ജോലിയിൽ നിന്ന് പുറത്താകലും വൈദഗ്ധ്യക്കുറവും തമ്മിൽ ബന്ധമില്ലെന്ന് സർവ്വേ റിപ്പോർട്ട്
1 min readയുഎഇ കേന്ദ്രമാക്കി ലിങ്ക്ഡിൻ നടത്തിയ സർവ്വേയിലാണ് പിരിച്ചുവിടലിനെ കുറിച്ച് ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ഇടയിലുള്ള നിഷേധാത്മക മനോഭാവത്തിൽ കുറവ് വന്നതായി റിപ്പോർട്ടുള്ളത്
ദുബായ്: കോവിഡ്-19 പകർച്ചവ്യാധി മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർ അനവധിയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജോലിയിൽ നിന്ന് പുറത്താകലും നമ്മുടെ വൈദഗ്ധ്യവും യോഗ്യതയും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് യുഎഇയിൽ നടന്ന ഒരു സർവ്വേ വ്യക്തമാക്കുന്നത്. വൈദഗ്ധ്യക്കുറവിനെക്കുറിച്ച് ഉദ്യോഗാർത്ഥികൾ അധികം ആശങ്കാകുലരാകുന്നില്ലെന്നും ഭാവിയിലും ഉപകാരപ്രദമാകുന്ന തൊഴിൽശേഷി വികസിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
ലിങ്ക്ഡിൻ നടത്തിയ സ്റ്റിഗ്മ സർവ്വേയിലാണ് കോവിഡ്-19 കാലഘട്ടത്തിൽ ഉദ്യോഗാർത്ഥികൾ ജോലിയിൽ നിന്ന് പുറത്താകുന്നതിനെ കുറിച്ചുള്ള നിഷേധാത്മക ചിന്തകൾ വെടിഞ്ഞ് കൂടുതൽ സമചിത്തത കൈവരിച്ചതായി പറയുന്നത്. സർവ്വേയിൽ പ്രതികരിച്ച 93 ശതമാനം ആളുകളും വൈദഗ്ധ്യക്കുറവ് സംബന്ധിച്ച അപകർഷതാബോധം കുറഞ്ഞതായി അഭിപ്രായപ്പെട്ടു. തൊഴിൽരഹിതനായിരിക്കുന്നതിൽ നിരാശയുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത 70 ശതമാനത്തിലധികം പുരുഷന്മാരും സമ്മതിച്ചെങ്കിലും സ്വയം വൈദഗ്ധ്യക്കുറവ് ആരോപിച്ച് തൊഴിൽ നഷ്ടപ്പെടുത്തിയ ആളുകളോട് കൂടുതൽ സഹാനുഭൂതി തോന്നുന്നതായി 75 ശതമാനം ആളുകളും പറഞ്ഞു.
സർവ്വേയിൽ പങ്കെടുത്ത 45നും 44നും ഇടയിൽ പ്രായമുള്ള അമ്പത് ശതമാനം ആളുകളും ലോക്ക്ഡൌണിന് ശേഷം ജോലിസ്ഥലങ്ങളിൽ തിരിച്ചെത്തിയതോടെ തങ്ങളുടെ തൊഴിൽ സുരക്ഷ കുറഞ്ഞതായി അഭിപ്രായപ്പെട്ടു. അതേസമയം പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടുന്നതുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ പഠിക്കുന്നതും ശേഷികൾ വികസിപ്പിക്കുന്നതും പകർച്ചവ്യാധിക്ക് ശേഷമുള്ള തൊഴിൽ വിപണിയിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നത് 65 ശതമാനം ആളുകളാണ്.
