Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘സ്റ്റാര്‍ട്ടപ്പ് സിറ്റി’യുടെ സംരംഭകത്വ പരിശീലന പരിപാടി

1 min read

തിരുവനന്തപുരം: സമൂഹത്തിലെ പിന്നാക്കവിഭാഗക്കാരിലെ സംരംഭകര്‍ക്ക് മുന്നോട്ട് വരാനുള്ള സാമൂഹിക മൂലധനം നല്‍കേണ്ടത് സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ നേടുന്നതിനൊപ്പം തൊഴില്‍ ദാതാക്കളായി മാറാന്‍ എസ് സി-എസ് ടി വിഭാഗക്കാര്‍ക്ക് സമൂഹത്തിന്‍റെ പിന്തുണ ലഭിക്കണം. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാട് മാറണം. വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹം അവര്‍ക്ക് കൈത്താങ്ങ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക മേഖലാ സംരംഭമായ ‘സ്റ്റാര്‍ട്ടപ്പ് സിറ്റി’യുടെ സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലൂടെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കും. എസ് സി/എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംതൊഴില്‍ ആര്‍ജിക്കുന്നതിനൊപ്പം മറ്റുള്ളവരേയും സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ സംരംഭകര്‍ക്ക് കഴിയണം. പൊതു സമൂഹവുമായി കണ്ണി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കുന്നതിനാണ് കേരള എംപവര്‍മെന്‍റ് സൊസൈറ്റി രൂപീകരിച്ചതെന്നും കെഎസ്യുഎം, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നിവയുമായുള്ള പങ്കാളിത്തം മികച്ച അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

കേരള നോളജ് ഇക്കണോമി മിഷന്‍ 2026 ഓടെ ഏകദേശം 20 ലക്ഷം തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നു. എസ്.സി-എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷം പേരെ ഇതിനായി തിരഞ്ഞെടുക്കും. 86,000-ലധികം എസ്.സി വിദ്യാര്‍ത്ഥികളും 7,000 എസ്.ടി വിദ്യാര്‍ത്ഥികളും ഇതിനകം ഇതിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരുടെ പരിശീലന പരിപാടി ഉടന്‍ ആരംഭിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 425 വിദ്യാര്‍ത്ഥികളെ വിദേശ സര്‍വകലാശാലകളിലേക്ക് അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. അടുത്ത വര്‍ഷം 310 ഓളം വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച എസ്.സി-എസ്.ടി പിന്നാക്കക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും ഉന്നതി സിഇഒയുമായ പ്രശാന്ത് നായര്‍ സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ അവലോകനം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ആമുഖഭാഷണം നടത്തി.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ള സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സമഗ്ര മാറ്റത്തിനുള്ള സാധ്യതയാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ഉന്നതി സിഇഒ പ്രശാന്ത് നായര്‍ പറഞ്ഞു. ഒരു സംരംഭത്തിന്‍റെ പ്രാരംഭം മുതല്‍ അന്തിമഘട്ടം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ പദ്ധതിയിലൂടെ ലഭ്യമാക്കും. സംരംഭം തുടങ്ങുന്നതിന്‍റെ ആദ്യഘട്ടത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ ഇതിലൂടെ മാറ്റാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ ആദ്യ ബാച്ചിലെ സംരംഭകര്‍ക്ക് ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), പ്രതിരോധ-വ്യോമയാനമേഖല, ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ മേഖല തുടങ്ങിയവയിലെ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉന്നതിയുടെ സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനൊപ്പം കേരളത്തിന് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള അവസരവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

സംരംഭങ്ങളേയും സ്റ്റാര്‍ട്ടപ്പുകളേയും സുസ്ഥിര സംരംഭങ്ങളിലേക്ക് നയിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ ലഭിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംരംഭകന്‍റെ ആശയം സംരംഭമായി മാറ്റാനും ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുമുള്ള മാര്‍ഗങ്ങള്‍, സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടു പോകാനുള്ള മൂലധന സഹായം തുടങ്ങിയവയില്‍ സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴികാട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ സംസാരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, എസ്.സി-എസ്.ടി ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ പദ്ധതിയെക്കുറിച്ചുള്ള സെഷനുകള്‍ നയിച്ചു.

ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും എസ്.സി-എസ്.ടി വകുപ്പിനു കീഴിലുള്ള ‘ഉന്നതി’യും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി. എസ്.സി.-എസ്.ടി വിഭാഗത്തിലെ സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ളവര്‍ക്ക് സഹായം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

Maintained By : Studio3