September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അനുയായികളോട് കൈകോര്‍ക്കാന്‍ ശശികല

അടുക്കാനാഗ്രഹിക്കുന്നവരും അകലാനൊരുങ്ങുന്നവരും

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ വി കെ ശശികല സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അവര്‍ ജയില്‍ മോചിതയായി തിരിച്ചെത്തുമ്പോള്‍ അത് എഐഎഡിഎംകെയ്ക്കുതന്നെ തലവേദനയാകുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷമായ ഡിഎംകെ അനായാസ വിജയം മുന്നില്‍കാണുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇന്നുള്ള സാഹചര്യം ഡിഎംകെയ്ക്ക് അനുകൂലമാണ്. ശശികല അവരുടെ വിജയം ഉറപ്പിക്കും എന്നാണ് പല പ്രാദേശിക നേതാക്കളും മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഈ കഥയില്‍ ചെറിയ ട്വിസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ശശികലയുടെ പുതിയ ആഹ്വാനം നല്‍കുന്നത്.

ജയലളിതയുടെ യഥാര്‍ത്ഥ അനുയായികളോട് കൈകോര്‍ക്കാനും വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടാനുമാണ് ശശികല ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വത്ത് കേസില്‍ നാല് വര്‍ഷം തടവ് അനുഭവിച്ചതിന് ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങിയ അവര്‍ ദിവസങ്ങള്‍ക്ക് ശേഷം നല്‍കിയ അഭ്യര്‍ത്ഥനയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

ഇത് ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ എഐഎഡിഎംകെയുമായുള്ള ഒരു ഉടമ്പടിയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ജയലളിതയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ശശികല അന്തരിച്ച നേതാവിന്‍റെ ‘വരുന്ന നൂറ്റാണ്ടുകളിലും എഐഎഡിഎംകെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും’ എന്ന പ്രസിദ്ധമായ ഉദ്ധരണി ആവര്‍ത്തിക്കുകയുണ്ടായി.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

ജയലളിതയുടെ ‘യഥാര്‍ത്ഥ അനുയായികള്‍’ ഒത്തുചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയവിജയമാണ് നേടിയതെന്ന് ഓര്‍ക്കണമെന്ന് ആരുടെയും പേരെടുത്തുപറയാതെ ശശികല ഓര്‍മിപ്പിച്ചു. വാര്‍ഷികാഘോഷത്തിന് ഒത്തുകൂടിയ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഐക്യത്തിനായുള്ള തന്‍റെ ശ്രമങ്ങള്‍ പ്രവര്‍ത്തകര്‍ പ്രതിഫലിപ്പിക്കുമെന്ന സൂചനയാണ് ഇതിലൂടെ അവര്‍ നല്‍കുന്നത്. എഐഎഡിഎംകെയില്‍നിന്ന് പുറത്തായവര്‍ ചേര്‍ന്നു ശശികലയുടെ അനന്തരവനായ ടിടിവി ദിനകരന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് എഎംഎംകെ. ഈ രണ്ടുപാര്‍ട്ടികള്‍ തമ്മിലുള്ള ലയനമോ സഹകരണമോ ഇതിലൂടെ ശശികല ലക്ഷ്യമിടുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കാരണം ജയലളിതയെ ഒഴിവാക്കിയുള്ള ഒരു പ്രവര്‍ത്തനം അവര്‍ക്ക് അസാധ്യമാണ്. അത് തമിഴ് ജനത സ്വീകരിക്കില്ലെന്നും അവര്‍ക്കറിയാം.

തെരഞ്ഞെടുപ്പ് വിജയത്തിനായി ഐക്യത്തോടെ ‘തേനീച്ചയെപ്പോലെ പ്രവര്‍ത്തിക്കൂ’ എന്നായിരുന്നു എഐഎഡിഎംകെയില്‍നിന്നും പുറത്താക്കപ്പെട്ട നേതാവിന്‍റെ ആഹ്വാനം. ഇതിനെക്കുറിച്ച് ദിനകരന്‍ പറഞ്ഞത് അവര്‍ ഐക്യത്തിന് അടിവരയിടുകയാണെന്ന് പറഞ്ഞു.ശശികല പരാമര്‍ശിക്കുന്നത് എഐഎഡിഎംകെയെക്കുറിച്ചാണോ അതോ എഎംഎംകെയെക്കുറിച്ചാണോ എന്ന ചോദ്യത്തിന് ഇക്കാര്യം അവരോടുതന്നെ ചോദിക്കണം എന്നായിരുന്നു മറുപടി.