കോവിഡ്-19യുടെ സാഹചര്യത്തിൽ വൈദഗ്ധ്യക്കുറവിനെ മറ്റൊരു കോണിലൂടെയാണ് ലോകം നോക്കിക്കാണുന്നതെന്ന് എക്സ്പേർട്ട് ഹബ്ബ് റോബോട്ടിക്സ് സിഇഒ ജയ ബാട്ടിയ പറഞ്ഞു. പകർച്ചവ്യാധിക്കാലത്ത് ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഒരാളെക്കുറിച്ച് സമൂഹത്തിന് നിഷേധാത്മക മനോഭാവമില്ല. ജോലിയിൽ നിന്ന് പുറത്താകുന്നതുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നിഷേധാത്മക ചിന്തയിൽ വലിയ വ്യത്യാസം വന്നിരിക്കുന്നു. ആഗോള സാമ്പത്തിക തകർച്ച ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ മേഖലകളെയും പിടിച്ചുലച്ച സാഹചര്യത്തിൽ
തൊഴിൽ ദാതാക്കളുടെ ഭാഗത്ത് നിന്നായാലും പിരിച്ചിവിടലെന്നത് ഒരു സാധാരണ സംഗതിയായി മാറിയിരിക്കുന്നുവെന്നും ജയ ബാട്ടിയ പറഞ്ഞു.
കാരണം എന്ത് തന്നെ ആയാലും ഒരു സാഹചര്യത്തിലും പിരിച്ചുവിടലിന് നിഷേധാത്മക പരിവേഷം നൽകുന്നത് നല്ലതല്ലെന്ന് ഹിദായത്ത് ഗ്രൂപ്പിലെ എച്ച്ആർ ഓഫീസർ നദീം അഹമ്മദും പറയുന്നു. സാമ്പത്തിക മാന്ദ്യമാണ് പിരിച്ചുവിടലിവ് പിന്നിലെ പ്രധാന കാരണം. ഈ വർഷം കോവിഡ്-19 ആണ് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയത്. തൊഴിൽ ദാതാക്കളെ സംബന്ധിച്ചും പിരിച്ചുവിടലെന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. കാര്യങ്ങൾ കൈവിട്ട് പോകുമ്പോൾ മാത്രമാണ് തൊഴിൽ ദാതാക്കൾ അത്തരത്തിലുള്ള കഠിന തീരുമാനങ്ങൾ എടുക്കുന്നതെന്നും നാദിയ കൂട്ടിച്ചേർത്തു.
പകർച്ചവ്യാധിക്കാലത്ത് പിരിച്ചുവിടൽ ഒഴിവാക്കുന്നതിനായി സൌകര്യപ്രദമായി ജോലി ചെയ്യാനുള്ള ക്രമീകരണങ്ങൾ, നിയമനങ്ങൾ നിർത്തിവെക്കൽ, ശമ്പളം മരവിപ്പിക്കൽ തുടങ്ങിയ നടപടികൾ തൊഴിൽദാതാക്കൾ സ്വീകരിച്ചതായി സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്താകമാനം ടെക്നോളജി മേഖലയിൽ 150 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് ലിങ്ക്ഡിൻ ഡാറ്റ സൂചിപ്പിക്കുന്നത്. മാനേജ്മെന്റ് സ്ട്രാറ്റെജികൾ പുനർ നിർവചിക്കുകയെന്ന വലിയ പാഠമാണ് പകർച്ചവ്യാധി മനുഷ്യകുലത്തെയും കോർപ്പറേറ്റ് ലോകത്തെയും പഠിപ്പിച്ചത്. ആവർത്തന സ്വഭാവമുള്ള ജോലികൾക്ക് ചാറ്റ്ബോട്ടുകൾ, എച്ച് ആർ ബോട്ടുകൾ പോലുള്ള പുതിയ സാങ്കേതിക വിദ്യകളെ ആശ്രയിക്കാമെന്നും ലോകം മനസിലാക്കിയത് ഈ അടുത്തകാലത്താണ്. ഭാവിയിലും കോവിഡ്-19 പോലുള്ള അസാധാരണ സാഹചര്യങ്ങൾ ഉണ്ടായാൽ ആരെയും പിരിച്ചുവിടേണ്ട സ്ഥിതിയുണ്ടാകരുതെന്ന ബോധ്യത്തിലുള്ള നിയമനങ്ങളാണ് കമ്പനികൾ ഇപ്പോൾ നടത്തുന്നതെന്ന് ജയ ബാട്ടിയ അഭിപ്രായപ്പെട്ടു.