ടാറ്റ എഐജി ‘ആക്സിഡന്റ് സൂപ്പര്‍ ഗാർഡ് പ്ലസ്’
കൊച്ചി: പ്രമുഖ ജനറല്‍ ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐജി മികച്ച വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ‘ആക്സിഡന്റ് സൂപ്പര്‍ ഗാർഡ് പ്ലസ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത അപകടങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഈ പ്ലാന്‍ രൂപകല്പ്പന ചെയ്‌തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ വരുമാനം, ബാധ്യതകൾ, ജീവിതശൈലീ അപകടസാധ്യതകൾ എന്നിവയ്‌ക്ക് അനുസൃതമായി ഇൻഷുറൻസ് പരിരക്ഷ ക്രമീകരിക്കാൻ അനുവദിക്കുന്ന ഒരു ‘മോഡുലാർ ഡിസൈനിലാണ്’ ആക്‌സിഡന്റ് സൂപ്പർ ഗാർഡ് പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപകടമരണം, സ്ഥിരമായ പൂർണ്ണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം എന്നിവയ്‌ക്ക് പുറമേ കിടത്തിച്ചികിത്സാ ചെലവുകള്‍ക്കും ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിലവുകള്‍ക്കും ഈ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ലോൺ ഷീൽഡ്, ഇഎംഐ പ്രൊട്ടക്ഷൻ, പെറ്റ് കെയർ തുടങ്ങിയ ഓപ്ഷണൽ കവറേജുകളും ഇതിൽ ലഭ്യമാണ്. ഇത് നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ നിറവേറ്റുവാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. കുട്ടികൾക്കായി വിദ്യാഭ്യാസ സഹായം, അക്കാദമി സെഷനുകൾ, വിവാഹ ചെലവിനുള്ള സഹായം എന്നിങ്ങനെ ഭാവി മുൻനിർത്തിയുള്ള ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ, അടിയന്തര ക്ലെയിമുകൾക്ക് അപ്പുറം കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക-നിയമ കൗൺസിലിംഗ്, ഡിസെബിലിറ്റി മാനേജ്‌മെന്‍റ് തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷം വരെ കാലാവധിയുള്ള ഈ പ്ലാന്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ലഭ്യമാണ്. ശമ്പളക്കാരായ പ്രൊഫഷണലുകള്‍ക്ക് പ്രീമിയത്തില്‍ പ്രത്യേക ഇളവുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ലളിതവും എന്നാല്‍ സുരക്ഷിതവുമായ ഒരു ഇൻഷുറൻസ് പരിഹാരമാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഏജൻസി ഹെല്‍ത്ത് വിഭാഗം തലവന്‍ പങ്കജ് ശ്രീവാസ്‌തവ പറഞ്ഞു. അപകടങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളില്‍ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കാനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും ഈ പുതിയ പദ്ധതി ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
