സംസ്ഥാനങ്ങളുടെ ധനക്കമ്മി 8.7 ലക്ഷം കോടി രൂപയിലെത്തും
1 min read-
അധിക വായ്പയെടുക്കാന്‍ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധിക ഇളവ് നല്‍കിയിരുന്നു
-
ഭാവിയിലെ നികുതി സാധ്യതകളെ കുറിച്ചും അത്ര ശുഭസൂചനയല്ല റിപ്പോര്‍ട്ട് നല്‍കുന്നത്
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ക്ഡൗണും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ മാന്ദ്യവും സംസ്ഥാനങ്ങളുടെ നികുതി പിരിവിനെ സാരമായി ബാധിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ മൊത്തം വരുമാന കമ്മി മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ദ്ധിക്കുമെന്നും ക്രിസില്‍ വിലയിരുത്തുന്നു.
സംസ്ഥാനങ്ങളുടെ മൊത്തം ധനക്കമ്മി (ജിഎഫ്ഡി) എക്കാലത്തെയും ഉയര്‍ന്ന തലയമായ 8.7 ലക്ഷം കോടി രൂപ അഥവാ ജിഎസ്ഡിപിയുടെ 4.7 ശതമാനത്തിലേക്ക് വളരും. ഭാവിയിലെ നികുതി സാധ്യതകളെ കുറിച്ചും അത്ര ശുഭസൂചനയല്ല റിപ്പോര്‍ട്ട് നല്‍കുന്നത്.
സാമ്പത്തിക വീക്ഷണം മെച്ചപ്പെടുത്തുന്നതിലൂടെ നികുതി പിരിവ് സാവധാനത്തില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഈ വര്‍ഷത്തെ ചെലവിടലില്‍ വന്ന ഉയര്‍ന്ന കടബാധ്യത സൃഷ്ടിച്ച ഉയര്‍ന്ന പലിശ ഭാരം, വരുമാന ചെലവുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാന കമ്മി വര്‍ധിപ്പിച്ചേക്കാം, അടുത്ത 2-3 വര്‍ഷങ്ങളിലെ വായ്പാ തിരിച്ചടവിനെയും ബാധിച്ചേക്കാം. ഇത് സംസ്ഥാനങ്ങളുടെ ക്രെഡിറ്റ് റിസ്‌ക് വര്‍ദ്ധിപ്പിക്കും.
എല്ലാ ചെലവ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി വായ്പയെടുക്കാന്‍ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധിക ഇളവ് നല്‍കിയിരുന്നു. മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനത്തിന് പുറമേ അധികമായി രണ്ട് ശതമാനത്തിന് കൂടി വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് ഇതിനകം തന്നെ സംസ്ഥാനങ്ങളുടെ കടബാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നു. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 90 ശതമാനവും വഹിക്കുന്ന 18 സംസ്ഥാനങ്ങളെയാണ് ക്രിസില്‍ റേറ്റിംഗ് പഠനത്തിനായി പരിഗണിച്ചത്.
”സംസ്ഥാനങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ വായ്പയെടുക്കാന്‍ സാധ്യതയുണ്ട്. ഇത് അവരുടെ കടബാധ്യത വര്‍ദ്ധിപ്പിക്കും, പക്ഷേ ഭാവിയിലെ നികുതി സാധ്യതകള്‍ക്ക് ഇതില്‍ നിന്ന് വലിയ സംഭാവന ഉണ്ടാകില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ വരുമാന ശേഖരണം മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2020 ജൂലൈയില്‍ അണ്‍ലോക്കിംഗ് ആരംഭിച്ചതു കൂടി കണക്കിലെടുക്കുമ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 10 ശതമാനമാകുമെന്നാണ് ഞങ്ങളുടെ പ്രവചനം,’ ക്രിസില്‍ റേറ്റിംഗ്‌സ് ലിമിറ്റഡ് സീനിയര്‍ ഡയറക്ടര്‍ മനീഷ് ഗുപ്ത പറയുന്നു.