കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ ആറിന്; വോട്ടെണ്ണല്‍ മേയ് രണ്ടിന്
- കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
- മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
- മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം
………………………………..
ന്യൂഡെല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവു വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് തന്നെ നടക്കും. സംസ്ഥാനത്ത് ഇന്നലെ മുതല്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
വലിയ രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കുന്ന പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തിയതികളിലാണ് ബംഗാളിലെ വോട്ടെടുപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലും അസമിലും ഒറ്റ ഘട്ടമായി ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കും. അഞ്ചിടങ്ങളിലെയും വോട്ടെണ്ണല്‍ മേയ് രണ്ടിന് തന്നെയാണ്.
തെരഞ്ഞെടുപ്പ് നടക്കുന്നത്
കേരളം 140 സീറ്റുകള്‍
പശ്ചിമ ബംഗാള്‍ 294
തമിഴ് നാട് 234 സീറ്റുകള്‍
അസം 126 സീറ്റുകള്‍
പുതുച്ചേരി 30
കേരളത്തില്‍ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്കും തമിഴ്നാട്ടില്‍ 234 സീറ്റുകളിലേക്കും അസമില്‍ 126 സീറ്റുകളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ആകെ 40771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. കോവിഡ് കണക്കിലെടുത്താണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. 2016ല്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നത് 21498 പോളിംഗ് സ്റ്റേഷനുകളായിരുന്നു.
വോട്ടെടുപ്പ് സമയവും ഒരു മണിക്കൂര്‍ കൂട്ടും. 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് മൊത്തത്തിലുള്ളത്. അഞ്ചിടങ്ങളിലുമായി 18.86 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ വരാവൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കോവിഡ് മാഹമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാകും തെരഞ്ഞെടുപ്പ് പ്രക്രിയകളെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. തമിഴ്നാട്ടിലും കേരളത്തിലും കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് ഇലക്ഷന്‍ കമ്മീഷന് വെല്ലുവിളി സൃഷ്ടിക്കും. വോട്ടര്‍മാരുടെ സുരക്ഷയാണ് ഏറ്റവും മുഖ്യമെന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്. ദീപക് മിശ്ര ഐപിഎസാണ് കേരളത്തിലെ പൊലീസ് നിരീക്ഷകന്‍.
വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുച്ചേരിയില്‍ അടുത്തിടെയാണ് നിലം പൊത്തിയത്. അതിന് ശേഷം പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.