2017 ല്‍ മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശികലയെയും ദിനകരനെയും ഉള്‍പ്പെടെയുള്ള നേതാക്കളെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനുശേഷം പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ ശശികല നടത്തിയിട്ടുള്ള ആഹ്വാനവും പരാമര്‍ശവുമെല്ലാം തന്‍റെ പാര്‍ട്ടിക്ക് ബാധകമല്ലെന്നും അത് എഎംഎംകെയെ ഉദ്ദേശിച്ചുള്ളതാണെന്നും ഒരു സംസ്ഥാന മന്ത്രി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് അര്‍ത്ഥമാക്കുന്നത് ഭരണപക്ഷം അവരുടെ തിരിച്ചുവരവിന് അനുകൂലമല്ല എന്നാണ്. അവര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ നിയന്ത്രണം എല്ലാം അവരുടെ കൈകളില്‍ എത്തുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നുണ്ടാകാം.
വോട്ടെടുപ്പില്‍ വിഭജനം ഉണ്ടാകാതിരിക്കാന്‍ എഎംഎംകെ നേതൃത്വം ഭരണകക്ഷിയുമായി ഏതെങ്കിലും തരത്തിലുള്ള ഇടക്കാല ക്രമീകരണം നടത്തുന്നതായി തോന്നുന്നു എന്നാണ് ശശികലയുടെ ഐക്യസൂചനയെക്കുറിച്ച് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഒരു താല്‍ക്കാലിക ഉടമ്പടിയാകാം. വോട്ടെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി എഎംഎംകെയ്ക്ക് അതിന്‍റെ തന്ത്രത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും അവസരം ലഭിക്കും. അതേസമയം ഡിഎംകെ അധികാരത്തില്‍ വരുന്നത് തടയുകയെന്നതാണ് തന്‍റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ദിനകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. ഇത് എഐഎഡിഎംകെയുമായി ഒത്തുപോകുന്നതിന് തയ്യാറാണ് എന്ന ധ്വനിയാണ് നല്‍കുന്നത്. എന്നാല്‍ അതേസമയത്തുതന്നെ ‘ഞങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കേണ്ടതില്ല’എന്ന അഭിപ്രായവും പ്രകടിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന കടത്തിനും മോശമായ സാമ്പത്തിക സ്ഥിതിക്കും അദ്ദേഹം സര്‍ക്കാരിനെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ് പ്രാഥമിക ശക്തിയെന്ന് എഎംഎംകെ നേതാവ് ഉറപ്പിച്ചു പറഞ്ഞു. ‘സഖ്യകക്ഷികളുമായി’ സീറ്റുകള്‍ പങ്കിട്ട ശേഷം തന്‍റെ പാര്‍ട്ടി ബാക്കി മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ നിലപാടുകളോടെ എഎംഎംകെ മത്സരത്തിനിറങ്ങിയാല്‍ അത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ബാധിക്കും. രണ്ട് മുന്നണികളിലും വോട്ടുചോര്‍ച്ച ഉണ്ടാകാം. അതിനാല്‍ ദിനകരനെ ഏതെങ്കിലും പക്ഷത്ത് നിര്‍ത്തുക എന്നതാകും എല്ലാവരും ആഗ്രഹിക്കുക. ഡിഎംകെയെ അധികാരത്തിലെത്താനവസരം കൊടുക്കരുതെന്ന ദികരന്‍റെ പ്രസ്താവന എഐഎഡിഎംകെയെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ളതാണ്. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് ധാരണകളോ ലയനമോ തമിഴ് രാഷ്ട്രീയത്തില്‍ നടന്നുകൂടായ്കയില്ല.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

തന്‍റെ ലക്ഷ്യം എഐഎഡിഎംകെയെ ശശികലയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക എന്നതാണെന്ന് അടുത്തകാലം വരെ ദിനകരന്‍ കരുതിയിരുന്നു. ശശികല ഘടകത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന എഐഎഡിഎംകെ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം വൈകുന്നേരം അതത് വീടുകളില്‍ വിളക്ക് കൊളുത്താനും പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്താനും സംരക്ഷിക്കാനും പ്രതിജ്ഞയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തമിഴ് രാഷ്ട്രീയത്തിലെ ശശികലയുടെ സ്വാധീനം ഭയന്നിട്ടുതന്നെയാണ് എന്നാണ് കരുതുന്നത്. ഇന്ന് തമിഴകത്തു കാണാന്‍ സാധിക്കുന്നത് അടുക്കാന്‍ ശ്രമിക്കുന്തോറും അകലുന്ന അപാരതയാണ്, ഒരുപാര്‍ട്ടി അടുക്കാനാഗ്രഹിക്കുന്നു. എന്നാല്‍ അത് തങ്ങളെ വിഴുങ്ങുമെന്ന ഭയത്താല്‍ അടുത്തപാര്‍ട്ടി അകന്നു നില്‍ക്കുന്നു.

Maintained By : Studio3