സര്‍ഫിങ് ഫെസ്റ്റിവെലിന് സമാപനം
തിരുവനന്തപുരം: ജലസാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ സര്‍ഫിങ് ഫെസ്റ്റിവെലിന് സമാപനം. 2024-ല്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പിനാണ് വര്‍ക്കലയിലെ ഇടവ ബീച്ചില്‍ സമാപനമായത്.വര്‍ക്കലയുടെ ജലസാഹസിക വിനോദസാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തെ രാജ്യത്തെ പ്രധാന സര്‍ഫിങ് ഡെസ്റ്റിനേഷനാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ജലകായിക വിനോദ പ്രേമികളുടെയും വിദേശ സഞ്ചാരികളുടെയും സാന്നിധ്യം കൊണ്ടും മാര്‍ച്ച് 29 മുതല്‍ 31 വരെ നടന്ന ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി.
ഇന്ത്യയിലെയും വിദേശത്തെയും 65 ല്‍ പരം മത്സരാര്‍ഥികള്‍ ഫെസ്റ്റിവെലിന്‍റെ ഭാഗമായി. അണ്ടര്‍ 16 ആണ്‍കുട്ടികള്‍, ഓപ്പണ്‍ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം. അണ്ടര്‍ 16 വിഭാഗത്തില്‍ കിഷോര്‍ കുമാര്‍ ഒന്നാം സ്ഥാനവും ടെയിന്‍ അരുണ്‍ രണ്ടാം സ്ഥാനവും പ്രഹ്ലാദ് ശ്രീറാം മൂന്നാം സ്ഥാനവും നേടി. വുമണ്‍സ് ഓപ്പണ്‍ മത്സര വിഭാഗത്തില്‍ കമാലി പി, സന്ധ്യ അരുണ്‍, ഇഷിത മാളവ്യ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ രമേശ് മുദ്ഹിഹല്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ഹരീഷ് എം രണ്ടാം സ്ഥാനവും ശ്രീകാന്ത് ഡി മൂന്നാം സ്ഥാനവും നേടി. ഓസ്ട്രേലിയയില്‍ നിന്നുള്ള ഇന്‍റര്‍നാഷണല്‍ സര്‍ഫിങ് അസോസിയേഷന്‍ പ്രതിനിധി റോറി സൈംസ് ആണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. ടൂറിസം സെക്രട്ടറി ബിജു കെ, പ്രശസ്ത സിനിമാ താരവും സര്‍ഫറുമായ സുദേവ് നായര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ വിഷ്ണുരാജ്, ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജിഎല്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) യുമായി സഹകരിച്ച് സര്‍ഫിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിങ് അസോസിയേഷന്‍ എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്.