സുസുക്കിയുടെ നെക്സ്റ്റ് ഭാരത് ഫണ്ട്

കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനായി സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍റെ സബ്സിഡിയറിയായ നെക്സ്റ്റ് ഭാരത് വെഞ്ചേഴ്സ് ഐഎഫ്എസ്‌സി പ്രൈവറ്റ് ലിമിറ്റഡ് 340 കോടി രൂപയുടെ ഫണ്ടിനു തുടക്കം കുറിച്ചു. മൂല്യവത്തായ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കാന്‍ വേണ്ടിയുള്ളതാണ് നെസ്റ്റ് ഭാരത് എന്ന ഈ സാമൂഹ്യ ആഘാത നിക്ഷേപ ഫണ്ട്. മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന സംരംഭകരെ പിന്തുണയ്ക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് നെക്സ്റ്റ് ഭാരത് ലക്ഷ്യമിടുന്നത്. നാലു മാസത്തെ സമഗ്രമായ നെക്സ്റ്റ് ഭാരത് റെസിഡന്‍സി പ്രോഗ്രാമാണ് നെക്സ്റ്റ് ഭാരതിന്‍റെ പ്രധാന സവിശേഷത. സംരംഭകര്‍ക്ക് അനിവാര്യമായ കഴിവുകളും അറിവുകളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണിത്. വളരാന്‍ താല്‍പര്യമുള്ള തുടക്കക്കാരായ സംരംഭകര്‍ക്കായുള്ള ഈ റെസിഡന്‍സി പ്രോഗ്രാമിനായി ലളിതമായ അപേക്ഷാ രീതിയാണ് അവതരിപ്പിച്ചിട്ടുള്ളത്. വാട്ട്സാപ് അധിഷ്ഠിത അപേക്ഷകളും സാധ്യമാണ്. 2024 ജൂലൈ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. പരിപാടി 2024 ഒക്ടോബര്‍ 14-ന് ആരംഭിക്കും. മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരായ സംരംഭകര്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ സമീപനമുള്ള സംരംഭകര്‍, ഗ്രാമീണ മേഖലയ്ക്കും അനൗപചാരിക മേഖലയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രതിബദ്ധതയുള്ള സംരംഭകര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാവും റെസിഡന്‍സി പ്രോഗ്രാമിനുള്ള തെരഞ്ഞെടുപ്പ്.
റെസിഡന്‍സി പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എക്കാലവും നെക്സ്റ്റ് ഭാരത് കമ്യൂണിറ്റിയുടെ ഭാഗമായിരിക്കുകയും പരിപാടിക്ക് ശേഷവും അവര്‍ക്ക് തുടര്‍ച്ചയായ പിന്തുണയും വിഭവങ്ങളും ലഭിക്കുകയും ചെയ്യും. വ്യവസായ രംഗത്തെ മുന്‍നിരക്കാരുടെ മെന്‍ററിങ് സേവനങ്ങള്‍, ബിസിനസിനു തുടക്കം കുറിക്കാനും മുന്നോട്ടു കൊണ്ടു പോകാനുമുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കുന്ന സംവിധാനമായി ഇതു വര്‍ത്തിക്കും. റെസിഡന്‍സി പരിപാടിക്കു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു കോടി മുതല്‍ അഞ്ചു കോടി രൂപ വരെയുള്ള ഓഹരി നിക്ഷേപങ്ങളും ലഭിക്കും. ഈ സംരംഭകരെ അവശ്യം വേണ്ട അറിവുകള്‍, നെറ്റ്‌വര്‍ക്കുകള്‍, റിസ്ക്ക് കാപിറ്റല്‍ അടക്കമുള്ള വിഭവങ്ങള്‍ എന്നിവ നല്‍കി പ്രോല്‍സാഹിപ്പിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിലൂടെ അവരെ ചെറുകിട-ഇടത്തരം സംരംഭങ്ങളാക്കി വളർത്തും. രാജ്യത്ത് ഏതാണ്ട് 1.4 ബില്യണ്‍ ജനങ്ങളാണുള്ളതെന്നും അതേ സമയം 0.4 ബില്യണ്‍ പേരിലേക്കു മാത്രമാണ് തങ്ങളുടെ ഗതാഗത ബിസിനസ് എത്തിയിട്ടുള്ളതെന്നും സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്‍റും സിഇഒയുമായ തോഷിഹിറോ സുസുക്കി പറഞ്ഞു. ഇന്ത്യയിലെ അടുത്ത നൂറു കോടി പേരെ ഈ ഗതാഗത സംവിധാനങ്ങള്‍ക്കും അപ്പുറത്തേക്കു കൊണ്ടു പോകുകയും രാജ്യത്തിന്‍റെ ഭാവി വളര്‍ച്ചയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ നിക്ഷേപ ഫണ്ടായ നെക്സ്റ്റ് ഭാരത് വെഞ്ചേഴ്‌സ് അവതരിപ്പിക്കുന്നത്. സംരംഭകരെ ശാക്തീകരിക്കുന്നതിലായിരിക്കും ഇതു ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരായ അവര്‍ക്ക് സുസുക്കി ഗ്രൂപ്പിന്‍റെ സംവിധാനങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലുള്ള സംരംഭകത്വ സംവിധാനം വളര്‍ത്തിയെടുക്കാനാണ് ഈ പ്രയാണത്തിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് നെക്സ്റ്റ് ഭാരത് സിഇഒയും മാനേജിങ് ഡയറക്ടറുമായ വിപുല്‍നാഥ് ജിന്‍ഡാള്‍ പറഞ്ഞു. ലാഭമുണ്ടാക്കുന്ന നൂറു കണക്കിനു ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നെക്സ്റ്റ് ഭാരത് നിക്ഷേപ ചട്ടക്കൂട്. ഓരോ തവണ ഫണ്ടിങ് നടത്തുമ്പോഴും രണ്ടോ മൂന്നോ യൂണികോണുകള്‍ സൃഷ്ടിക്കുക എന്നതല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.