ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്റ്റാലിന്‍

ചെന്നൈ: ഡിഎംകെ പ്രസിഡന്‍റും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ.സ്ര്റ്റാലിന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തമിഴ്നാട്ടിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടില്‍ പോലും മാസ്ക് ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡ് കേസുകള്‍ തമിഴ്നാട്ടില്‍ വര്‍ദ്ധിച്ചുവരികയാണ്.
സംസ്ഥാനത്തെ എല്ലാവര്‍ക്കും വാക്സിനേഷന്‍ സൗജന്യമായി നല്‍കണമെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ആവശ്യമായ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സാമൂഹിക അകലം പാലിക്കണം. അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ആളുകള്‍ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്നും മാസ്ക് ധരിക്കണമെന്നും പതിവായി കൈ വൃത്തിയാക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടു.പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പരമ്പരാഗത ഭക്ഷണം കഴിക്കണം. ഈ പ്രത്യേക സാഹചര്യത്തില്‍ സംസ്കരിച്ച ഭക്ഷണം ഒഴിവാക്കാനും തമിഴ്നാട്ടിലെ ജനങ്ങളോട് ഡിഎംകെ നേതാവ് ആഹ്വാനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ആവശ്യമായ കിടക്കകള്‍, വെന്‍റിലേറ്ററുകള്‍, മരുന്നുകള്‍, വാക്സിനുകള്‍ എന്നിവ നല്‍കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കൂടുതല്‍ താല്‍ക്കാലിക ആശുപത്രികളും എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കണം. കെയര്‍ ടേക്കര്‍ എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സ്റ്റാലിന്‍, ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ റെംഡെസിവിര്‍ മരുന്നുകള്‍, ഓക്സിജന്‍, വാക്സിനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കയറ്റുമതി ചെയ്തുവെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ വലിയ തെറ്റാണെന്നും ഡിഎംകെ മേധാവി വിലയിരുത്തി.
ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്, പിന്നെ എന്തുകൊണ്ടാണ് വാക്സിനുകള്‍ക്ക് വ്യത്യസ്ത വില നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ ഇടപെടുകയും ധാരാളം വാക്സിനുകള്‍ സംസ്ഥാനത്തിന് നല്‍കുകയും അതുപോലെ തന്നെ ഫണ്ടുകള്‍ അനുവദിക്കുകയും വേണം.
പ്രതിസന്ധി ഘട്ടത്തില്‍ ആവശ്യമായ ഫണ്ട് വിട്ടുകൊടുത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.