Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെസ്ല : വരവ് ഡച്ച് റൂട്ടില്‍; ഫാക്റ്ററി ഗുജറാത്തിലായേക്കും

  • ടെസ്ല ഫാക്റ്ററിക്കായി സംസ്ഥാനങ്ങളുടെ മല്‍സരം
  • തുറമുഖങ്ങളുടെ സാന്നിധ്യം കാരണം സാധ്യത കൂടുതല്‍ ഗുജറാത്തിന്
  • ടെസ്ലയുടെ ഇന്ത്യന്‍ നിക്ഷേപം എത്തുന്നത് നെതര്‍ലന്‍ഡ്‌സ് വഴി

ന്യൂഡെല്‍ഹി: ഇന്നവേഷന്‍ ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ വാര്‍ത്ത ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് കമ്പനി റെജിസ്റ്റര്‍ ചെയ്തത് അടുത്തിടെയായിരുന്നു. ടെസ്ല മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി ഇന്ത്യ എന്നാണ് മസ്‌ക്കിന്റെ ഇന്ത്യന്‍ കമ്പനിയുടെ പേര്. ജനുവരി എട്ടിനാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവില്‍ ഗവേഷണ വികസന കേന്ദ്രമുള്‍പ്പടെ ടെസ്ലയുടെ ഓഫീസ് റെജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ടെസ്ലയുടെ ഇന്ത്യന്‍ വരവ് നെതര്‍ലന്‍ഡ്‌സ് വഴിയാണെന്നതാണ് പുതിയ വാര്‍ത്ത. നികുതി ലാഭിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഇന്ത്യന്‍ വിഭാഗമായ ടെസ്ല മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജിയുടെ മാതൃകമ്പനി ടെസ്ല മോട്ടോഴ്‌സ് ആംസ്റ്റര്‍ഡാമായിരിക്കും. മൂലധന നേട്ട നികുതി, ലാഭവീതം നല്‍കല്‍ തുടങ്ങി നിരവധി നികുതി കാര്യങ്ങളുമായി ബന്ധപ്പെട്ട് ടെസ്ലയ്ക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

വന്‍കിട ആഗോള ഓട്ടോഭീമന്മാര്‍ ഇന്ത്യയിലെത്തുന്ന പതിവ് രീതികളല്ല ടെസ്ല പിന്തുടര്‍ന്നത് എന്നത് ശ്രദ്ധേയമാണ്. 2017ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ എം ജി മോട്ടോഴ്‌സ് ചൈന വഴി തന്നെയാണ് നിക്ഷേപം എത്തിച്ചത്. അവരുടെ മാതൃകമ്പനി സായ്ക് മോട്ടോഴ്‌സിന്റെ ആസ്ഥാനവും ചൈന തന്നെ. സമാനമാണ് കിയ മോട്ടോഴ്‌സിന്റെ കാര്യവും. കിയ കോര്‍പ്പ് എന്നതാണ് കിയ മോട്ടോഴ്‌സിന്റെ മാതൃകമ്പനി. ഇവര്‍ മാതൃരാജ്യമായ സൗത്ത് കൊറിയ വഴി തന്നെയാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം എത്തിച്ചത്.

ഫാക്റ്ററി ആര്‍ക്ക് ലഭിക്കും?

ടെസ്ലയുടെ കമ്പനി റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബാംഗ്ലൂരിലാണെങ്കിലും ഫാക്റ്ററി എവിടെയാകും എന്നതാണ് സകലരും ഉറ്റു നോക്കുന്ന കാര്യം. ടെസ്ലയെ പാട്ടിലാക്കാന്‍ നാലു സംസ്ഥാനങ്ങള്‍ മത്സരരംഗത്തുണ്ട്. ഗുജറാത്ത്, കര്‍ണാടക, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവര്‍ ഫാക്റ്ററിക്കായി ചുവന്ന പരവതാനി വിരിക്കാന്‍ റെഡിയാണ്.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

എന്നാല്‍ ഗുജറാത്തിനാണ് സാധ്യത കൂടുതല്‍. ഇന്ത്യയിലെ രണ്ട് വന്‍കിട തുറമുഖങ്ങള്‍ ഗുജറാത്തിലായതിനാല്‍ ആണത്. കണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളുടെ സാന്നിധ്യവും വാഹന ഘടക നിര്‍മാതാക്കളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം ഗുജറാത്തിനെ ആകര്‍ഷണീയമാക്കുന്നു. ദീന്‍ദയാല്‍ പോര്‍ട് ട്രസ്റ്റ് തുറമുഖത്തോടനുബന്ധിച്ച് വമ്പന്‍ സ്മാര്‍ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി വികസിപ്പിക്കുകയാണ് ഗുജറാത്ത്. ഇതും ടെസ്ലയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരും എന്നതിനാല്‍ തുറമുഖങ്ങളുടെ സാന്നിധ്യം വലിയ ഗുണമായി വമ്പന്‍ കമ്പനികള്‍ പരിഗണിക്കാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ടെസ്ല ഇന്ത്യയിലെത്തുമെന്ന് ഇലോണ്‍ മസ്‌ക്ക് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി സ്ഥിരീകരിക്കുകയും ചെയ്തു. 2021 ആദ്യം ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനും ടെസ്ല ഒരുങ്ങിക്കഴിഞ്ഞതായി ഗഡ്ക്കരി പറഞ്ഞിരുന്നു. ഏറെ വര്‍ഷങ്ങളായി ടെസ്ലയുടെ എന്‍ട്രിക്കായി ഓട്ടോപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ നിയന്ത്രണസംവിധാനങ്ങളില്‍ അതൃപ്തി അറിയിച്ചുള്ള മസ്‌ക്കിന്റെ നിലപാടാണ് അവരെ നിരാശയിലാഴ്ത്തിയത്.

  ബജറ്റ് നിര്‍ദേശം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനമാകും

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായി അടുത്തിടെ ഇലോണ്‍ മസ്‌ക്ക് മാറിയിരുന്നു. 195 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌ക്കിന്റെ സമ്പത്ത്.

എന്തുകൊണ്ട് ഗുജറാത്ത്?

മുന്ദ്ര ഉള്‍പ്പടെയുള്ള വമ്പന്‍ തുറമുഖങ്ങളുടെ സാന്നിധ്യവും വന്‍കിട ഓട്ടോ കമ്പനികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫാക്റ്ററിക്കായി ഗുജറാത്തിനെ തെരഞ്ഞെടുക്കാന്‍ ടെസ്ലയെ പ്രേരിപ്പിച്ചേക്കും

 

Maintained By : Studio3