പുതിയ തൊഴില്‍ നിയമങ്ങള്‍ വീട്ടിലേക്ക് എടുക്കാവുന്ന ശമ്പളത്തെ ബാധിക്കും
ജീവനക്കാര്‍ക്കായുള്ള കമ്പനിയുടെ മൊത്തം ചെലവിടലിന്‍റെ 50 ശതമാനം അടിസ്ഥാന വേതനം ആയിരിക്കണമെന്ന് പുതിയ വേതന കോഡ് അനുശാസിക്കുന്നു
ന്യൂഡെല്‍ഹി: പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് വീട്ടിലേക്ക് എടുക്കാവുന്ന ശമ്പളത്തെ ബാധിക്കുമെന്ന് വിലയിരുത്തല്‍. പുതിയ നിയമങ്ങള്‍ക്ക് അനുസരിച്ച് തൊഴിലുടമകള്‍ വേതന ബില്ലുകള്‍ പരിഷ്കരിക്കേണ്ടി വരുമെന്നും കണക്കാക്കുന്നു. ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്‍റിനു ശേഷമുള്ള ആനുകൂല്യങ്ങള്‍ ഉയരും, അതേസമയം കൈയിലേക്ക് ലഭിക്കുന്ന ശമ്പളം കുറയുന്നു. പ്രൊവിഡന്‍റ് ഫണ്ട് (പിഎഫ്), ഗ്രാറ്റുവിറ്റി സംഭാവന എന്നിവയിലേക്ക് തൊഴിലുടമകള്‍ കൂടുതല്‍ സംഭാവന നല്‍കേണ്ടതായി വരും.
വേജ് കോഡ്, 2019 പ്രകാരം, വേതനത്തില്‍ മൂന്ന് ഘടകങ്ങള്‍ ഉള്‍പ്പെടും – അടിസ്ഥാന വേതനം, പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഡിഎ, നിലനിര്‍ത്തല്‍ പേയ്മെന്‍റ്. ഇതില്‍ ബോണസ്, പെന്‍ഷന്‍, പിഎഫ് സംഭാവനകള്‍, കണ്‍വെയന്‍സ് അലവന്‍സ്, ആനുകൂല്യങ്ങള്‍, ഓവര്‍ടൈം, ഗ്രാറ്റുവിറ്റി, കമ്മീഷന്‍, റിട്രെന്‍മെന്‍റ് നഷ്ടപരിഹാരം തുടങ്ങി ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ പ്രതിഫലവും ഉള്‍ക്കൊള്ളുന്നു. ജീവനക്കാര്‍ക്കായുള്ള കമ്പനിയുടെ മൊത്തം ചെലവിടലിന്‍റെ 50 ശതമാനം അടിസ്ഥാന വേതനം ആയിരിക്കണമെന്ന് പുതിയ വേതന കോഡ് അനുശാസിക്കുന്നു.
അവധിക്കാല യാത്ര, വീട് വാടക, ഓവര്‍ടൈം, കൈമാറ്റം എന്നിവ പോലുള്ള ജീവനക്കാര്‍ക്കുള്ള അലവന്‍സുകള്‍ ബാക്കി 50 ശതമാനം സിടിസിയായി പരിമിതപ്പെടുത്തേണ്ടതുണ്ട്. ഈ ആനുകൂല്യങ്ങള്‍ മൊത്തത്തില്‍ സിടിസിയുടെ 50 ശതമാനം കവിയുന്നുവെങ്കില്‍, അധിക തുക പ്രതിഫലമായി കണക്കാക്കുകയും വേതനത്തിന് ഒപ്പം ചേര്‍ക്കുകയും ചെയ്യും.
പുതിയ വേതന കോഡ് അനുസരിച്ച് ഗ്രാറ്റുവിറ്റിയും ചില മാറ്റങ്ങള്‍ക്ക് വിധേയമാക്കും. പുതിയ നിര്‍വചനെ അനുസരിച്ച്, അടിസ്ഥാന ശമ്പളത്തിനൊപ്പം വിവിധ അലവന്‍സുകളും കൂടി ഉള്‍പ്പെടെ ഒരു വലിയ അടിത്തറയുടെ അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കേണ്ടതുണ്ട്. ഇത് കമ്പനികളുടെ ഗ്രാറ്റുവിറ്റി ചെലവ് വര്‍ദ്ധിപ്പിക്കും.
വേതനത്തിന്‍റെ പുതിയ നിര്‍വചനം പാക്കേജുകളിലെ സാമൂഹിക സുരക്ഷാ ഘടകത്തെ വര്‍ദ്ധിപ്പിക്കുമെങ്കിലും, ജീവനക്കാര്‍ക്ക് വീട്ടിലേക്ക് എടുക്കാവുന്ന ശമ്പളം കുറയാനിടയാക്കും. വേതനം, വ്യാവസായിക ബന്ധം, സാമൂഹ്യ സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച നാല് വിശാലമായ ലേബര്‍ കോഡുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം വിജ്ഞാപനം ചെയ്തിട്ടുണ്ട്. 44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ചാണ് നാല് ലേബര്‍ കോഡുകള്‍ തയാറാക്കിയിട്ടുള്ളത്. തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ ഈ കോഡുകള്‍ നടപ്പാക്കുന്നതിനുള്ള നടപടികളിലാണ്.
‘നാല് ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതിനു വേണ്ടി അവയ്ക്ക് കീഴിലുള്ള നിയമങ്ങള്‍ ഞങ്ങള്‍ അന്തിമമായി ഒരുക്കിയിട്ടുണ്ട്. ഉത്തരവിറക്കുന്നതിന് ഞങ്ങള്‍ തയ്യാറാണ്. നാല് കോഡുകള്‍ക്ക് കീഴിലെ നിയമങ്ങള്‍ ഉറപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു,’ ലേബര്‍ സെക്രട്ടറി അപുര്‍വ ചന്ദ്ര അടുത്തിടെ പറഞ്ഞു.