ടിസിഎല്‍ ‘പി725’ ടിവി സീരീസ് വിപണിയില്‍
1 min readആന്‍ഡ്രോയ്ഡ് ടിവി 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ടെലിവിഷനുകളാണ് പുറത്തിറക്കിയത്
ന്യൂഡെല്‍ഹി: ടിസിഎല്‍ ‘പി725’ ടിവി സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് ടിവി 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ടെലിവിഷനുകളാണ് പുറത്തിറക്കിയതെന്ന് കമ്പനി അവകാശപ്പെട്ടു. 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നീ നാല് വലുപ്പങ്ങളില്‍ പുതിയ ടിവി സീരീസ് ലഭിക്കും. സീരീസിലെ എല്ലാ ടെലിവിഷനുകളും 4കെ എച്ച്ഡിആര്‍ എല്‍ഇഡി ടിവികളാണ്. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍, ഡോള്‍ബി ആറ്റ്‌മോസ് ഓഡിയോ സാങ്കേതികവിദ്യകള്‍ സപ്പോര്‍ട്ട് ചെയ്യും.
43 ഇഞ്ച് വേരിയന്റിന് 41,990 രൂപയും 50 ഇഞ്ച് വേരിയന്റിന് 56,990 രൂപയും 55 ഇഞ്ച് വേരിയന്റിന് 62,990 രൂപയും 65 ഇഞ്ച് വേരിയന്റിന് 89,990 രൂപയുമാണ് വില. തുടക്കത്തില്‍ 65 ഇഞ്ച് ടിവി മാത്രമായിരിക്കും വില്‍ക്കുന്നത്. ആമസോണില്‍നിന്ന് വാങ്ങാം.
സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് ടിവി ഇന്റര്‍ഫേസിലും കമ്പനിയുടെ ചാനല്‍ 3.0 കസ്റ്റം ലോഞ്ചറിലും ടിസിഎല്‍ പി725 ടിവികള്‍ പ്രവര്‍ത്തിക്കും. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്നീ ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഏഴായിരത്തോളം ആപ്പുകളും ഗെയിമുകളും ഈ ആന്‍ഡ്രോയ്ഡ് ടിവികളിലൂടെ ഉപയോഗിക്കാന്‍ കഴിയും. സീരീസിലെ എല്ലാ ടെലിവിഷനുകള്‍ക്കും ബില്‍റ്റ്-ഇന്‍ ക്രോംകാസ്റ്റ് ലഭിച്ചു.
കൂടാതെ, ഡോള്‍ബി വിഷന്‍ സ്റ്റാന്‍ഡേഡ് വരെ എച്ച്ഡിആര്‍, ഡോള്‍ബി ആറ്റ്‌മോസ് ഓഡിയോ എന്നീ സാങ്കേതികവിദ്യകള്‍ ടിസിഎല്‍ പി725 സീരീസ് ടിവികള്‍ സപ്പോര്‍ട്ട് ചെയ്യും. എംഇഎംസി (മോഷന്‍ എസ്റ്റിമേഷന്‍ ആന്‍ഡ് മോഷന്‍ കോമ്പന്‍സേഷന്‍) സാങ്കേതികവിദ്യ സവിശേഷതയാണ്. വീഡിയോ കോള്‍ കാമറ, ഹാന്‍ഡ്‌സ് ഫ്രീ ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയും പ്രധാന ഫീച്ചറുകളാണ്.