയും കാല്‍സ്യവും വൈറ്റമിന്‍ ഡിയും പ്രദാനം ചെയ്യും. പ്രോട്ടീന്‍ ധാരാളമായുള്ള ബീന്‍സ്, മുട്ട, പരിപ്പ്, മാംസം, ഉപ്പ് ചേര്‍ക്കാത്ത നട്ട്‌സുകളും വിത്തുകളും എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഉപ്പ്, ബട്ടര്‍ പോലുള്ള ഖരാവസ്ഥയിലുള്ള കൊഴുപ്പ്, മധുരം ധാരാളമായി അടങ്ങിയ പാനീയങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണം. ഗര്‍ഭകാലത്ത് ശരീരത്തിന് മതിയായ അളവില്‍ ഫോളിക് ആസിഡ് ലഭ്യമാക്കേണ്ടത് ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ തടയുന്നതിന് പ്രധാനമാണ്.
പ്രതിരോധശേഷി വര്‍ധിപ്പിക്കുക
നിലവിലെ അവസ്ഥയില്‍ ഗര്‍ഭകാലത്ത് സ്്ത്രീകള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ജാഗത പുലര്‍ത്തണം. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയില്‍ എന്നും ഒരു കണ്ണ് വേണം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അയേണ്‍, കാല്‍സ്യം ഗുളികകളും പ്രോട്ടീനും കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ സി, ഡി, ഇ എന്നിവയുടെ സപ്ലിമെന്റുകളും പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഗര്‍ഭിണികളെ സഹായിക്കും. കരിക്ക്, നാരങ്ങ വെള്ളം, വൈറ്റമിന്‍ സി ധാരാളമായുള്ള പഴങ്ങള്‍, ആരോഗ്യപൂര്‍ണമായ പാനീയങ്ങള്‍ എന്നിവയും ഗര്‍ഭകാലത്ത് ശീലമാക്കാം.
ഭാരം കൂടുന്നതില്‍ പേടി വേണ്ട
ഗര്‍ഭകാലത്ത് ശരീരഭാരം അല്‍പ്പം കൂടുന്നത് സ്വാഭാവികമാണ്. ആരോഗ്യകരമായ ശരീരഭാരം പ്രസവം എളുപ്പത്തിലാക്കും. മാത്രമല്ല ഭാവിയില്‍ അമ്മയ്‌ക്കോ കുഞ്ഞിനോ പൊണ്ണത്തടിയോ ഭാരവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാനും ഗര്‍ഭകാലത്തെ ആരോഗ്യകരമായ ശരീരഭാരം സഹായിക്കും. പക്ഷേ പരിധിയിലധികം ഭാരം കൂടുന്നതും കുറയുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭകാലത്ത് പ്രമേഹം, അധിക രക്തസമ്മര്‍ദ്ദം എന്നിവയുണ്ടാകാനും ഇവ കാരണമാകും.
ഫിസിക്കല്‍ ആക്ടിവിറ്റി
ഫിസിക്കലി ആക്ടീവ് ആയിരിക്കുന്നതിലൂടെ ഗര്‍ഭകാല സങ്കീര്‍ണതകള്‍ കുറയ്ക്കാനും നടുവേദന പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് ലളിതമായ വ്യായാമമുറകളും ഗര്‍ഭകാലത്ത് ശീലമാക്കാം.
ശാരീരിക, വൈകാരിക ക്ഷേമം
അമ്മയാകാന്‍ പോകുന്നവര്‍ വ്യക്തിശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. ഇടക്കിടക്ക് കൈ സോപ്പിട്ട് കഴുകണം. വീ്ട്ടിനുള്ളിലും ശുചിത്വവും വൃത്തിയും ഉറപ്പാക്കണം. മികച്ച ഉറക്കശീലങ്ങളും ഇവര്‍ക്കുണ്ടായിരിക്കണം.