പതിനൊന്നാം തലമുറ ഹോണ്ട സിവിക് അരങ്ങേറി

പുതിയ സിവിക് ഇന്ത്യയില്‍ വരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല
പതിനൊന്നാം തലമുറ ഹോണ്ട സിവിക് സെഡാന്‍ ഒടുവില്‍ ആഗോള അരങ്ങേറ്റം നടത്തി. ചൈനീസ് വിപണിയിലായിരിക്കും പുതിയ ഹോണ്ട സിവിക് ആദ്യം വില്‍ക്കുന്നത്. ഇതേതുടര്‍ന്ന് ഈ വര്‍ഷം ജപ്പാനിലും യുഎസ് വിപണിയിലും അവതരിപ്പിക്കും. പുതിയ സിവിക് ഇന്ത്യയില്‍ വരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മാതൃകയുമായി (പ്രോട്ടോടൈപ്പ്) വളരെ സാദൃശ്യമുള്ളതാണ് 2022 ഹോണ്ട സിവിക്. ഹോണ്ട സിവിക് സെഡാന്റെ സവിശേഷ സ്‌റ്റൈലിംഗ് എന്ന് വിശേഷിപ്പിക്കാവുന്ന വീതിയേറിയതും താഴ്ന്നതുമായ പ്രകൃതം തുടരുന്നു. ബോഡിയിലെ ഞൊറികള്‍ കുറഞ്ഞതോടെ കുറേക്കൂടി പക്വത കൈവരിച്ചതായി തോന്നുന്നു. രൂപകല്‍പ്പന ലളിതമാണ്. ഹോണ്ട അക്കോര്‍ഡ് സ്വാധീനിച്ചതായി മനസിലാക്കാം.
മുന്നില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ചതും തിരശ്ചീനമായി സ്ഥാപിച്ചതുമായ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ബോഡിയുടെ നിറമുള്ള ഗ്രില്‍ എന്നിവ ലഭിച്ചു. പുതു തലമുറ ഹോണ്ട എച്ച്ആര്‍ വി മോഡലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മുന്നിലെ ഡിസൈന്‍. കറുപ്പില്‍ തീര്‍ത്ത വലിയ ഫോഗ് ലാംപ് ഹൗസിംഗ് സഹിതം മുന്നില്‍ പുതിയ ബംപര്‍ നല്‍കി. ബോഡിയുടെ മുഴുവന്‍ നീളത്തിലുമായി നല്‍കിയ ഷോള്‍ഡര്‍ ലൈന്‍ റാപ്പ്എറൗണ്ട് ടെയ്ല്‍ലാംപുകളിലേക്ക് ലയിച്ചു. പിറകില്‍, ലളിതമായി നീളത്തില്‍ കുത്തനെ നല്‍കിയ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ കാണാം. ബംപര്‍, ടെയ്ല്‍ഗേറ്റ് എന്നിവ പുതിയതാണ്. ലിഫ്റ്റ്ബാക്ക് സ്റ്റൈലിംഗ് ലഭിച്ചതാണ് നിലവിലെ മോഡലെങ്കില്‍ പുതിയ മോഡലിന് പിറകില്‍ യഥാര്‍ത്ഥ സെഡാന്‍ പ്രൊഫൈല്‍ നല്‍കി.
അളവുകള്‍ പരിശോധിച്ചാല്‍, പുതിയ ഹോണ്ട സിവിക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,673 എംഎം, 1,800 എംഎം, 1,414 എംഎം എന്നിങ്ങനെയാണ്. 2,735 മില്ലിമീറ്ററാണ് വീല്‍ബേസ്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ സിവിക്കിന് 32 എംഎം നീളം കൂടുതലാണ്. വീല്‍ബേസ് 35 എംഎം വര്‍ധിച്ചു. വീതി ഒരു മില്ലിമീറ്റര്‍ വര്‍ധിച്ചപ്പോള്‍ ഉയരം 19 എംഎം കുറഞ്ഞു. ബൂട്ട് ശേഷി നൂറ് ലിറ്റര്‍ കുറഞ്ഞു. ഇപ്പോള്‍ 419 ലിറ്ററാണ്.
കാറിനകത്ത് മിക്ക ബട്ടണുകളും ഒഴിവാക്കിയിരിക്കുന്നു. എയര്‍ കണ്ടീഷണിംഗ്, ബ്ലിങ്കറുകള്‍, മള്‍ട്ടിമീഡിയ, ഇലക്ട്രോണിക് ഹാന്‍ഡ്‌ബ്രേക്ക് എന്നിവ നിയന്ത്രിക്കുന്നതിന് മാത്രമാണ് ഇപ്പോള്‍ ബട്ടണുകള്‍ നല്‍കിയത്. 7 ഇഞ്ച് മുതല്‍ 9 ഇഞ്ച് വരെ വലുപ്പമുള്ള, ഉയര്‍ന്നുനില്‍ക്കുന്ന സ്‌ക്രീനിലേക്ക് മിക്ക മള്‍ട്ടിമീഡിയ ഫംഗ്ഷനുകളും ഉള്‍പ്പെടുത്തി. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ടൂറിംഗ് വകഭേദത്തിന് നല്‍കുന്നത് 10.2 ഇഞ്ച് പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ആയിരിക്കും. മറ്റ് വേരിയന്റുകള്‍ക്ക് 7 ഇഞ്ച് സ്‌ക്രീന്‍ ലഭിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജര്‍, പന്ത്രണ്ട് സ്പീക്കറുകളോടെ ‘ബോസ്’ സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 160 ബിഎച്ച്പി കരുത്തും 4,200 ആര്‍പിഎമ്മില്‍ 186 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കും. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 182 ബിഎച്ച്പി കരുത്തും 1,700 ആര്‍പിഎമ്മില്‍ 240 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. ഡ്രൈവിംഗ് അസിസ്റ്റന്‍സ്, സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ‘ഹോണ്ട സെന്‍സിംഗ്’ പാക്കേജ് പുതിയ സിവിക് സെഡാനില്‍ സ്റ്റാന്‍ഡേഡായി നല്‍കി.