ജൂണില്‍ ശുഭസൂചന; ബിസിനസുകള്‍ തിരിച്ചുവരുന്നു
1 min read- ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ വര്‍ധന
- ഇന്ധന ഉപഭോഗവും കാര്യമായി കൂടുന്നു
- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതായി കണക്കുകള്‍
മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തിക രംഗം ഉണര്‍വ് വീണ്ടെടുക്കുന്നു. ജൂണ്‍ മാസത്തില്‍ മികച്ച സൂചനകളാണ് സാമ്പത്തിക, ബിസിനസ് മേഖലകളില്‍ നിന്നു ലഭിക്കുന്നത്. ജൂണ്‍ 20 വരെയുള്ള കണക്കനുസരിച്ച് ഇ-വേ ബില്ലുകളുടെ എണ്ണം 3.28 കോടിയായി ഉയര്‍ന്നു. മേയ് മാസത്തില്‍ ഇത് 2.45 കോടി മാത്രമായിരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് 35 ശതമാനത്തോളം വര്‍ധനവാണ് ഇ-വേ ബില്ലുകളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ജൂലൈ മാസത്തില്‍ മികച്ച വര്‍ധനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ മാസത്തെ സെയ്ല്‍സിന്‍റെ ഫലമായാണ് ജൂലൈ മാസത്തെ ജിഎസ്ടി കളക്ഷന്‍ രേഖപ്പെടുത്തുക.
ജൂണ്‍ മാസത്തിലെ ആദ്യ 20 ദിവസത്തിനുള്ളില്‍ തന്നെ 10.58 ലക്ഷം കോടി രൂപയുടെ ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്യപ്പെട്ടത്. മേയ് മാസത്തിലെ ആദ്യ 20 ദിവസങ്ങളില്‍ ഇത് 8.79 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ച്ച് മാസത്തില്‍ 6.72 കോടി ഇ-വേ ബില്ലുകളും ഏപ്രില്‍ മാസത്തില്‍ 5.73 കോടി ഇവേ ബില്ലുകളുമാണ് ജനറേറ്റ് ചെയ്യപ്പെട്ടത്. മേയ് മാസത്തെ മുഴുവന്‍ കണക്കെടുത്തപ്പോള്‍ ഇത് 3.95 കോടിയായി കുറഞ്ഞു.
അതുപോലെ തന്നെ പെട്രോള്‍, ഡീസര്‍, വൈദ്യുതി ഉപഭോഗത്തിലും മികച്ച വര്‍ധനയാണുണ്ടാകുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചുവരുന്നതിന്‍റെ സൂചനകളാണിതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഓട്ടോ, കണ്‍സ്യൂമര്‍ ഗുഡ്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണുകള്‍, ഇ-കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ശക്തിപ്പെട്ടു. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തുന്നതുമാണ് ബിസിനസ് മെച്ചപ്പെടാന്‍ കാരണമായത്.
51667 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ വെള്ളിയാഴ്ച്ച കുറവാണ് രേഖപ്പെടുത്തിയത്. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി ഉയര്‍ന്നു. അതേസമയം കോവിഡ് രോഗമുക്തരായവരുടെ എണ്ണം 2,91,28,267 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് വരുന്നുണ്ട്. ഇതുവരെ 30,79,48,744 വാക്സിനുകളാണ് നല്‍കിയത്. പ്രതിദിനം പത്ത് ദശലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യവുമായാണ് രാജ്യം മുന്നോട്ട് പോകുന്നത്. അതിന് സാധിച്ചാല്‍ കേവിഡ് കേസുകള്‍ നിയന്ത്രണവിധേയമാകുകയും സാമ്പത്തിക രംഗങ്ങളില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.